Image

തമിഴ്‌നാട്‌ കര്‍ഷകര്‍ ദല്‍ഹിയില്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

Published on 23 April, 2017
തമിഴ്‌നാട്‌ കര്‍ഷകര്‍ ദല്‍ഹിയില്‍ നടത്തിവന്ന സമരം പിന്‍വലിച്ചു


ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ദല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമാണ്‌ കര്‍ഷകര്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്‌. 40 ദിവസം നീണ്ടുനിന്ന സമരത്തിനാണ്‌ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായത്‌.

കര്‍ഷകരുടെ കാര്‍ഷിക വായ്‌പകള്‍ തള്ളണമെന്നും സംസ്ഥാനത്തനുവദിച്ച വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജ്‌ പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കര്‍ഷകര്‍ സമരം ആരംഭിച്ചത്‌. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മെയ്‌ 25ന്‌ ശേഷം സമരം പുനരാരംഭിക്കുമെന്ന്‌ കര്‍ഷക സംഘടനാ നേതാവ്‌ അയ്യാക്കണ്ണ്‌ പറഞ്ഞു.

എലിയെയും പാമ്പിനെയും കടിച്ച്‌ പിടിച്ചും പ്രതീകാത്മക ചാട്ടവാറടി നടത്തിയുമായിരുന്നു കര്‍ഷകര്‍ ജന്തര്‍ മന്ദിറില്‍ സമരം നടത്തിയത്‌. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മൂത്രം കുടിച്ചും വിസര്‍ജ്ജ്യം ഭക്ഷിച്ചും സമര രീതി മാറ്റുമെന്നും കഴിഞ്ഞ ദിവസം കര്‍ഷകര്‍ പ്രഖ്യാപിച്ചിരുന്നു.


നീതി ആയോഗ്‌ യോഗത്തിനെത്തിയപ്പോഴാണ്‌ പളനിസ്വാമി സമരം നടത്തുന്ന കര്‍ഷകരുമായി കൂടിക്കാഴ്‌ച നടത്തിയത്‌. കര്‍ഷകരുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ പളനിസ്വാമി മാധ്യമങ്ങളോട്‌ പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക