Image

'മൗഗ്ലി ഗേള'ല്ല, ഇവള്‍ തങ്ങളുടെ 'അലിസ': അവകാശവാദവുമായി ദമ്പതികള്‍

Published on 21 April, 2017
 'മൗഗ്ലി ഗേള'ല്ല, ഇവള്‍ തങ്ങളുടെ 'അലിസ': അവകാശവാദവുമായി ദമ്പതികള്‍




ഉത്തര്‍പ്രദേശില്‍ വന്യജീവി സങ്കേതത്തിലെ കാട്ടില്‍ നിന്ന്‌ കണ്ടെത്തിയ കുട്ടിക്ക്‌ മേല്‍ അവകാശവാദവുമായി ദമ്പതികള്‍. പെണ്‍കുട്ടി 'മൗഗ്ലിഗേള്‍' അല്ലെന്നും കഴിഞ്ഞ വര്‍ഷം കാണാതായ തങ്ങളുടെ മകളാണെന്നും അവകാശപ്പെട്ട്‌ ഉത്തര്‍പ്രദേശ്‌ സ്വദേശികളായ ദമ്പതികളാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌.

മൗഗ്ലി ഗേള്‍ എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പെണ്‍കുട്ടിയെ കുരങ്ങുകള്‍ വളര്‍ത്തിയതല്ലെന്നും  ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലെ വനപ്രദേശത്ത്‌ അലഞ്ഞു തിരിയുന്ന പെണ്‍കുട്ടിയെ കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും വന്യജീവിസങ്കേതത്തില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയ സംഘത്തിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ സര്‍വജീത്‌ യാദവ്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 ആശുപത്രിയില്‍ സുഖം പ്രാപിച്ച കുട്ടിയെ  അവര്‍ ചൈല്‍ഡ്‌ കെയര്‍ ഹോമിലേയ്‌ക്ക്‌ മാറ്റിയിരിക്കുകയാണ്‌.

45കാരനായ റംസാന്‍ അലിയും 35 കാരി നസ്‌മയുമാണ്‌ അവകാശവാദവുമായി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരിന്ന ചില്‍ഡ്രന്‍സ്‌ ഹോമില്‍ എത്തിയത്‌. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 28 കാണാതായ കുഞ്ഞിനെക്കുറിച്ച്‌ പരാതി നല്‍കാന്‍ പൊലീസ്‌ സ്‌റ്റേഷനില്‍ ചെന്നെങ്കിലും പൊലീസുകാര്‍ തങ്ങളെ അവഗണിച്ചുവെന്നും അതുകൊണ്ട്‌ കാണാതായ കുഞ്ഞിന്റെ വിവരങ്ങളടങ്ങിയ പോസ്റ്ററുകള്‍ വിവിധ സ്ഥലങ്ങളില്‍ പതിപ്പിക്കകയും അങ്ങനെ തങ്ങളാല്‍ കഴിയുന്ന വിധം കുഞ്ഞിനെ കണ്ടെത്താന്‍ ശ്രമിച്ചുവെന്നും അവര്‍ പറയുന്നു.

 അലിസ എന്നാണ്‌ കുട്ടിയുടെ പേരെന്നും അവള്‍ക്ക്‌ എട്ടുവയസ്സല്ല, 10 വയസ്സുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. കുഞ്ഞിന്റെ ചിത്രങ്ങളും പോസ്റ്ററുകളും കാട്ടിക്കൊടുത്ത ശേഷം ഇത്‌ തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റിനും തയാറാണെന്ന്‌ ദമ്പതികള്‍ അറിയിച്ചു.

അവള്‍ എന്റെ മകളാണ്‌. കഴിഞ്ഞ വര്‍ഷമാണ്‌ കാണാതെയായത്‌. അന്ന്‌ ഏറെത്തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പൊലീസ്‌ സഹായം തേടിയിരുന്നെങ്കിലും മതിയായ പ്രതികരണം എന്നും ഉണ്ടായില്ല. ഇത്രയും നാളായിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ അവള്‍ മരിച്ചുവെന്നോ അല്ലെങ്കില്‍ ആരെങ്കിലുമവളെ തട്ടിക്കൊണ്ടു പോയെന്നോയൊക്കെയാണ്‌ കരുതിയത്‌. 

 പത്രവാര്‍ത്ത കണ്ടപ്പോഴാണ്‌ അവള്‍ ജീവിച്ചിരിക്കുന്ന കാര്യം അറിഞ്ഞത്‌, അവളെ തിരിച്ചു കിട്ടിയത്‌ അനുഗ്രഹമായിട്ടാണ്‌ കരുതുന്നത്‌. തങ്ങളുടെ സന്തോഷം വാക്കുകളില്‍ പറഞ്ഞറിയിക്കാനാവില്ല.



ദമ്പതികളെ കണ്ടിട്ടും കുട്ടി തിരിച്ചറിയാത്തതിനെ തുടര്‍ന്ന്‌ യഥാര്‍ഥ അവകാശികള്‍ ആണോ എന്ന്‌ ചൈല്‍ഡ്‌ ഹോം അധികൃതര്‍ക്ക്‌ സംശയത്തിലാണ്‌. അതേസമയം, കുട്ടിക്ക്‌ മാനസീകാസ്വാസ്ഥമുള്ളതിനാലാണ്‌ സ്വന്തം അച്ഛനെപ്പോലും തിരിച്ചറിയാന്‍ കഴിയാഞ്ഞതെന്നാണ്‌ ഇവരുടെ വിശദീകരണം. 

 മാനസീകാസ്വാസ്ഥ്യമുള്ള അവള്‍ക്കുവേണ്ടി മരുന്നുവാങ്ങാന്‍ പോയപ്പോഴാണ്‌ അവളെ കാണാതാവുന്നത്‌. അവള്‍ എങ്ങനെ വനത്തിലെത്തിയെന്നും അറിയില്ലെന്നും ദമ്പതികള്‍ പറയുന്നു.

ലക്‌നൗവിലെ നിര്‍വാണ്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നുചികിത്സ. അതേ പ്രായത്തിലുള്ള കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നത്‌ പെണ്‍കുട്ടിയില്‍ പുരോഗതിയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നു ഡോക്ടര്‍ പറയുന്നു. അഡ്‌മിറ്റ്‌ ചെയ്‌തു രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും അവള്‍ കുപ്പിയില്‍ നിന്നും പാല്‍ കുടിക്കാന്‍ പഠിച്ചുവെന്നും ബിസ്‌ക്കറ്റും ചോറും കറിയുമൊക്കെ കഴിക്കുന്നുണ്ടെന്നും അസിസ്റ്റന്‍ഡ്‌ നഴ്‌സിങ്‌ സൂപ്രണ്ടന്റ്‌ മധു ബല്ല പറഞ്ഞു. 

20 ദിവസം കഴിഞ്ഞപ്പോഴേക്കും അവള്‍ ആരോഗ്യവതിയായെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ വിശക്കുമ്പോള്‍ ആംഗ്യത്തിലൂടെയും ദാഹിക്കുമ്പോള്‍ ഗ്ലാസ്‌ നിലത്തേക്കെറിഞ്ഞും അവള്‍ തന്റെ ആവശ്യങ്ങള്‍ അറിയിക്കുന്നുണ്ട്‌.

 ബഹ്‌റായ്‌ച്‌ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്‌ച മാനസിക വൈകല്യം നേരിടുന്നവര്‍ക്കുള്ള ലക്‌നൗവിലെ നിര്‍വാണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ആശുപത്രിയിലെ ചികിത്സയ്‌ക്ക്‌ ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക