Image

ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ ഏപ്രില്‍ 28, 29 തീയതികളില്‍

Published on 21 April, 2017
ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ ഏപ്രില്‍ 28, 29 തീയതികളില്‍

      മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പതിനാലാമത് ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ ഏപ്രില്‍ 28, 29 തീയതികളില്‍ അമറാത്ത് പാര്‍ക്കില്‍ നടക്കും. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ കമലാണ് മുഖ്യാതിഥി. ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിക്കും. ചടങ്ങില്‍ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയെ ആദരിക്കുന്നതിനൊപ്പം ഇക്കൊല്ലത്തെ കൈരളി അനന്തപുരി അവാര്‍ഡ് സമര്‍പ്പണവും നടക്കുമെന്ന് കണ്‍വീനര്‍ രതീശന്‍ കെളന്‌പേത്ത് പറഞ്ഞു.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് കേരളോത്സവം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നും മുപ്പതോളം കലാകാരന്‍മാര്‍ എത്തുന്നുണ്ട്. കേരളത്തിന്റെ തനതായ വാദ്യ നൃത്ത രൂപങ്ങള്‍ക്ക് പുറമെ കച്ചി, ഒഡീസി, തമിഴ്, നൃത്ത രൂപങ്ങളും പ്രമുഖ ബാന്‍ഡ് ഗ്രൂപ്പായ തിരുവന്തപുരം പ്രഗതിയുടെ മ്യൂസിക് ഫ്യൂഷന്‍, ഉത്തര മലബാറിലെ പ്രമുഖ നടന്‍ പാട്ട് കലാസംഘം താവം ഗ്രാമീണ വേദിയുടെ പരന്പരാഗത കലാരൂപങ്ങളുടെ അകന്പടിയോടെയുള്ള നാടന്‍ പാട്ടവതരണവും ഒമാന്റെ തനതു നൃത്തങ്ങളും അവതരിപ്പിക്കപ്പെടും. എരിഞ്ഞോളി മൂസയുടെയും സസംഘത്തിന്റെയും മാപ്പിളപ്പാട്ട്, ഇന്ത്യന്‍ സ്‌കൂള്‍ ഡാര്‍സയിറ്റ് വിദ്യാര്‍ഥിനികളുടെ രാജസ്ഥാനി നൃത്തം തുടങ്ങിയവ പരിപാടികളുടെ ഭാഗമായിരിക്കും.

മസ്‌കറ്റ് സയന്‍സ് ഫെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര പ്രദര്‍ശനവും ഇതോടൊപ്പം ഒരുക്കുന്നുണ്ട്. രാജ്യത്തെ അന്പതോളം സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമുള്ള ടീമുകള്‍ പങ്കെടുക്കും.

സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വലിയ ഇടപെടലുകള്‍ നടത്തുന്ന കേരള വിഭാഗം പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നു. അന്പതിനായിരത്തില്‍ പരം കാണികളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ഒരു ഒമാനി റിയാലാണ് ടിക്കറ്റ് നിരക്ക്. പ്രവേശന പാസ് നറുക്കിട്ട് ഒന്നാം സമ്മാനമായി റിനോള്‍ട് കാറും മറ്റനവധി സമ്മാനങ്ങളും നല്‍കുന്നുണ്ട്. ആദ്യ പാസ് മാര്‍സ്, ബദര്‍ അല്‍സമാ ഗ്രൂപ്പ് ഡയറക്ടര്‍ വി.ടി.വിനോദ് മുഖ്യ പ്രായോജകരായ ഷാഹി സ്‌പൈസസ് പ്രതിനിധി അഡ്വ.ഗിരീഷ് കുമാറിന് നല്‍കി.

വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എം.ജാബിര്‍, മാര്‍സ്,ബദര്‍ അല്‍സമാ ഗ്രൂപ്പ് ഡയറക്ടര്‍ വി.ടി.വിനോദ്, അനന്തപുരി ഷുറൂഖ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ബിബി ജേക്കബ്, അഡ്വ.ഗിരീഷ് കുമാര്‍, കേരള വിഭാഗം കോകണ്‍വീനര്‍ പ്രസാദ് ദാമോദരന്‍ എന്നിവരും സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക