Image

ചതിയില്‍പ്പെട്ട മലയാളി വനിത നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

Published on 23 April, 2017
ചതിയില്‍പ്പെട്ട  മലയാളി വനിത നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: വിസ ഏജന്റ് നഴ്‌സറി ടീച്ചറായി ജോലി നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചു, സൗദിയില്‍ കൊണ്ടുവന്ന് വീട്ടുജോലിക്കാരിയാക്കിയതിനാല്‍ ദുരിതത്തിലായ മലയാളി വീട്ടമ്മ, നവയുഗം സാംസ്‌കാരികവേദിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന്, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം പുനലൂര്‍ പ്ലാച്ചേരിയില്‍ തടത്തില്‍ പുത്തന്‍വീട് സ്വദേശിനിയായ ബ്ലെസി റെജി കുഞ്ഞൂട്ടിയാണ് ഏജന്റിന്റെ ചതിയില്‍പ്പെട്ട് ദുരിതത്തിലായത്. സൗദിയിലെ ഹഫര്‍ അല്‍ ബത്തിനില്‍ ഒരു ഡേ കെയര്‍ സെന്ററില്‍ നഴ്‌സറി സ്‌ക്കൂള്‍ അദ്ധ്യാപികയായി ജോലിയാണ് എന്ന് പറഞ്ഞാണ് കൊട്ടിയത്തുള്ള ഒരു ഏജന്റ് ബ്ലെസ്സിയ്ക്ക്, നല്ലൊരു തുക സര്‍വ്വീസ് ചാര്‍ജ്ജ് വാങ്ങി വിസ നല്‍കിയത്. തുടര്‍ന്ന് ഹൈദരാബാദ് വഴി മസ്‌ക്കറ്റില്‍ എത്തിച്ച്, അവിടെ നിന്നും സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തില്‍ എത്തിയ്ക്കുകയുമായിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ ആരും ബ്ലെസ്സിയെ കൊണ്ടുപോകാന്‍ വരാത്തതിനാല്‍, നാലുദിവസം അവര്‍ക്ക് വിമാനത്താവളത്തില്‍ കഴിയേണ്ടി വന്നു. വിവരമറിഞ്ഞ നാട്ടിലെ വീട്ടുകാര്‍ ഏജന്റുമായി ബന്ധപ്പെട്ട് ബഹളമുണ്ടാക്കിയപ്പോള്‍, നാലാമത്തെ ദിവസം സ്‌പോണ്‍സര്‍ വന്ന് ബ്ലെസ്സിയെ ഹഫര്‍ അല്‍ ബത്തിനിലേയ്ക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു.

അവിടെ എത്തിയശേഷമാണ് തന്നെ കൊണ്ട് വന്നിരിയ്ക്കുന്നത്, ആ സ്‌പോണ്‍സറുടെ പതിനൊന്ന് അംഗങ്ങളുള്ള വീട്ടിലെ ഹൌസ് മെയ്ഡ് ജോലിയ്ക്കാണ് എന്ന് ബ്ലെസ്സി മനസ്സിലാക്കുന്നത്. ആ വിവരം സ്‌പോണ്‍സറോട് പറഞ്ഞപ്പോഴാണ്, ഹൗസ്‌മൈഡിനെ നല്‍കാമെന്ന് പറഞ്ഞ് വിസ വാങ്ങിയ ഏജന്റ് തന്നെയും ചതിച്ചതായി സ്‌പോണ്‍സറും മനസ്സിലാക്കുന്നത്. ഏജന്റിനെ വിളിച്ചപ്പോള്‍, ബ്ലെസ്സിയോട് വീട്ടുജോലിക്കാരിയായി തന്നെ ജോലി ചെയ്യാന്‍ പറഞ്ഞ് അയാള്‍ കൈയൊഴിഞ്ഞു.

മുന്‍പ് വീട്ടുജോലി ചെയ്ത് പരിചയമില്ലാത്ത ബ്ലെസ്സിയ്ക്ക്, ആ വലിയ വീട്ടിലെ ജോലിയും ജീവിതവും ദുരിതമായി മാറി. ഏജന്റ് പറ്റിച്ചതിന്റെ അരിശം പലപ്പോഴും വീട്ടുകാര്‍ അവരോടായിരുന്നു തീര്‍ത്തത്. വിവരമറിഞ്ഞു വിഷമിച്ച ബ്ലെസ്സിയുടെ വീട്ടുകാര്‍, കൊല്ലം നിവാസിയായ നവയുഗം സാംസ്‌കാരികവേദിയുടെ മുന്‍ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കെ.ആര്‍. അജിത്തിനെ സമീപിച്ച്, സഹായം അഭ്യര്‍ത്ഥിച്ചു. കെ.ആര്‍.അജിത്ത് ദമ്മാമിലെ നവയുഗം ജീവകാരുണ്യവിഭാഗവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനെ നവയുഗം ഈ കേസിനായി ചുമതലപ്പെടുത്തി.

മഞ്ജു ബ്ലെസ്സിയുമായി ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ച് അവിടത്തെ അവസ്ഥ മനസ്സിലാക്കി. തുടര്‍ന്ന് മഞ്ജുവും നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരും ബ്ലെസ്സിയുടെ സ്‌പോണ്‍സറെയും, ഏജന്റിനെയും പലപ്രാവശ്യം വിളിച്ച് ചര്‍ച്ചകള്‍ നടത്തി. ആദ്യമൊക്കെ ഏജന്റ് പല ന്യായങ്ങള്‍ പറഞ്ഞ് ഒഴിയാന്‍ നോക്കിയെങ്കിലും, മഞ്ജു ഈ കേസ് ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്ത്, എംബസ്സി ഉദ്യോഗസ്ഥര്‍ ഏജന്റിനെ വിളിച്ചു 'നടപടി എടുക്കാത്തപക്ഷം ഏജന്‍സിയെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന്' ഭീഷണിസ്വരത്തില്‍ സംസാരിച്ചപ്പോള്‍, അയാള്‍ വഴങ്ങി. ബ്ലെസ്സിയ്ക്ക് പകരം പുതിയ ജോലിക്കാരിയെ നല്‍കാമെന്ന് ഏജന്റ് സ്‌പോണ്‍സറോട് വിളിച്ചു പറഞ്ഞു. മഞ്ജുവിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഒടുവില്‍, വിമാനടിക്കറ്റ് ബ്ലെസ്സി സ്വയം എടുക്കുന്നപക്ഷം, യാതൊരു നഷ്ടപരിഹാരവും വാങ്ങാതെ, ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കാമെന്ന് സ്‌പോണ്‍സറും സമ്മതിച്ചു.

നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് സാമൂഹ്യപ്രവര്‍ത്തകനായ വിത്സണ്‍ ഷാജി, ബ്ലെസ്സിയ്ക്കുള്ള വിമാനടിക്കറ്റ് നല്‍കി. തുടര്‍ന്ന് സ്‌പോണ്‍സര്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കി, ബ്ലെസ്സിയെ ബസ്സില്‍ ദമ്മാമിലേയ്ക്ക് അയച്ചു. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ബ്ലെസ്സിയെ ദമ്മാം ബസ്സ് സ്റ്റേഷനില്‍ സ്വീകരിച്ച്, വിമാനത്താവളത്തില്‍ കൊണ്ടുപോയി യാത്രയാക്കി.

തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, ബ്ലെസ്സി നാട്ടിലേയ്ക്ക് മടങ്ങി.

ചതിയില്‍പ്പെട്ട  മലയാളി വനിത നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക