Image

സ്‌പോര്‍ട്ടി ഏഷ്യ സോക്കര്‍ ചാലഞ്ച്: സ്‌പോര്‍ട്ടി ഏഷ്യ, ഫ്രാങ്കോ എഫ്‌സി, സ്‌പോര്‍ട്ടി കുവൈത്ത് ജേതാക്കള്‍

Published on 20 April, 2017
സ്‌പോര്‍ട്ടി ഏഷ്യ സോക്കര്‍ ചാലഞ്ച്: സ്‌പോര്‍ട്ടി ഏഷ്യ, ഫ്രാങ്കോ എഫ്‌സി, സ്‌പോര്‍ട്ടി കുവൈത്ത് ജേതാക്കള്‍

 കുവൈത്തി സിറ്റി : സ്‌പോര്‍ട്ടി ഏഷ്യ കുവൈത്ത് സംഘടിപ്പിച്ച റേയ്‌സ് ജനറല്‍ ട്രേഡിംഗ് ട്രോഫിക്കുവേണ്ടിയുള്ള രണ്ടാമത് സോക്കര്‍ ചാലഞ്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 16 വിഭാഗത്തില്‍ സ്‌പോര്‍ട്ടി ഏഷ്യയും അണ്ടര്‍ 14, 12 വിഭാഗങ്ങളില്‍ സ്‌പോര്‍ട്ടി കുവൈത്തും അണ്ടര്‍ 10, 8 വിഭാഗത്തില്‍ ഫ്രാങ്കോ എഫ്‌സിയും ജേതാക്കളായി. 

വെള്ളി, ശനി ദിവസങ്ങളിലായി മിശ്രിഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരങ്ങള്‍ ആവേശഭരിതമായി. അണ്ടര്‍ 16 ഫൈനലില്‍ സ്‌പോര്‍ട്ടി ഏഷ്യ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ചാന്പ്യന്‍സ് എഫ്‌സിയെ പരാജയപ്പെടുത്തി. 

അണ്ടര്‍ 14 വിഭാഗത്തില്‍ പ്രമുഖ അറബിക് സോക്കര്‍ അക്കാഡമിയായ സ്‌പോര്‍ട്ടി കുവൈത്ത് എ ടീം സ്‌പോര്‍ട്ടി കുവൈത്ത് ബി ടീമിനെ പരാജയപ്പെടുത്തി. 

അണ്ടര്‍ 12 വിഭാഗത്തില്‍ സ്‌പോര്‍ട്ടി ഏഷ്യയെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്‌പോര്‍ട്ടി കുവൈത്ത് കപ്പുയര്‍ത്തിയത്. അണ്ടര്‍ 10 വിഭാഗത്തില്‍ ഫ്രാങ്കോ എഫ്‌സി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബാര്‍സലോണ എ ടീമിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി വിജയികളായി. 

ആവേശകരമായ അണ്ടര്‍ 8 വിഭാഗം ഫൈനലില്‍ സ്‌പോര്‍ട്ടി ഏഷ്യയും ഫ്രാങ്കോ എഫ്‌സിയും തമ്മില്‍ നടന്ന മത്സരം ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ കലാശിച്ചെങ്കിലും ഫ്രാങ്കൊ എഫ്‌സിയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 

വിജയികള്‍ക്ക് റെയ്‌സ് ജനറല്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കന്പനി ചെയര്‍മാന്‍ യൂസുഫ് അല്‍ ഗുസൈന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരായി ഫാസില്‍ സ്‌പോര്‍ട്ടി ഏഷ്യ (അണ്ടര്‍ 16) ഖാലിദ് സ്‌പോര്‍ടി കുവൈത്ത് (അണ്ടര്‍ 14) ഷയാന്‍ അഫ്‌സല്‍ സ്‌പോര്‍ട്ടി ഏഷ്യ(അണ്ടര്‍ 12) സുലൈമാന്‍ ഫ്രാങ്കോ എഫ്‌സി (അണ്ടര്‍ 10) അബ്ദുള്ള ഫ്രാങ്കോ എഫ്‌സി (അണ്ടര്‍ 8) എന്നിവരേയും ആന്‍സ, സുലൈമാന്‍ ജയ്‌കെവിന്‍, മുആദ് അബ്ദുള്ള എന്നിവര്‍ ടോപ് സ്‌കോറര്‍മാരായി. സ്‌പോര്‍ട്ടി ഏഷ്യ ചീഫ് വി.എസ്. നജീബ്, സ്‌പോര്‍ട്ടി ഏഷ്യ അഡ്മിന്‍മാരായ കെ.വി. നൗഫല്‍, വി.എസ് നവാസ്, യാസര്‍, കോച്ചുമാരായ ബിജു ജോണി, നാസര്‍ നൈജീരിയ, ബിലാല്‍ ഗുനൈമി, ഹാന്‍സന്‍, ജയകുമാര്‍, അബീസ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക