Image

സത്യരാജിന്റെ മാപ്പപേക്ഷ അംഗീകരിക്കില്ല; തമിഴ്‌ ചിത്രങ്ങളും ബഹിഷ്‌ക്കരിക്കുമെന്ന്‌ കന്നഡ സംഘടനകള്‍

Published on 22 April, 2017
സത്യരാജിന്റെ മാപ്പപേക്ഷ അംഗീകരിക്കില്ല;  തമിഴ്‌ ചിത്രങ്ങളും ബഹിഷ്‌ക്കരിക്കുമെന്ന്‌ കന്നഡ സംഘടനകള്‍


ബംഗളൂരു: കാവേരി പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ നടന്‍ സത്യരാജിന്റെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന്‌ കന്നട സംഘടനകള്‍ വ്യക്തമാക്കി. താന്‍ നടത്തിയ പ്രസ്‌താവനയ്‌ക്ക്‌ മാപ്പപേക്ഷയുമായി സത്യരാജ്‌ രംഗത്തെത്തിയെങ്കിലും മാപ്പപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ്‌ കന്നട സംഘടനകളുടെ നിലപാട്‌.

ബാഹുബലി മാത്രമല്ല, എല്ലാ തമിഴ്‌ ചിത്രങ്ങളും ബഹിഷ്‌കരിക്കാനാണ്‌ കര്‍ണാടക സംഘടനകളുടെ തീരുമാനം
കര്‍ണാടക ജനതയുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശമാണ്‌ സത്യരാജ്‌ നടത്തിയതെന്നും അതിനാല്‍ത്തന്നെ ബാഹുബലി റിലീംസിഗ്‌ ദിവസത്തില്‍ തിയേറ്ററുകള്‍ അടച്ച്‌ പ്രതിഷേധിക്കുമെന്നും കര്‍ണാടക സംഘടനകള്‍ വ്യക്തമാക്കി.

കര്‍ണാടകത്തിലെ ജനങ്ങളോട്‌ മാപ്പു പറഞ്ഞില്ലെങ്കില്‍ ബാഹുബലി രണ്ടാംഭാഗം സംസ്ഥാനത്ത്‌ റിലീസ്‌ ചെയ്യാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നായിരുന്നു സംഭവത്തില്‍ മാപ്പു പറഞ്ഞ്‌ സത്യരാജ്‌ രംഗത്തെത്തിയത്‌.

ചിത്രം റിലീസ്‌ ചെയ്യുന്ന ഏപ്രില്‍ 28ന്‌ വിവിധ കന്നഡ സംഘടനകളുടെ നേതൃത്വത്തില്‍ ബന്ദിനും ആഹ്വാനം ചെയ്‌തിരുന്നു.

ഒരാള്‍ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ സിനിമയെ ആക്രമിക്കുന്നത്‌ അന്യായമാണെന്ന്‌ ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിയും അഭിപ്രായപ്പെട്ടിരുന്നു.
ഒന്‍പത്‌ വര്‍ഷം മുന്‍പ്‌ സത്യരാജ്‌ നടത്തിയ ഒരു പ്രസ്‌താവനയാണ്‌ ബാഹുബലിയെയും ഒപ്പം തമിഴ്‌സിനമയെ ആകെ പുലിവാല്‌ പിടിപ്പിച്ചിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക