Image

കമല്‍നാഥ്‌ ബിജെപിയിലേക്കെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ്‌

Published on 22 April, 2017
കമല്‍നാഥ്‌ ബിജെപിയിലേക്കെന്ന  വാര്‍ത്ത തള്ളി കോണ്‍ഗ്രസ്‌
  ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥ്‌ ബിജെപിയിലേക്ക്‌ ചേക്കേറുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്‌ രംഗത്ത്‌. കോണ്‍ഗ്രസിന്‍റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ്‌ ബിജെപി നടത്തുന്നതെന്നും ഇതിനെ പ്രതിരോധിക്കുമെന്നും കോണ്‍ഗ്രസ്‌ വക്താവ്‌ രണ്‍ദീപ്‌ സിംഗ്‌ സുര്‍ജേവാല പറഞ്ഞു.

കോണ്‍ഗ്രസിനെതിരേ മോശമായ പ്രചരണം നടത്താനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. കമല്‍നാഥ്‌ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ്‌ മാത്രമല്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിക്ക്‌ ഒപ്പം നിന്ന്‌ തന്ത്രങ്ങള്‍ മെനഞ്ഞ നേതാവാണെന്നും കോണ്‍ഗ്രസ്‌ പ്രതികരിച്ചു. 

അടിയന്തരാവസ്ഥ കാലത്തും അധികാരത്തില്‍ നിന്ന്‌ പുറത്തായപ്പോഴും അധികാരം തിരിച്ചുകിട്ടിയപ്പോഴും കമല്‍നാഥ്‌ നിര്‍ണായക സാന്നിധ്യമായിരുന്നു. ഇതെല്ലാം മറന്നുള്ള വ്യാജ പ്രചരണമാണ്‌ ഇപ്പോള്‍ നടക്കുന്നതെന്നും കോണ്‍ഗ്രസ്‌ വിശദീകരിച്ചു.

സമീപ ഭാവിയില്‍ നിരവധി നേതാക്കള്‍ കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയിലേക്ക്‌ ചേക്കേറിയതിന്‌ പിന്നാലെയാണ്‌ കമല്‍നാഥും പാര്‍ട്ടി വിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക