Image

കുരിശ്‌ പുനഃസ്ഥാപിക്കണമെന്ന്‌ സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌

Published on 22 April, 2017
കുരിശ്‌ പുനഃസ്ഥാപിക്കണമെന്ന്‌ സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌


പാപ്പാത്തിച്ചോലയിലെ കൈയേറ്റഭൂമിയില്‍ നിന്നും സര്‍ക്കാര്‍ നീക്കം ചെയ്‌ത കുരിശ്‌ പുനഃസ്ഥാപിക്കണമെന്ന്‌ സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌. കുരിശ്‌ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ തങ്ങളെ നേരത്തെ അറിയിച്ചിരുന്നില്ല. ചെയര്‍മാന്‍ ടോം സഖറിയ ഒളിവിലാണെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം ഇപ്പോള്‍ യുകെയിലാണെന്നും സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ ഭാരവാഹികള്‍ തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പാപ്പാത്തിച്ചോലയിലെ സ്ഥലത്ത്‌ തങ്ങള്‍ക്ക്‌ ഉടമസ്ഥാവകാശമില്ല. മരിയ സൂസെ എന്നയാളുടെ പേരിലുളള സ്ഥലമാണത്‌. മരിയ സൂസന്‍റെ വല്യപ്പന്‍ അറുപത്‌ വര്‍ഷമായി കൈവശം വെച്ച്‌ അനുഭവിക്കുന്ന സ്ഥലമാണത്‌. രാജകുമാരി പഞ്ചായത്തില്‍ രണ്ടുപ്രാവിശ്യം പട്ടയത്തിന്‌ അപേക്ഷ നല്‍കിയിട്ടുണ്ട്‌.

സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ പ്രവര്‍ത്തകനായ മരിയ സൂസെയുടെ നിര്‍ദേശപ്രകാരമാണ്‌ അവിടെ കുരിശ്‌ സ്ഥാപിച്ചത്‌. രണ്ടുകൊല്ലം മുന്‍പാണ്‌ തങ്ങളെ സമീപിച്ച്‌ പഴയ കുരിശ്‌ ജീര്‍ണിച്ചുവെന്നും പുതിയ കുരിശ്‌ സ്ഥാപിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചത്‌. അതിന്‍പ്രകാരമാണ്‌ അവിടെ കുരിശ്‌ സ്ഥാപിച്ചത്‌. കുരിശും അതിരിക്കുന്ന സ്ഥലവും മാത്രമാണ്‌ സ്‌പിരിറ്റ്‌ ഇന്‍ ജീസസിന്റേത്‌. 

അവിടെ ഉണ്ടായിരുന്നതും ഉദ്യോഗഗസ്ഥര്‍ പൊളിച്ചുമാറ്റിയതുമായ ഷെഡുകള്‍ തങ്ങളുടേതല്ലെന്നും സ്വകാര്യ വ്യക്തിയുടെതാണെന്നും സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ ഭാരവാഹികള്‍ പറഞ്ഞു. കുരിശ്‌ പൊളിച്ചുമാറ്റുന്നതിന്‌ മുന്‍പ്‌ ജില്ലാഭരണകൂടം നേരിട്ട്‌ അറിയിച്ചിരുന്നില്ല.

കുരിശിന്റെ ചുവട്ടില്‍ നോട്ടീസ്‌ ഒട്ടിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ആയിരക്കണക്കിന്‌ ആളുകള്‍ പ്രാര്‍ത്ഥിക്കുന്ന കുരിശ്‌ പുനഃസ്ഥാപിക്കണമെന്നും സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ പറയുന്നു. അതേസമയം പാപ്പാത്തിച്ചോലയില്‍ വീണ്ടും കൈയേറ്റമുണ്ടാകാനുളള സാധ്യത കണക്കിലെടുത്ത്‌ പൊലീസ്‌ സംഘത്തെ സ്ഥിരം കാവലിന്‌ നിയോഗിച്ചു. 

ഇന്നു രാവിലെ ജില്ലാ പൊലീസ്‌ മേധാവിയും റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ തീരുമാനം.
പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി റവന്യുവളപ്പ്‌ അളന്നുതിരിച്ച്‌ വേലികെട്ടാനും തീരുമാനിച്ചിട്ടുണ്ട്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക