Image

ഫൈന്‍ ആര്‍ട്‌സ് പതിനഞ്ചാം വാര്‍ഷികാഘോഷം; മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ അതിഥി

ജോര്‍ജ് തുമ്പയില്‍ Published on 23 April, 2017
ഫൈന്‍ ആര്‍ട്‌സ് പതിനഞ്ചാം വാര്‍ഷികാഘോഷം; മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ അതിഥി
ന്യൂജേഴ്‌സി: ഫൈന്‍ ആര്‍ട്‌സ് മലയാളം പതിനഞ്ചാം വാര്‍ഷികാഘോഷത്തില്‍ സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യ അതിഥിയാവും. ഏപ്രില്‍ 30, ഞായറാഴ്ച ന്യൂജേഴ്‌സിയിലെ ടീനെക്കിലുള്ള ബഞ്ചമിന്‍ ഫ്രാങ്കഌന്‍ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5-ന് വാര്‍ഷിക ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. സോഷ്യല്‍ അവറിനും ലഘുഭക്ഷണത്തിനും ശേഷം 5.40-ന് ഓഡിറ്റോറിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശനം അനുവദിക്കും. 6-ന് ഹ്രസ്വമായ വാര്‍ഷികാഘോഷം. ഫൈന്‍ ആര്‍ട്‌സിന്റെ തുടക്കം മുതല്‍ അഭ്യുദയാകാംക്ഷിയായിരുന്ന മാര്‍ ജോയി ആലപ്പാട്ട് മുഖ്യ അതിഥി എന്ന നിലയില്‍ പ്രസംഗിക്കും. കൃത്യം 6.30-ന് ഫൈന്‍ ആര്‍ട്‌സിന്റെ പുതിയ നാടകം 'ഒറ്റമരത്തണല്‍' അരങ്ങേറും. നാടകത്തില്‍ സജിനി സഖറിയ, സണ്ണി റാന്നി, ഷൈനി എബ്രഹാം, റോയി മാത്യു, ടിനൊ തോമസ്, ജോര്‍ജ് തുമ്പയില്‍, അഞ്ജലി ഫ്രാന്‍സിസ്, ചാക്കോ.ടി. ജോണ്‍, ഷിബു ഫിലിപ്പ് എന്നിവര്‍ അഭിനയിക്കുന്നു. റെഞ്ചി കൊച്ചുമ്മനാണ് സംവിധാനം. അണിയറയില്‍ സാം പി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പരിചിതരും അനുഭവജ്ഞാനവുമുള്ള ഒരു കൂട്ടം ടെക്‌നീഷ്യന്മാര്‍ പ്രവര്‍ത്തിക്കുന്നു. ചാക്കോ ടി. ജോണ്‍, ജയന്‍ ജോസഫ്, ജോണ്‍ സക്കറിയ എന്നിവര്‍ക്കാണ് നാടകവേദിയുടെ നിയന്ത്രണം. റീന മാത്യു സംഗീത നിര്‍വ്വഹണം. ജിജി എബ്രഹാം ലൈറ്റിങ്, സുനില്‍ ട്രൈസ്റ്റാര്‍ സൗണ്ട്, പബ്ലിക്ക് റിലേഷന്‍സ് ജോര്‍ജ് തുമ്പയില്‍, അഡൈ്വസര്‍ ജോസ് കാഞ്ഞിരപ്പള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ടീമാണ് അരങ്ങില്‍ നാടകത്തിന് ജീവനും തുടിപ്പുമേകുന്നത്. എല്ല പ്രവര്‍ത്തനത്തെയും ഏകോപിപ്പിച്ചു കൊണ്ട് ഫൈന്‍ ആര്‍ട്‌സിന്റെ രക്ഷാധികാരി പി.ടി ചാക്കോ (മലേഷ്യ) പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു.

ഇപ്പോഴത്തെ ഭരണസമിതിയില്‍ പി.ടി ചാക്കോ (രക്ഷാധികാരി), മേരി.പി.സഖറിയ (പ്രസിഡന്റ്), ഷിബു.എസ്.ഫിലിപ്പ് (സെക്രട്ടറി), എഡിസണ്‍ എബ്രഹാം (ട്രഷറര്‍), സാം പി. എബ്രഹാം, സണ്ണി റാന്നി, ജിജി എബ്രഹാം, ജോര്‍ജ് തുമ്പയില്‍ എന്നിവരാണുള്ളത്.
പ്രശസ്ത കോറിയോഗ്രാഫര്‍ ബീന മേനോന്‍ നേതൃത്വം നല്‍കുന്ന ന്യൂജേഴ്‌സിയിലെ കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, ഫ്‌ളോറിഡയിലെ രശ്മി സോമന്‍ നേതൃത്വം നല്‍കുന്ന ടെംപിള്‍ ഓഫ് ആര്‍ട്‌സ് എന്നിവയുടെ സഹകരണത്തോടെയും ക്ലബ് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ഡ്രാമകള്‍, ഡാന്‍സ് ഡ്രാമകള്‍ എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. ന്യൂജേഴ്‌സിയില്‍ നടന്ന ഫൊക്കാന മഹോത്സവത്തില്‍ പ്രശസ്ത സിനിമാ താരം ദിവ്യാ ഉണ്ണിയുടെ സഹകരണവും ക്ലബിനു ലഭിച്ചിട്ടുണ്ട്. സാംസ്‌കാരിക നേതാക്കളായ ഡോ.എം.വി പിള്ള, ഡോ. എ.കെ.ബി. പിള്ള, ജെ. മാത്യൂസ്, സി.എം.സി, ദിലീപ് വര്‍ഗീസ്, സിനിമ നടന്‍ ബാബു ആന്റണി, ഗായകന്‍ ബിനോയ് ചാക്കോ, ജോയന്‍ കുമരകം, അന്നു വൈദികനും ഇപ്പോള്‍ ബിഷപ്പുമായ മാര്‍ ജോയി ആലപ്പാട്ട് തുടങ്ങി നിരവധി പേരുടെ പ്രോത്സാഹനവും ക്ലബ്ബില്‍ നിന്നു ലഭിച്ച ആത്മവിശ്വാസവും കഴിവുകളുമായി അംഗങ്ങള്‍ സിനിമ/ടിവി മേഖലകളിലും കാലുറപ്പിച്ചു കഴിഞ്ഞു. 'മഴവില്ല് പൂക്കുന്ന ആകാശം' എന്ന നാടകം മലേഷ്യയില്‍ വിജയകരമായി അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും ക്ലബ്ബിനു സ്വന്തം. പത്മവിഭൂഷണ്‍ ഡോ. കെ.ജെ യേശുദാസ് ഭദ്രദീപം കൊളുത്തി പുതിയൊരു സാംസ്‌കാരിക അധ്യായത്തിന് തുടക്കമിട്ട ക്ലബിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. 2001 ഫെബ്രുവരി 24 ന് ആദ്യനാടകമായ പ്രമാണി സ്റ്റേജില്‍ അവതരിപ്പിച്ചു. നാടകം, നൃത്തം, ഗാനം, ചരിത്രാവിഷ്‌ക്കാരം തുടങ്ങി വിവിധ കലാരൂപങ്ങള്‍ സംശുദ്ധവും സുതാര്യവുമായ ശൈലിയില്‍ ആധികാരികതയോടെ, ആസ്വാദക സമക്ഷം സമര്‍പ്പിച്ച ക്ലബിനു സ്വന്തമായി രംഗപടങ്ങള്‍, ലൈറ്റിങ്, മേക്കപ്പ് സാമഗ്രികള്‍ എല്ലാം സ്വന്തമാക്കാന്‍ കഴിഞ്ഞു. ഇതിനോടകം അമേരിക്ക, കാനഡ, മലേഷ്യ എന്നിവിടങ്ങളിലായി മുപ്പതിലധികം സ്റ്റേജുകളില്‍ ക്ലബ്ബിന്റെ കലാരൂപങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. വിവിധ ധനശേഖരണ പരിപാടികളിലായി അഞ്ചു ലക്ഷത്തിലധികം ഡോളര്‍ സംഘാടകര്‍ക്ക് നേടികൊടുക്കുന്നതിനും ഫൈന്‍ ആര്‍ട്‌സ് ചാലകശക്തിയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക