Image

ക്‌ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ പട്ടികജാതി യുവാവിനെ മര്‍ദിച്ചു

Published on 22 April, 2017
 ക്‌ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ പട്ടികജാതി യുവാവിനെ  മര്‍ദിച്ചു

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ പട്ടികജാതി യുവാവിനെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ ജാതി പറഞ്ഞ്‌ ആക്ഷേപിച്ചു മര്‍ദിച്ചതായി പരാതി. അരുക്കുറ്റി പഞ്ചായത്ത്‌ കാട്ടില്‍മഠം ലക്ഷംവീട്ടില്‍ സുജീന്ദ്രലാല്‍ എന്ന പ്രവീണിനാണ്‌ മര്‍ദനമേറ്റത്‌.

പാണാവള്ളി ഇടപ്പങ്ങഴി ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയപ്പോള്‍ പാണാവള്ളി സ്വദേശി ശാലു, തൈക്കാട്ടുശ്ശേരി സ്വദേശി വിഷ്‌ണു, ഉത്സവത്തിന്‌ മൈക്ക്‌സെറ്റ്‌ നിയന്ത്രിച്ചിരുന്ന കുട്ടന്‍ എന്ന സുമേഷ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ കൈയേറ്റംചെയ്‌തത്‌. 'ഇത്‌ നായരുടെ അമ്പലമാണെന്നും അവര്‍ക്കുള്ള കുളമാണെന്നും പട്ടികജാതിക്കാരെ കുളിപ്പിക്കില്ലെന്നും' പറഞ്ഞായിരുന്നു കൈയേറ്റം. പരിക്കേറ്റ പ്രവീണ്‍ ചേര്‍ത്തല ഗവ. ആശുപത്രിയില്‍ ചികിത്സതേടി.

പൊലീസ്‌ പറയുന്നത്‌ ഇങ്ങനെ: സംഭവദിവസം രാവിലെ ആനയെ കാണാന്‍ വന്ന കുട്ടികളെ പ്രതികള്‍ കൈയേറ്റം ചെയ്യുന്നത്‌ ആനപ്പാപ്പാന്‍കൂടിയായ പ്രവീണ്‍ തടസപ്പെടുത്തി. തുടര്‍ന്ന്‌ പ്രവീണുമായി പ്രതികള്‍ വാക്കേറ്റമുണ്ടായി. വൈകിട്ട്‌ ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ചെന്നപ്പോഴാണ്‌ മര്‍ദിച്ചത്‌.

തൊട്ടടുത്തുള്ള തളിയാപറമ്പ്‌ ക്ഷേത്രത്തില്‍ ഏതാനും ദിവസം മുമ്പ്‌ സമാനസ്വഭാവമുള്ള ആക്രമണം നടന്നിരുന്നു. പട്ടികജാതിക്കാരനായ പാണാവള്ളി പഞ്ചായത്ത്‌ പതിനാലാം വാര്‍ഡില്‍ ശ്രീജിത്തിനെ തൈക്കാട്ടുശ്ശേരി പഞ്ചായത്ത്‌ ഒന്നാം വാര്‍ഡിലെ ബിജെപിയുടെ വാര്‍ഡ്‌തല നേതാക്കന്മാര്‍ ചേര്‍ന്ന്‌ പട്ടികജാതിക്കാരന്‌ അമ്പലത്തില്‍ എന്ത്‌ കാര്യമെന്ന്‌ പറഞ്ഞ്‌ മര്‍ദ്ദിച്ചിരുന്നു. 

പ്രവീണ്‍ നല്‍കിയ പരാതിയില്‍ ജില്ലാ പൊലീസ്‌ മേധാവിയും ശ്രീജിത്തിന്റെ പരാതിയില്‍ ചേര്‍ത്തല ഡിവൈഎസ്‌പിയും കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക