Image

പെരുവിരലിന്റെ യാത്ര (കവിത: കവലയൂര്‍ സ്വാതി)

Published on 19 April, 2017
പെരുവിരലിന്റെ യാത്ര (കവിത: കവലയൂര്‍ സ്വാതി)
ദക്ഷിണയായി മുറിച്ചുവാങ്ങിയ ഏകലവ്യന്റെ പെരുവിരല്‍ ദ്രോണര്‍ കാട്ടിലെവിടെയോ വലിച്ചെറിഞ്ഞു. ആ പെരുവിരലിന്റെ ഏകലവ്യനെ തിരഞ്ഞുള്ള യാത്രയാണ് കവിതാ പ്രമേയം.

ഞാണിന്നൊലി വിട്ടകന്ന കാട്ടില്‍
രക്തപാനം കഴിഞ്ഞ് മറഞ്ഞൂ ശരം.
ദ്രോണരെറിഞ്ഞ പെരുവിരലാണു ഞാന്‍
ലവ്യനെ കാണുവാന്‍ കാത്തിരപ്പൂ-
ഏകലവ്യനെ കാണുവാന്‍ കാത്തിരിപ്പൂ.....

തേടി നടന്നു വിപിനങ്ങളില്‍
ശുദ്ധ നീരൊഴുക്കും പുണ്യതീര്‍ത്ഥങ്ങളില്‍
കാലമുറങ്ങാന്‍ കിടന്ന യാമങ്ങളില്‍
കാത്തുനില്കാതെ കൊഴിഞ്ഞ വര്‍ഷങ്ങളില്‍
ഉള്ളിലുറകുത്തി വീഴും സ്മൃതികളില്‍
പഞ്ചേന്ദ്രിയങ്ങള്‍ മുടന്തും വഴികളില്‍
കാതര ദുഖം ഉറഞ്ഞുപൊട്ടുന്ന
വേദ മന്ത്രങ്ങളില്‍ ഹോമകുണ്ഡങ്ങളില്‍
കാതങ്ങളെത്ര നടന്നിനി ഇന്നിന്റെ
കാവടിയാടി ഉറയട്ടെ ജീവിതം.

തേടേണ്ടതെങ്ങുഞാന്‍ ഈ വഴിത്താരയില്‍
ചോരുമീ കണ്ണിലെ തീയുണങ്ങുമ്പോഴും
കാണാതെ കാണുകയാണു ഞാനിന്നുമെന്‍
കാണാമറയത്തുഴലുമാ ലവ്യനെ....

ശാസ്ത്രവിശാരഥര്‍ തീര്‍ക്കുമാ സിദ്ധിയില്‍
വീണുഴലുന്നുവോ...തേടുന്ന ലവ്യനും
രാസമോ?... ജൈവമോ? സൂക്ഷ്മാണുവിദ്യയോ...?
എതെന്നറിയാതുഴലുകയാമവന്‍!!!

ആരാണിവര്‍ എന്റെ സര്‍വ്വം കവര്‍ന്നവര്‍
ജീവിത രഥ്യയില്‍ എന്നെ തടഞ്ഞവര്‍
ഈശ്വരസിദ്ധി കവര്‍ന്നവര്‍ ജീവിത
നാളത്തിലീറല്‍ തുണിവിരിക്കുന്നവര്‍
കോശമെടുത്തതില്‍ രാസം നിറയ്ക്കുവോര്‍
ക്ലോണിങ്ങിതാണെന്നു വീമ്പിളക്കുന്നവര്‍.

ധ്യാനത്തിനാഴമളക്കുന്നു ഭിക്ഷുവില്‍
ആര്‍ദ്രമാം കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നവര്‍
കൂടെ കിടക്കും അനുജന്റെ വൃക്കയ്ക്ക്
കാവലിരുന്ന് കവര്‍ന്നെടുക്കുന്നവര്‍
പെറ്റകുഞ്ഞിന്റെ നെറുകയില്‍ കൈതൊട്ട്
രക്തബന്ധത്തിന്‍ പടിയിറങ്ങുന്നവര്‍.

കാമപ്പിരാന്തില്‍ കരുത്തൊന്നു കാട്ടുവാന്‍
കുഞ്ഞുതനുവില്‍ പകിടകളിക്കുവോര്‍
ഓഹരിവെച്ചും ചിണുങ്ങിയും കാമത്തിന്‍
വളകിലുക്കങ്ങളായ് വിലപേശിയെത്തുവോര്‍.
തെരുവിന്റെ ഓരത്ത് കീറക്കിടക്കയില്‍
കാമാഗ്നി പങ്കിടാന്‍ പഴുതുതേടുന്നോര്‍....

ആയുധമൊക്കെ കവര്‍ന്നിടുപരോധ
കോമരം തുള്ളുന്ന സാമ്രാജ്യശക്തികള്‍
സാര്‍വ്വ നേതാവെന്ന വീമ്പുകാട്ടാന്‍ ചെറു
രാഷ്ട്രത്തലവനെ തൂക്കിലേറ്റുന്നവര്‍.

ഈവഴി ചെന്നുചേരുന്നതോ ജീവിതം
ഈ വഴി തോരാതെ പെയ്യും മരണമോ...?

ഞാന്‍ മടങ്ങട്ടെ.....
ഞാന്‍ മടങ്ങട്ടെയെന്നാശതന്‍ ഭാണ്ഡവും
കൂട്ടിനായ് കൂട്ടിയ ജീവിത ദുഖവും
ഈ വഴിയോരത്തെറിഞ്ഞു മടങ്ങാം ഞാന്‍
ഈവഴിയെന്നില്‍ ഉണരാതിരിക്കുവാന്‍
ഈ മുറിവെന്നില്‍ ഉണങ്ങാതിരിക്കുവാന്‍

ഒരു കുഞ്ഞു പെണ്‍പൂവിന്‍ മാനം കവരാത്ത
ഇതളെണ്ണി ജീവിന്റെ വിരിമാറുകീറാത്ത
ഒരു പുതുലോകം പിറക്കുമോ മണ്ണിലായ്
ഉള്ളിലാ സ്വര്‍ഗ്ഗം പണിയുകയാണു ഞാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക