Image

ഓര്‍മ്മയില്‍ വാടാമലരായി ഡോ. പോള്‍സണ്‍

ഷീല എന്‍.പി Published on 26 February, 2012
ഓര്‍മ്മയില്‍ വാടാമലരായി ഡോ. പോള്‍സണ്‍
ഞാന്‍ ആദ്യമായി ഡോ. പോള്‍സനെ കാണുന്നത്‌ ഇവിടുത്തെ ഒരു സാഹിത്യ സമ്മേളനത്തില്‍ വെച്ചാണ്‌. അധികം ഉയരമില്ലാത്ത, അധികം നിറമില്ലാത്ത ഒരാള്‍. നിറം ഇരുണ്ടതെങ്കിലും മനസ്സിന്റെ നൈര്‍മല്യം മുഖലക്ഷണമറിയാവുന്ന ഞാന്‍ വായിച്ചെടുത്തു; പ്രത്യേകിച്ച്‌ പ്രകാശം പരത്തുന്ന മന്ദഹാസത്തില്‍ നിന്നും ഞങ്ങള്‍ പരസ്‌പരം പരിചയപ്പെട്ടു.

വീണ്ടും സര്‍ഗ്ഗവേദി, വിചാര വേദി തുടങ്ങിയ വേദികളില്‍ വെച്ച്‌ ആ പരിചയം കുറെക്കുടി ദൃഢമായി. അദ്ദേഹം കൈയൊപ്പുവെച്ച തന്റെ മൂന്നു പുസ്‌തകങ്ങളും എനിക്കു തന്നു. അതില്‍ `അമേരിക്ക- അത്ഭുത ലോകം' എന്താണെന്നു അദ്ദേഹത്തിന്റെ അനുഭവത്തിന്റെ ചൂടും വേവുമുള്ള ജീവല്‍ഭാഷയിലുള്ള വിവരണം അത്‌ ഒരിക്കല്‍ക്കൂടി വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. `സൂസന്‍ കോന്‍' എന്ന നോവല്‍ ഒരു സംഭവത്തിന്റെ ഭാവനാത്മകമായ വികാരമാണ്‌. `അമേരിക്കന്‍ പുകിലു'കളാകട്ടെ പല കാരണങ്ങളാല്‍ പലപ്പോഴും പുറമെ ദൃശ്യമാകാറില്ലെങ്കിലും (അതെന്റെ നിറത്തിന്റെ അനുഗ്രഹം അഥവാ ഭാഗ്യം) സംഘര്‍ഷത്താല്‍ എന്റെ ഞരമ്പുകള്‍ മുറുകുമ്പോള്‍ അതിനൊരു അയവു വരുത്താനുള്ള കൈകണ്ട ഔഷധമായി എനിക്കനുഭവപ്പെടാറുണ്ട്‌. ഇവിടുത്തെ വിചിത്രമായ കാര്യങ്ങളൊക്കെ വാര്‍ത്തയാകുന്നതില്‍ കട്ടിംഗ്‌സ്‌ ശേഖരിച്ച്‌ ഉചിതമായ തലക്കെട്ട്‌ നല്‍കി പുസ്‌തക രൂപത്തില്‍ വായനക്കാരുടെ കൈയ്യിലെത്തിക്കുക സ്വന്തമായി ഒരു പുസ്‌തകമെഴുതുന്നതിലും ശ്രമകരമാണ്‌. നമ്മുടെ ഹൃദയത്തോട്‌ ചേര്‍ന്ന്‌ നിന്നാണ്‌ ഗ്രന്ഥകര്‍ത്താവ്‌ സംവദിക്കുന്നതെന്നുള്ളതാണ്‌ അദ്ദേഹത്തിന്റെ കൃതികളുടെ ഏറ്റവും വലിയ സവിശേഷത. അകൃത്രിമമായ ആ ഭാഷാശൈലിയാണ്‌ ഡോ. പോള്‍സന്റെ കൃതികളെ ഏറെ ആകര്‍ഷകമാക്കുന്നത്‌.

ഒരു കൃതി വായിക്കുമ്പോള്‍ കൃതികാരന്റെ വ്യക്തിത്വത്തിലേക്കു നമ്മുടെ ശ്രദ്ധ തിരിയുക സ്വാഭാവികം. പലപ്പോഴായി പലരില്‍ നിന്നും പലതും ഞാന്‍ ഗ്രഹിച്ചു. ഇവിടുത്തെ ആദ്യകാല കുടിയേറ്റ മലയാളികള്‍ക്കെല്ലാം ഡോ. പോള്‍സന്‍ സുപരിചിതനാണ്‌. ആദരവോടെയാണ്‌ എല്ലാവരും അദ്ദേഹത്തെക്കുറിച്ച്‌ പറയുക.

എന്നോട്‌ ഒന്നുരണ്ടു തവണ അദ്ദേഹത്തിന്റെ ഒരു പുസ്‌തകത്തിന്റെ ഹിന്ദി വിവര്‍ത്തനത്തിന്റെ കാര്യം പറഞ്ഞു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു മാഷ്‌ അക്കാര്യം ഏറ്റു; നല്ലൊരു തുകയും അഡ്വാന്‍സായി വാങ്ങിച്ചു. അത്രതന്നെ; പിന്നെ കക്ഷിയെ നാട്ടില്‍ വല്ലപ്പോഴും ചെല്ലുമ്പോള്‍ നേരില്‍ കണ്ട്‌ വിവരം തെരക്കാനുള്ള ശ്രമവും വിജയിച്ചില്ല്‌. ഞാനും ചെറുതായി ഒന്നു ശ്രമിച്ചു. റിട്ടയര്‍മെന്റിനുശേഷം ക്വാര്‍ട്ടേഴ്‌സ്‌ ഒഴിഞ്ഞുകൊടുത്തു. എനിക്കും തുടരന്വേഷണത്തിനു സാവകാശം കിട്ടാതെയുള്ള പോക്കും വരവുമായി. ഇന്നിപ്പോള്‍ അതൊരു കുറ്റബോധത്തോടെ ഓര്‍ക്കുന്നു.

ഇവിടെയായിരുന്നപ്പോള്‍ ഞാന്‍ വല്ലപ്പോഴുമൊക്കെ ഫോണില്‍ സുഖവിവരങ്ങള്‍ തിരക്കുമായിരുന്നു. ഒരിക്കല്‍ സുഖമില്ലാത്ത ഭാര്യ, ആനി നാട്ടിലാണെന്നും, ഒരു ഓപ്പറേഷനെ തുടര്‍ന്ന്‌ അദ്ദേഹം വിശ്രമത്തിലായതിനാലാണ്‌ മീറ്റിംഗിനൊന്നും കാണാത്തതെന്നും പറഞ്ഞു. പിന്നീട്‌ വിളിച്ചപ്പോള്‍ അദ്ദേഹം നാട്ടിലാണെന്ന്‌ മകനില്‍ നിന്നും അറിഞ്ഞു. ഇപ്പോള്‍ മരണവൃത്താന്തവും. നെഞ്ചുവേദന വന്നപ്പോള്‍ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ ആണ്‌ മരണം സംഭവിച്ചതെന്നാണ്‌ കേട്ടത്‌. ഒരു ഗ്രാമ പ്രദേശത്തുനിന്ന്‌ ഇവിടുത്തെ പോലെ മിന്നല്‍ വേഗത്തില്‍ ആശുപത്രിയിലെത്തുക വയ്യല്ലോ. കിടന്നു കഷ്‌ടപ്പെടാതെ കടന്നുപോയത്‌ `അനായാസേന മരണം' എന്ന ഭാഗ്യം അനേകം കഷ്‌ടനഷ്‌ടങ്ങള്‍ക്കും ദൗര്‍ഭാഗ്യങ്ങള്‍ക്കുമിടയില്‍ അദ്ദേഹത്തിനു കൈവന്നു. ദു:ഖത്തിന്റെ ചൂളയില്‍ സ്‌ഫുടം ചെയ്‌ത ഒരാത്മാവ്‌ നിത്യശാന്തിയില്‍ വിലയം പ്രാപിച്ചു.

ഇത്തരുണത്തില്‍ മരണമെന്ന യാഥാര്‍ത്ഥ്യത്തിലുപരി ഡോ. പോള്‍സനെ പോലെ നന്മ നിറഞ്ഞ വലിയ മനുഷ്യരുടെ ജീവിതത്തില്‍ വന്നനുഭവിക്കുന്ന വിധിവിപയ്യ്യങ്ങളെക്കുറിച്ച്‌ എന്റെയീ ഏകാന്തവേളകളില്‍ ഞാനോര്‍ക്കുകയാണ്‌. ദു:ഖാനുഭവങ്ങളില്ലാത്ത ജീവിതമില്ല. ഒളിഞ്ഞും തെളിഞ്ഞും നിര്‍ഭാഗ്യങ്ങള്‍ നമ്മെ തേടി വരുന്നു. ചിലര്‍ (അവര്‍ സഹനദാസരും/ദാസികളുമാണ്‌; വിവേകികളും) അവയൊക്കെ ഉള്ളിന്റെയുള്ളില്‍ ഓളിച്ചുവെച്ച്‌ മറ്റുള്ളവരുടെ കഷ്‌ടതകളില്‍ പങ്കുചേരും. എപ്പോഴും പ്രസന്നവദനരായിരിക്കുകയും ചെയ്യും. നാം സാധാരണക്കാര്‍ നമ്മുടെ കടുകുപ്രായമായ ദു:ഖത്തെ പര്‍വ്വതാകാരമായി സങ്കല്‍പിച്ച്‌ ലോകത്തേക്കും വലിയ നിര്‍ഭാഗ്യര്‍ തങ്ങളാണെന്നും വിളിച്ചറിയിക്കുന്നു; കോലാഹലം സൃഷ്‌ടിക്കുന്നു.

മനസ്സില്‍ ദു:ഖത്തിന്റെ ജ്വാല ആളിക്കത്തുമ്പോഴും കാണികളെ കുടുകുടെ ചിരിപ്പിച്ച ചാര്‍ളി ചാപ്ലിന്‍ എന്നും എന്റെ ആരധനാപാത്രമാണ്‌. കനല്‍വഴികളിലൂടെ നടന്ന ഏബ്രഹാം ലിങ്കണ്‍; പക്ഷെ ആമുഖം എന്നും ശോകമുദ്രിതമായിരുന്നു. അങ്ങനെ എത്രയെത്ര പേര്‍!

ഡോ. പോള്‍സന്റെ ജീവിതവും വേര്‍പാടുകളുടേയും രോഗങ്ങളുടേയും ആഘാതമേറ്റതാണ്‌. രോഗിണിയായ ഭാര്യയുടെ മരണം, പുത്രന്റെ അകാലവിയോഗം-എല്ലാ വ്യഥകളും ജീവിത സായാഹ്നത്തില്‍ സഹിക്കേണ്ടിവന്നു; അപരിഹാര്യമായ നഷ്‌ടങ്ങള്‍.....

ജീവിത സാഹചര്യത്തിന്റെ തീരത്ത്‌ അസ്‌തമയ കാലത്ത്‌ ഇണയില്ലാതെ, തുണയില്ലാതെ, വിധികാത്ത്‌, മൃതികാത്ത്‌, ഏകാകിയായി നിലകൊണ്ടപ്പോള്‍ ആ വലിയ മനുഷ്യന്റെ ഹൃദയത്തില്‍ ആലയടിച്ച വിചാര വികാരങ്ങള്‍ക്കു രൂപം നല്‍കാന്‍ ആര്‍ക്കു കഴിയും.? നിര്‍ദ്ദയ നിയതിയുടെ കഠിനമായ ചാട്ടവാറടിയേറ്റപ്പോഴും, ദു:ഖത്തെ മുഖാമുഖം നോക്കിത്തോല്‍പിച്ച്‌ തളരാതെ, തകരാതെ അക്ഷോഭ്യനായി നിന്ന ആ സ്‌നേഹസമ്പന്നന്റെ ചേതനയറ്റ ശരീരം മകന്റെ വരവിനായി കാത്തുകിടക്കുന്നുവെന്നാണ്‌ ഒടുവില്‍ കിട്ടിയ വിവരം.

ദൂരത്തിലെ അടുപ്പം കൈമുതലായെടുത്ത്‌- ജനമധ്യത്തിലോ, മാധ്യമങ്ങളിലോ തന്റെ പേര്‌ മുഴക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത ആ വലിയ മനുഷ്യന്റെ സ്‌മരണയ്‌ക്കു മുന്നില്‍ സ്‌നേഹാദരപൂര്‍വ്വം വാടാമലരുകള്‍ അര്‍പ്പിക്കുന്നു.

-ഷില എന്‍.പി
ഓര്‍മ്മയില്‍ വാടാമലരായി ഡോ. പോള്‍സണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക