Image

ഗ്രേറ്റ്‌ ഫാദര്‍ തന്നെ , സംശയമില്ല

ആഷ എസ് പണിക്കര്‍ Published on 21 April, 2017
ഗ്രേറ്റ്‌ ഫാദര്‍ തന്നെ , സംശയമില്ല

കുടുംബശ്രീ അടുത്ത കാലത്തൊന്നും മമമൂട്ടിയെ ഇത്ര സ്റ്റൈലിഷ്‌ ആയി കണ്ടിട്ടില്ല. ചിത്രീകരണ സമയത്തു തന്നെ മമ്മൂട്ടിയുടെ ഗെറ്റപ്പിന്റെ പ്രത്യേകത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

അതു കൊണ്ടു തന്നെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഗ്രേറ്റ്‌ ഫാദര്‍.

ആദ്യന്തം ത്രില്ലടിപ്പിച്ചുകൊണ്ടാണ്‌ ഗ്രേറ്റ്‌ ഫാദര്‍ മുന്നേറുന്നത്‌. കഥയുടെ പുതുമ, അതിന്റെ പ്രസക്തി, കഥ പറയുന്ന രീതി എന്നിവയെല്ലാം തന്നെ വളരെ രസകരമായ രീതിയിലാണ്‌ കൈകാര്യം ചെയ്‌തിട്ടുള്ളത്‌.

 വളരെ സന്തോഷത്തോടെ ആര്‍ക്കും അസൂയ തോന്നുന്ന വിധത്തില്‍ കഴിഞ്ഞിരുന്ന കുടുംബമാണ്‌ ഡേവിഡ്‌ നൈനാന്റേത്‌(മമ്മൂട്ടി). വളരെ ധനികനായ ഒരു ബില്‍ഡറാണ്‌ അയാള്‍. 

എന്നാല്‍ അയാളുടെ കുടുംബത്തിലേക്ക്‌ അപ്രതീക്ഷിതമായി ഒരു ആപത്തു കടന്നു വരുന്നു. അതിന്റെ ആഘാതത്തില്‍ അയാളുടെ കുടുംബജീവിതം ഉലയുന്നുണ്ട്‌. പക്ഷേ അയാള്‍ തളരുന്നില്ല.

 തന്റെ കുടുംബത്തിനു നേരിടേണ്ടി വന്ന ആപത്തിന്റെ കാരണം അന്വേഷിച്ച്‌ അയാള്‍ യാത്ര തുടങ്ങുന്നു. ഇതിനിടയില്‍ ഡേവിഡ്‌ നേരിടുനന പ്രതിസന്ധികളും ലക്ഷ്യത്തിലേക്കു മുന്നേറുന്ന കാഴ്‌ചകളുമാണ്‌ സിനിമയുടെ കഥ.

 സിനിമ കണ്ടിറങ്ങുമ്പോള്‍ നമുക്ക്‌ മനസിലാകും നമ്മുടെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങളുടെ സാക്ഷ്യം കൂടിയാണ്‌ ഈ ചിത്രമെന്ന്‌. വളരെ മനോഹരമായ രീതിയില്‍ ഒരോര്‍മ്മപ്പെടുത്തല്‍..

മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ താരപദവിയും അതിനൊപ്പിച്ച സ്റ്റൈലുമാണ്‌ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഹനീഫ്‌ അദേനി എന്ന സംവിധായകന്‍ ഈ രണ്ടു കാര്യങ്ങളും പരമാവധി മുതലാക്കിയിട്ടുണ്ട്‌.

 മലയാള സിനിമയ്‌ക്ക്‌ തീര്‍ത്തും അപരിചിതമായ വിധത്തില്‍ ഒരു കിടിലന്‍ വില്ലനെ അവതരിപ്പിക്കാനും സംവിധായകന്‌ കഴിഞ്ഞിട്ടുണ്ട്‌. അതും ചിത്രത്തിനു പുതുമ നല്‍കുന്നു. 
ചിത്രത്തിന്റെ ക്‌ളൈമാക്‌സ്‌ വളരെ അപൂര്‍വവും കുറച്ച്‌ പേടിപ്പിക്കുന്നതുമാണ്‌. എങ്കിലും ത്രില്ലടിപ്പിക്കുന്ന ഒരനുഭവം തന്നെയാണ്‌ അതെന്നതില്‍ സംശയമില്ല.

മമ്മൂട്ടിക്കൊപം നില്‍ക്കുന്ന പ്രകടനമാണ്‌ ആര്യയുടേത്‌.ചിത്രത്തില്‍ ആന്‍ഡ്രൂസ്‌ ഈപ്പന്‍ എന്ന വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ്‌ ആര്യയുടേതും. ഇവര്‍ തമ്മിലുള്ള സീനുകള്‍ ഗംഭീരമാണ്‌. പക്ഷേ ആര്യയുടെ ഡബ്ബിംഗിലെ പോരായ്‌മ കഥാപാത്രത്തിന്റെ മിഴിവിന്‌ പോരായ്‌മയാകുന്നുണ്ട്‌ . 

 സ്‌നേഹ, മിയ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോടു നീതി പുലര്‍ത്തിയിട്ടുണ്ട്‌. എങ്കിലും കൂടുതല്‍ കൈയ്യടി നേടുന്നത്‌ സംവിധായകന്‍ ഹനീഫ്‌ അദേനിയാണ്‌. കാരണം വളരെ ശക്തമായ ഒരു തിരക്കഥ തന്നെ ഈ ചിത്രത്തിനു വേണ്ടിയൊരുക്കിയതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു. 

മമമൂട്ടിയുടെ താരപരിവേഷവും അതിന്റെ ഗാംഭീര്യവും യഥാവിധം ഒപ്പിയെടുക്കാന്‍ ക്യാമറാമാന്‍ റോബിന്‍ വര്‍ഗീസ്‌ രാജിനും കഴിഞ്ഞിട്ടുണ്ട്‌. ഗോപീ സുന്ദറിന്റെ സംഗീതവും സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും മികച്ചു നില്‍ക്കുന്നു.

മാളവിക, ആര്‍.ശ്യം, അനിഘ, ഐ.എം.വിജയന്‍, ദീപക്‌, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റു താരങ്ങള്‍. 
ഗ്രേറ്റ്‌ ഫാദര്‍ തന്നെ , സംശയമില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക