Image

സഖാവെന്നാല്‍ ഇങ്ങനെ ആയിരിക്കണം

Published on 20 April, 2017
സഖാവെന്നാല്‍ ഇങ്ങനെ ആയിരിക്കണം
കമ്യൂണിസ്റ്റ് സിനിമകള്‍ക്ക് മലയാള സിനിമയുടെ മണ്ണില്‍ നല്ല വേരോട്ടമുണ്ട്. അതുകൊണ്ടു തന്നെ സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രവും പ്രേക്ഷകര്‍ ഇതിനകം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഏകദേശം ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എത്തിയ നിവിന്‍ പോളി എന്തുകൊണ്ട് സഖാവില്‍ അഭിനയിച്ചു എന്നത് സിനിമ കാണുമ്പോള്‍ മനസിലാകും.

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ കമ്യൂണിസമാണ് ചിത്രത്തിലെ പ്രമേയം. സഖാവ് കൃഷ്ണന്‍ എന്ന ഇടതുപക്ഷ തൊഴിലാളി യൂണിയന്‍ നേതാവിന്റെയും സഖാവ് കൃഷ്ണകുമാര്‍ എന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി നേതാവിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഇടതു രാഷ്ട്രീയവും അതിന്റെ ആശയങ്ങളും തന്നെയാണ് ചിത്രത്തിലൂടെ മുന്നോട്ടു വയ്ക്കാന്‍ ശ്രമിക്കുന്നത്. രണ്ടു പേരെയും അവതരിപ്പിക്കുന്നത് നിവിന്‍ പോളി തന്നെ.

സഖാവ് കൃഷ്ണകുമാര്‍ എന്ന വിദ്യാര്‍ത്ഥി നേതാവ് ആധുനിക രാഷ്ട്രീയത്തിലെ തരികിടകളൊക്കെ വശമുള്ള ചെറുപ്പക്കാരനാണ്. എന്നാല്‍ സഖാവ് കൃഷ്ണനാകട്ടെ, ജീവന്‍ നിലനിര്‍ത്താന്‍ ആശുപ്രത്രി കിടക്കയില്‍ ജീവിതത്തോടു മല്ലടിക്കുകയാണ്. അ#ാളുടെ ജീവിതകഥ കേള്‍ക്കുന്ന കൃഷ്ണകുമാര്‍ അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് യഥാര്‍ത്ഥ കമ്യൂണിസ്റ്റ#്കാരനാകുന്നതാണ് കഥ. സഖാവ് കൃഷ്ണന്റെ ആദര്‍ശാധിഷ്ഠിതജീവിതംവും രാഷ്ട്രീയവും സമരങ്ങളുല്ലൊം കൃഷ്ണകുമാറിനെ സ്വാധീനിക്കുന്നു.

സഖാവ് കൃഷ്ണന്റെ ജീവിതകഥ പറയുന്ന ഫ്‌ളാഷ്ബാക്കില്‍ ഏറെയും സമരങ്ങളും മുദ്രാവാക്യങ്ങളും തന്നെ. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ അടിത്തറയ്ക്കു കരുത്തു പകരുന്നതാണ് തൊഴിലാളി സമരങ്ങളുടെ ചരിത്രം. അതുകൊണ്ട് പാര്‍ട്ടിയോടും അതിന്റെ സമരചരിത്രങ്ങളോടും ആത്മബന്ധവും ഇഴയടുപ്പവുമുള്ളവര്‍ക്ക് ഈ ചിത്രം ഏറെ ഇഷ്ടപ്പെടുമെന്നതില്‍ സംശയമില്ല.

ഹൈറേഞ്ചില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനും അതിനുള്‌ള ശ്രമത്തിനിടയില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് ആദ്യപകുതിയില്‍. പാര്‍ട്ടിയും സമരവുമൊക്കെ സ്വന്തം നിലനില്‍പ്പിനും ഉയര്‍ച്ചക്കും വേണ്ടിയാണെന്നു വിശ്വസിച്ചിരുന്ന നായകന്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്റെ പാത പിന്തുടരുന്നതാണ് രണ്ടാം പകുതിയില്‍. കൃഷ്ണന്റെ നേതൃത്വത്തില്‍ മലയോരത്ത് പാര്‍ട്ടി വളരുന്നതും ശക്തി പ്രാപിക്കുന്നതും വളരെ സ്വാഭാവികമായി തന്നെ ആവിഷ്ക്കരിച്ചിരിക്കുന്നു. ഇപ്പോഴത്തെ കുട്ടിസഖാളെ ആവശ്യത്തിനു കളിയാക്കുന്നുമുണ്ട് ചിത്രത്തില്‍. നര്‍മവും ആവശ്യത്തിനുണ്ട്.

രണ്ടു കഥാപാത്രങ്ങളിലായി നിവിന്‍ പോളിയുടെ മൂന്നു ഗെറ്റപ്പുകള്‍ ചിത്രത്തി്്‌ന്റെ പ്രധാന ആകര്‍ഷണമാണ്. സഖാവ് കൃഷ്ണനായും സഖാവ് കൃഷ്ണകുമാറായും നിവിന്‍ ഗംഭീര പ്രകടനം തന്നെ നടത്തിയിട്ടുണ്ട്. സംഭാഷണത്തില്‍ പോലും ആ വ്യത്യാസം കൊണ്ടു വരാന്‍ നിവിന്‍ ശ്രമിച്ചിരിക്കുന്നതും കാണാം. ഇന്നത്തെ വിദ്യാര്‍ത്ഥി നേതാക്കളുടെ തരികിടകളൊക്കെ വളരെ വ്യക്തമായും രസകരമായും സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ പറഞ്ഞുപോകുന്നുണ്ട്. നിവിന്റെ കൂട്ടുകാരനായി അല്‍ത്താഫാണ് എത്തുന്നത്.

അപര്‍ണ ഗോപിനാഥ്, ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ്, സൂരജ് എസ്.കുറുപ്പ്, ബൈജു, ശ്രീനിവാസന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയുടെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. ജോര്‍ജ് സി.വില്യംസിന്റേതാണ് ഛായാഗ്രഹണം. നിവിന്റെ താരമൂല്യം ചിത്രത്തില്‍ ആവോളം ഉപയോഗിച്ചിട്ടുണ്ട്. ഉത്‌സവ കാലത്ത് വന്ന നല്ലൊരു ചിത്രമാണ് സഖാവ്.

സഖാവെന്നാല്‍ ഇങ്ങനെ ആയിരിക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക