Image

ട്രമ്പിന്റെ നൂറാം ദിവസം കോണ്‍ഗ്രസ് ഷട്ട് ഡൗണ്‍ ഉണ് ടാാകുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 24 April, 2017
ട്രമ്പിന്റെ നൂറാം ദിവസം കോണ്‍ഗ്രസ് ഷട്ട് ഡൗണ്‍ ഉണ് ടാാകുമോ? (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: ഡോണാള്‍ഡ് ട്രമ്പ് പ്രസിഡന്റായി അധികാരമേറ്റിട്ട് ഏപ്രില്‍ 29ന് നൂറു ദിവസം ആകുകയാണ്. അന്നേ ദിവസം പെന്‍സില്‍വേനിയയില്‍ ഒരു പ്രചരണ റാലി ഉണ്ടാവുമെന്ന് ട്രമ്പ് പ്രഖ്യാപിച്ചു. മറ്റ് വിവരങ്ങളൊന്നും നല്‍കാന്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തയ്യാറായില്ല. ഉത്തരങ്ങള്‍ക്ക് ട്രമ്പിന്റെ പ്രചരണസംഘത്തെ സമീപിക്കുവാന്‍ നിര്‍ദ്ദേശിച്ചു. പ്രചരണ സംഘത്തിന്റെ വെബ്‌സൈറ്റില്‍ ഏപ്രില്‍ 29ന് വൈകീട്ട് പെന്‍സില്‍വേനിയയിലെ ഹാരിസ്ബര്‍ഗില്‍ 7.30ന് റാലി ഉണ്ടാവുമെന്ന് പറയുന്നു. പരമ്പരാഗതമായി വര്‍ഷം തോറും വൈറ്റ്ഹൗസില്‍ നടത്തിവരുന്ന മാധ്യമ പ്രതിനിധികള്‍ക്കുള്ള അത്താഴ വിരുന്ന് നടക്കുക ഈ സമയത്തായിരിക്കും നടക്കുക. അത്താഴ വിരുന്നില്‍ താന്‍ സംബന്ധിക്കുകയില്ലെന്ന് ട്രമ്പ് പറഞ്ഞിട്ടുണ്ട്.

ഒരു ഒഴിവുകാലം കഴിഞ്ഞ കോണ്‍ഗ്രസ് ഈയാഴ്ച സമ്മേളിക്കുമ്പോള്‍ ഹെല്‍ത്ത് കെയര്‍ പ്രശ്‌നവും ബജറ്റ് പ്രതിസന്ധിയും കോണ്‍ഗ്രസംഗങ്ങളെ കാത്തിരിക്കുന്നു. ട്രമ്പ് പ്രഖ്യാപിച്ച അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തോട് ഡെമോക്രാറ്റുകള്‍ കടുത്ത എതിര്‍പ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഹെല്‍ത്ത് കെയറില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് സമഗ്രമായ ഒരു ബില്‍ തയ്യാറാക്കി അവതരിപ്പിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഏപ്രില്‍ 29ന് ഒരു കോണ്‍ഗ്രസ് ഷട്ട്ഡൗണും ഭരണസ്തംഭവും സംഭവിച്ചേക്കാമെന്നും ചിലര്‍ ഭയക്കുന്നു.

തന്റെ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തി എന്ന് ട്രമ്പിന് അമേരിക്കന്‍ ജനതയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിന് ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കനുകളില്‍ നിന്ന് ഒബാമ കെയര്‍  റദ്ദുചെയ്യുവാനും അതിന് പകരം വയ്ക്കുവാനും സുദൃഢമായ ഒരു ബില്‍ ട്രമ്പ് പ്രതീക്ഷിക്കുന്നു. ഒരു ട്രില്യണ്‍ ഡോളറിന്റെ 'ക്യാച്ച് ഓള്‍ സ്‌പെന്‍ഡിംഗ് ബില്‍' തന്റെ യശസ് ഉയര്‍ത്തുമെന്ന് ട്രമ്പ കരുതുന്നു. അതിര്‍ത്തി മതില്‍, പെന്റഗണ്‍ നവീകരിക്കല്‍, കുടിയേറ്റ നിയമം കര്‍ശനമായി നടപ്പാക്കാത്ത തദ്ദേശസ്ഥാപനങ്ങളുടെ മേല്‍ നടപടി എല്ലാം ഇതിലൂടെ നടപ്പിലാക്കുവാന്‍ കഴിയുമെന്ന് ട്രമ്പ് കരുതുന്നു.

വെള്ളിയാഴ്ച അര്‍ദ്ധരാത്രി വരെയാണ് ഒരു ഷട്ട് ഡൗണ്‍ ഒഴിവാക്കുവാന്‍ കോണ്‍ഗ്രസിന് മുമ്പിലുള്ള സമയം. ചെലവഴിക്കല്‍ സംബന്ധിച്ച കൂടിയാലോചനകള്‍, കഴിഞ്ഞ വര്‍ഷത്തെ പരിപാടികളില്‍ ശേഷിക്കുന്ന ഭീമമായ പങ്ക്, മിക്കവാറും എല്ലാ ഫെഡറല്‍ ഏജന്‍സികളുടെയും ബജറ്റ് എന്നിവയില്‍ തീരുമാനം ഇവ ഈ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം.
കോണ്‍ഫറന്‍സ് കോളുകള്‍ നടത്തിയ പ്രമുഖ ജി ഓ പി നേതാക്കള്‍ പറഞ്ഞത് ഇതുവരെ സര്‍വ്വസമ്മതമായ ഒരു ഫോര്‍മുല കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. ഒരു വോട്ടെടുപ്പിന് സമയം നിശ്ചയിച്ചിട്ടും ഇല്ല.

ഒരു ഷട്ട് ഡൗണ്‍ ഒഴിവാക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ചത്തെ താല്‍ക്കാലിക പോംവഴി ആശ്രയിച്ചേക്കും. ഈ സമയത്ത് സ്ഥിരമായ തീരുമാനത്തിലെത്തുവാന്‍ കഴിയും എന്നാണ് പ്രതീക്ഷ. കൂടിയാലോചനകള്‍ വഴിമുട്ടിയത് അതിര്‍ത്തിമതില്‍, താഴ്ന്ന വരുമാനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് സബ്‌സിഡി നല്‍കുക എന്ന വിഷയങ്ങളില്‍ യോജിപ്പിലെത്താന്‍ കഴിയാഞ്ഞതിനാലാണ്.

പ്രസിഡന്റ് ട്രമ്പ് നല്‍കിയ വാഗ്ദാനമാണ് 100 ദിവസത്തിനുള്ളില്‍ ഒരു പുതിയ ആരോഗ്യ പരിരക്ഷാ നിയമം കൊണ്ടു വന്ന് ഒബാമക്കെയര്‍ റദ്ദ് ചെയ്യുമെന്ന്. ഈ വാഗ്ദാനം പാലിക്കുവാന്‍ വൈറ്റ് ഹൗസ് റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ട്. വോട്ടെടുപ്പ് ഈ യാഴ്ച തന്നെ നടത്തണമെന്നും നിര്‍ബന്ധമുണ്ട്.

എന്നാല്‍ പെട്ടെന്ന് ഒരു വോട്ടെടുപ്പോ ബില്‍ പാസ്സാക്കിയെടുക്കലോ നടക്കുവാന്‍ സാധ്യതയില്ല. തങ്ങള്‍ക്ക് വിജയിക്കുവാന്‍ ആവശ്യമായ വോട്ടുകള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന്‌ശേഷം മാത്രം മറ്റൊരു ഹെല്‍ത്ത് കെയര്‍ ബില്ലുമായി എത്തിയാല്‍ മതിയെന്നാല്‍ പ്രമുഖ ജിഒപി നേതാക്കളുടെ നിലപാട്. ഹൗസ് സ്പീക്കര്‍ വിസ്‌കോണ്‍സിനില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പോള്‍ റയാന്‍ ഈ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. കഴിഞ്ഞ മാസം നടത്തിയ ശ്രമം പരാജയപ്പെടുകയും ട്രമ്പിനും റയാനും രാഷ്ട്രീയമായി ക്ഷീണം നല്‍കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണിത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക