Image

കൈരളി അനന്തപുരി അവാര്‍ഡ് മുരുകന്

Published on 21 April, 2017
കൈരളി അനന്തപുരി അവാര്‍ഡ് മുരുകന്
   മസ്‌കറ്റ്: ഈ വര്‍ഷത്തെ കൈരളി അനന്തപുരി അവാര്‍ഡിന് തെരുവോരം മുരുകന്‍ എന്ന മുരകനെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും മൊമെന്േ!റായും അടങ്ങുന്നതാണ് അവാര്‍ഡ്. ഏപ്രില്‍ 28, 29 തീയതികളില്‍ അമറാത്ത് പാര്‍ക്കില്‍ നടക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലില്‍ അവാര്‍ഡ് സമ്മാനിക്കും.

കോട്ടയത്തിനടുത്ത് പൊന്‍കുന്നം സ്വദേശിയായ മുരുകന്‍ അനാഥരും ആലംബ ഹീനരുമായ ശാരീരിക, മാനസിക വൈകല്യങ്ങളുള്ള പാവങ്ങളുടെയിടയില്‍ തെരുവോരം മുരുകന്‍ എന്നാണറിയപ്പെടുന്നത്. പകല്‍ സമയങ്ങളില്‍ ആതുര ശുശ്രൂഷയില്‍ ഏര്‍പ്പെടുന്ന മുരുകന്‍ രാത്രി കാലങ്ങളില്‍ ഓട്ടോ റിക്ഷാ ഓടിക്കുന്നു. തെരുവോരം, തെരുവ് വെളിച്ചം തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ ഇതിനോടകം പതിനായിരത്തിലധികം ആളുകളെ തെരുവില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്.

അനാഥര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എറണാകുളത്തെ പള്ളുരുത്തിയിലുള്ള ഡോണ്‍ ബോസ്‌കോ സ്‌നേഹഭവന്‍ ഓര്‍ഫണേജിലെ ബ്രദര്‍ മാവുരൂസ് സിഎംഐ യാണ് മുരുകന്റെ ബാല്യത്തില്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ താങ്ങായത്. മേസ്തിരിപ്പണി ഉള്‍പ്പെടെ പരിശീലിച്ച ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ മദര്‍ തെരേസയുടെ സ്‌നേഹ ഭവന്‍ സന്ദര്‍ശനം വഴിത്തിരിവായി. 2007 ല്‍ തെരുവോരം എന്ന പേരില്‍ എന്‍ജിഒ തുടങ്ങി. രാഷ്ട്രപതിയില്‍ നിന്നും പ്രധാനമന്ത്രിയില്‍ നിന്നുമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം അനന്തപുരി റസ്റ്ററന്റില്‍ നടന്ന പത്രസമ്മേളനത്തില്‍ അനന്തപുരി ഷുറൂഖ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ബിബി ജേക്കബാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക