Image

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വരള്‍ച്ച?

ജയന്‍ വര്‍ഗീസ് Published on 22 April, 2017
ദൈവത്തിന്റെ  സ്വന്തം  നാട്ടില്‍  വരള്‍ച്ച?
മതരാഷ്ട്രീയ  മതിലുകള്‍ക്കുള്ളില്‍  തടവിലാക്കികൊണ്ട് ,
വര്‍ഗ്ഗീകരണത്തിന്റെ  വര്‍ണ്ണലേബലുകള്‍  നെറ്റിയിലൊട്ടിച്ചു
മനുഷ്യനെ  വില്‍ക്കുന്നവര്‍ക്കെതിരെ,  കാലവും,  പ്രകൃതിയും 
പ്രതികരിക്കുന്നതാവുമോ  മുന്പില്ലാത്ത  ഈ  വരള്‍ച്ച?
കവിത.



ആതിരച്ചോലയില്‍,  ആലിലഛായയില്‍,
ആയിരം  പൊന്നരയന്നങ്ങള്‍ !
ആരോടും  പിണങ്ങാതെ,  ആത്മമിത്രങ്ങളായ്
ആടിപ്പാടി  നടന്നിരുന്നു!  ഒരിക്കല്‍,
ആടിപ്പാടി  നടന്നിരുന്നു!!

അവരുടെ  നന്മ്മയില്‍,  അഴകിന്റെ  വെണ്‍മയില്‍,
ആകാശം  കോരിത്തരിച്ചൂ!
അതുകണ്ടു  സ്വര്‍ഗ്ഗത്തിന്‍   നടവാതില്‍   നട തുറ
ന്നത്   നോക്കിനിന്നൂ  ദൈവം.
അവിടുന്ന്  പറഞ്ഞു : ' അനശ്വര  സ്‌നേഹത്തിന്‍
അതിരുകളില്ലാത്ത  ലോകം!'

ഒരുനാളിലഴകിന്റെ   കരിമഷിക്കണ്ണുള്ളോ
രൊരുപിട  കണവനോടോതി:
' ഒരുമിച്ചുവാഴുന്‌പോള്‍  ഒരു  സ്വകാര്യത്തിന്നും,
അവസരമുണ്ടാകുന്നില്ലാ;
പിരിയണം  നമ്മള്‍ക്കീ,  പൊതുസമൂഹത്തിന്റെ
യടിമകളാകുവാന്‍   വയ്യാ '

മരകോന്തന്‍  അവളുടെ  തലയണ  മന്ത്രത്തിന്‍
തടവറയില്‍  വീണുപോയീ.
അതിവിശാലത്തിന്റെ  അരികിലായ്   ഒരുതീരം
അവരുടെ  സ്വന്തമായ്   വച്ചു.
അവിടേക്കു  മറ്റുള്ളോരണയാതിരിക്കുവാ
നവരൊരു   വേലി   നിര്‍മ്മിച്ചു.
അതുകണ്ട്   ചിലപിള്ളേ രിതുതന്നെസ്വര്‍ഗ്ഗമെ
ന്നറിയുന്നു,  വേലി  കെട്ടുന്നു!

ഒരുകൊല്ലമായില്ലാ,  അതിനുമുന്‍പാസരസ്
ഒരുന്നൂറ്   വേലികള്‍  തീര്‍ന്നു!
തുഴയുവാനിടമില്ലാ,  അവനവനവനുടെ
ചെറിയ  വൃത്തത്തിലൊതുങ്ങി !
പരിമിതി,  യേതിനും   പരിമിതി  മനസ്സുകള്‍
ദുരിതവും,  രോഗവും  കണ്ടു?

അതുപറഞ്ഞിതുപറഞ്ഞൊരു  ദിനം  ദൈവത്തിന്‍
ചെവിയിലുംഇക്കാര്യമെത്തി.
പരമ  ദയാലു   കരഞ്ഞുപോയ്  കനിവിന്റെ 
ഉറവകള്‍  മെല്ലെയടഞ്ഞു?
മഴയില്ല,  വേനലില്‍  ഉഴറുന്നു  മനസ്സുകള്‍,
മരണത്തിന്‍   മെതിയടി  നാദം!
കരള്‍  നൊന്തു  കനിവാര്‍ന്നയരയാലും  വീണുപോയ്
തണലിന്റെ  കാലം  കഴിഞ്ഞു!
നരകമായ്   അതിരുകള്‍  തിരിവിട്ട  സ്വര്‍ഗ്ഗത്തില്‍,
കരയലും,  തേങ്ങലും  മാത്രം!

ഒരു  തിരിച്ചറിവിന്റെ  നിറവിലാപ്പക്ഷികള്‍
കരള്‍  നൊന്തു  തേങ്ങിക്കരഞ്ഞു!
അതിരായി   നിര്‍ത്തിയ  കന്പുകള്‍   ചുണ്ടിനാല്‍
തെരുതെരെ  ദൂരെയെറിഞ്ഞു!
അകലെയാകാശത്തിന്‍   ചെരുവില്‍  നിന്നൊരു  മേഘ
മവരുടെ   മേല്‍  വര്‍ഷമായി!
തലതല്ലി  വീണ  വന്‍   അരയാലിന്‍  വേരില്‍  നി
ന്നൊരു  നാന്പു   മെല്ലെ  കിളിര്‍ത്തു!!

*ഈ  കവിത  നൃത്ത  രൂപത്തില്‍ 
രംഗത്ത്   അവതരിപ്പിക്കാവുന്നതാണ്.

ദൈവത്തിന്റെ  സ്വന്തം  നാട്ടില്‍  വരള്‍ച്ച?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക