Image

തീര്‍ഥാടനത്തിന്റെ കഥ (നോവല്‍- അധ്യായം 2: ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 24 April, 2017
തീര്‍ഥാടനത്തിന്റെ കഥ (നോവല്‍- അധ്യായം 2: ആന്‍ഡ്രൂ പാപ്പച്ചന്‍)
ഇരുട്ടുവീണ ഗുഹാന്തരങ്ങളിലെ അരണ്ട വെളിച്ചത്തില്‍ ഇഴജന്തുക്കളോടും വന്യമൃഗങ്ങളോടും മല്ലിട്ട്, ഭയന്നു കഴിഞ്ഞിരുന്ന ഗുഹാമനുഷ്യനെ കുറിച്ചറിയാന്‍ ജയകുമാര്‍ വായന തുടങ്ങി.അമ്പതുലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്‌പോലും മനുഷ്യന്റെ പൂര്‍വികര്‍ ഭൂമിയെ അടക്കിവാണിരുന്നുവെന്ന് ചരിത്രം പറയുന്നു. പുസ്തകത്തിലെ ചിത്രത്തില്‍ കാണുന്ന പ്രാകൃതരൂപത്തെപോലെ തന്നെ കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്ന നീതിശാസ്ത്രമായിരുന്നിരിക്കും അക്കാലത്ത് അവന്റെ ചിന്തകളെയും ഭരിച്ചിരുന്നത്. ജയകുമാര്‍ മനസിലോര്‍ത്തു.

നേരെ നിവര്‍ന്നു നടക്കാനുള്ള കഴിവ് നേടിയ ആസ്‌ട്രേലോപിതേക്കസ് അഫാറന്‍സിസില്‍നിന്നും തുടങ്ങുന്നു ഇന്നത്തെ മനുഷ്യനിലേക്കുള്ള മാറ്റത്തിന്റെ രസകരമായ കഥ. പിന്നീടുണ്ടായ 15 ലക്ഷം വര്‍ഷത്തിനിടയിലാണ് കൂടുതല്‍ മനുഷ്യഭാവങ്ങളുമായി ഹോമോ ഇറക്ടസ് പ്രത്യക്ഷപ്പെട്ടത്. ഇന്നത്തെ മനുഷ്യന്റെ മസ്തിഷ്കത്തിന്റെ പകുതിയോളമായിരുന്നു ഈ നരവാനരന്മാരുടെ തലച്ചോറിന്റെ വലിപ്പം.സ്വന്തമായി ഭാഷയോ സംഭാഷണശേഷിയോ ഇല്ലായിരുന്നു ഹോമോ ഇറക്ടസിന്. സാഹസികരായിരുന്ന അവര്‍ സമൂഹങ്ങളായി, കാടും മലയും മരുഭൂമിയും കടന്ന് ഭൂമിയുടെ പല ദിക്കുകളിലും എത്തി. ശത്രുവെന്ന് കരുതി അക്കാലമത്രയും അകറ്റിനിര്‍ത്തിയിരുന്ന തീയെ, മനുഷ്യന്‍ ഗുഹകളിലെത്തിച്ച് അണയാതെ സംരക്ഷിക്കാന്‍ തുടങ്ങിയതും ഇക്കാലത്താണ്.

മനുഷ്യന്‍ ഒരു സംസ്കാര ജീവിയാകാനും തുടങ്ങിയിരുന്നു അക്കാലത്ത്. അവന്‍ ഉപയോഗിച്ചിരുന്ന പണിയായുധങ്ങള്‍ ഇത് വ്യക്തമാക്കുന്നു.മനുഷ്യന്റെ സാംസ്കാരിക പാരമ്പര്യം ശിലകളില്‍നിന്ന് തുടങ്ങിയെന്ന് ആയുധങ്ങളുടെ പരിശോധനയില്‍നിന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു.അതുകൊണ്ട് ഈ യുഗത്തെ പുരാതന ശിലായുഗ (Paleolithic age) എന്ന് അവര്‍ വിളിച്ചു. പാറയില്‍നിന്ന് അടര്‍ത്തിയെടുത്ത കല്‍കഷണങ്ങള്‍ മാംസം കഷണങ്ങളാക്കാനും അസ്ഥികള്‍ പൊട്ടിക്കാനും ഇക്കാലത്ത് മനുഷ്യന്‍ ഉപയോഗിച്ചു. വേട്ടമൃഗങ്ങളെ കൊല്ലാനും കിഴങ്ങുകള്‍ കുഴിച്ചെടുക്കാനും കൈക്കോടാലിയായിരുന്നു് ആശ്രയം.പിന്നീട് കല്‍കഷണങ്ങള്‍ മൂര്‍ച്ചയുള്ള ശിലാപാളികള്‍ക്കും പ്രാകൃത രൂപത്തിലുള്ള കുന്തങ്ങള്‍ക്കും വഴിമാറി. എല്ലുകളും മാന്‍കൊമ്പുകളും ഉപയോഗിച്ച് ആയുധങ്ങളുണ്ടാക്കി. മൃഗങ്ങളുടെ ചിത്രങ്ങളൊക്കെ മനുഷ്യന്‍ ഗുഹകളില്‍ വരച്ചിട്ടു.

ഹോമോ ഇറക്ടസിനു ശേഷമുണ്ടായ ഹോമോ സാപ്പിയന്‍സിന് വിവേകമുള്ള മനുഷ്യര്‍ എന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിശേഷണം. ഇന്നത്തെ മനുഷ്യന്റെയത്ര ഉയരവും തലച്ചോറിന്റെ വികാസവും ഈ മനുഷ്യര്‍ക്കുമുണ്ടായിരുന്നു.

പ്രാചീന ശിലായുഗത്തിനുശേഷം വന്ന മധ്യശിലായുഗം ഭൗതികചുറ്റുപാടുകളുടെ മാറ്റങ്ങള്‍കൊണ്ട് ശ്രദ്ധേയമായി. ശിലകള്‍ മണല്‍ക്കല്ലില്‍ ഉരച്ച് രൂപപ്പെടുത്തിയ ആയുധങ്ങള്‍ മനുഷ്യന്‍ ഇക്കാലത്ത് ഉപയോഗിച്ചു. മനുഷ്യന്റെ വേട്ടയാടല്‍ ഭൂമിയില്‍നിന്ന് വെള്ളത്തിലേക്ക് വ്യാപിച്ചതായി അക്കാലത്ത് കാണപ്പെട്ട വള്ളങ്ങള്‍ സൂചിപ്പിക്കുന്നു.വേട്ടമൃഗങ്ങളെ അന്വേഷിച്ച് ഒരുസ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മനുഷ്യന്‍ യാത്രചെയ്തുകൊണ്ടേയിരുന്നു. ആഹാരത്തിനുവേണ്ടി അലഞ്ഞുനടക്കുന്നരീതിവിട്ട് മൃഗങ്ങളെ വളര്‍ത്തല്‍, ധാന്യകൃഷി എന്നിവയിലായി ഇക്കാലത്ത് മനുഷ്യന്റെ ശ്രദ്ധ. വേട്ടമൃഗങ്ങള്‍ കുറഞ്ഞപ്പോള്‍ കാട്ടുപുല്ലും കിഴങ്ങുകളും ഭക്ഷണത്തിന് ആശ്രയിക്കേണ്ടിവന്നു. അത്തരം ചെടികള്‍ നട്ടുവളര്‍ത്തിയതോടെ മനുഷ്യചരിത്രത്തിലെ പ്രധാന കണ്ടുപിടിത്തമായ കൃഷിയുടെ തുടക്കമായി. നവീനശിലായുഗമെന്നാണ് ഇക്കാലഘട്ടം വിശേഷിപ്പിക്കപ്പെടുന്നത്. വേട്ടയാടലിനിടെ കുറച്ചുസമയം കണ്ടെത്തി കൃഷിചെയ്യാന്‍ തുടങ്ങിയ മനുഷ്യന്‍ പിന്നെ കൃഷിക്ക് പറ്റിയ സ്ഥലങ്ങളില്‍ താമസം തുടങ്ങി. ഈ പ്രദേശങ്ങള്‍ പിന്നീട് നഗരങ്ങളായി വളര്‍ന്നു.

നവീനശിലായുഗത്തോടെ, മനുഷ്യന്‍ സമൂഹജീവിയായി. കൃഷിചെയ്യാന്‍ തുടങ്ങിയതോടെ ആഹാരസമ്പാദകന്‍ എന്ന നിലയില്‍നിന്നവന്‍ ആഹാരഉല്‍പാദകനായി. മനുഷ്യനെ മൃഗങ്ങളില്‍നിന്നും ഏറെ മുന്നിലെത്തിച്ച ആ മാറ്റം സംസ്കാരങ്ങള്‍ക്ക് അടിത്തറയിട്ടു. കൃഷിക്കുവേണ്ടി ഒരിടത്ത് സ്ഥിരതാമസം തുടങ്ങിയതോടെ മനുഷ്യന് മേല്‍വിലാസമുണ്ടായി. കല്ലും മണ്ണും തടിയുംകൊണ്ട് പാര്‍ക്കാനൊരിടം എന്ന സങ്കല്‍പവും അവന്‍ യാഥാര്‍ത്ഥ്യമാക്കി. നദീതീരങ്ങളിലാണ് കൃഷി തഴച്ചു വളര്‍ന്നത്. അങ്ങനെ മഹാസംസ്കാരങ്ങള്‍ രൂപംകൊണ്ടതും നദീ തടങ്ങളിലായി. മരത്തടികള്‍ കൂട്ടിക്കെട്ടിയ വള്ളങ്ങളില്‍ ഇരുണ്ട് വിസ്തൃതമായ സമുദ്രങ്ങളിലൂടെതിരമാലകളുടെ രഹസ്യം നിറഞ്ഞ ശബ്ദങ്ങള്‍ കേട്ടുകൊണ്ട് അവന്‍ യാത്ര ചെയ്തു.

സിന്ധു നദീതട സംസ്കാരത്തില്‍ തുടങ്ങി, കൃഷിയാണ് ഭാരതീയ സംസ്കാരങ്ങള്‍ക്കെല്ലാം വിത്തെറിഞ്ഞത്. കൃഷിക്കൊപ്പം മണ്‍പാത്രനിര്‍മാണവും മനുഷ്യന്‍ പഠിച്ചെടുത്തു. ചിരട്ടയും ആമത്തോടുമൊക്കെ ആദ്യകാലത്ത് മനുഷ്യന്‍ പാത്രങ്ങള്‍ക്ക് പകരം ഉപയോഗിച്ചു. കളിമണ്ണ് കുഴച്ച് പാത്രങ്ങളുടെ രൂപങ്ങളുണ്ടാക്കി തീയില്‍ ചുട്ടെടുക്കാനും മനുഷ്യന്‍ പഠിച്ചു.

മിച്ചംവരുന്ന ധാന്യങ്ങള്‍ മണ്‍പാത്രത്തില്‍ സൂക്ഷിച്ചു. മാംസം തീയില്‍ ചുടുന്നതിനുപകരം പാത്രത്തില്‍ ചുട്ടെടുത്തു. നദീതീരങ്ങളില്‍ താമസിക്കാനായിരുന്നു മനുഷ്യന്‍ ഇഷ്ടപ്പെട്ടത്. മരവുരികള്‍ക്കും പച്ചിലകള്‍ക്കും പകരം വസ്ത്രങ്ങള്‍ നെയ്തുണ്ടാക്കി. കൃഷിക്കൊപ്പം കന്നുകാലികളെയും വളര്‍ത്തി. മൃഗങ്ങളുടെ അസ്ഥിയിലും കല്ലിലും തീര്‍ത്ത അരിവാളും അവന്‍ ആയുധമാക്കി. ചെമ്മരിയാടുകള്‍, കോലാടുകള്‍ തുടങ്ങി കൂട്ടമായി മേയുന്ന മൃഗങ്ങളെ വീട്ടുമൃഗങ്ങളാക്കി. താമസമുറപ്പിച്ച സ്ഥലങ്ങള്‍തമ്മില്‍ റോഡുകളുണ്ടാക്കി. യാത്രകള്‍ക്കായി മൃഗങ്ങളെ ഉപയോഗിച്ചു. ചക്രങ്ങള്‍ കണ്ടുപിടിച്ച് ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. കലപ്പയുപയോഗിച്ച് ഭൂമിയെ കൃഷിക്കായി ഉഴുതുമറിച്ചു. കൃഷിയും ഉല്‍പാദനവും വര്‍ധിച്ചത് ഭക്ഷണസാധനങ്ങളുടെ വര്‍ധനയ്ക്കിടയാക്കി. കര്‍ഷകരും തൊഴിലാളികളുമെന്ന് സമൂഹത്തില്‍ രണ്ടുതരം പൗരന്മാരുണ്ടായി. ഭക്ഷണവും മൃഗങ്ങളെയും ആയുധങ്ങളെയും ബാര്‍ട്ടര്‍ സിസ്റ്റത്തിലൂടെ കൈമാറ്റം ചെയ്തു. ശിലായുഗത്തിന്റെ അവസാന ഘട്ടങ്ങളില്‍ സംഘടിതമായിട്ടായിരുന്നു സമൂഹത്തിന്റെ വളര്‍ച്ച. നാഗരികതയുടെ പടിവാതില്‍ക്കലായിരുന്നു ഈ സമൂഹം. മൂന്ന് മില്യണ്‍ വര്‍ഷങ്ങളിലെ വേട്ടയാടലിന്റെയും ഭക്ഷണ സമ്പാദനത്തിന്റെയും ഫലമായാണ് മനുഷ്യന്റെ സാമൂഹ്യജീവിതം രൂപപ്പെട്ടത്. മുപ്പതോളം പേരടങ്ങിയ കുടുംബ ഗ്രൂപ്പുകള്‍ പരസ്പരം സഹകരിച്ചും പങ്കുവച്ചും വിശ്വസിച്ചും ജീവിച്ചു.. വേട്ട മൃഗങ്ങളെ കുടുക്കാനും കൊല്ലാനും ഈ സഹകരണമുണ്ടായി. വ്യക്തിപരമായ ശ്രമങ്ങളേക്കാള്‍ കൂട്ടായ ശ്രമങ്ങള്‍ വിജയകരമാകുന്നതായി മനുഷ്യനെ അനുഭവങ്ങള്‍ പഠിപ്പിച്ചു. ഇത്തരം ശ്രമങ്ങളില്‍ ഒപ്പംനില്‍ക്കാത്തവര്‍ അവന് ശത്രുക്കളായി. പരസ്പരം കീഴടക്കാനും കൊല്ലാനും അവര്‍ മല്‍സരിച്ചു. ആദിമ ശിലായുഗ കാലഘട്ടത്തില്‍ മനുഷ്യന്റെ വളര്‍ച്ച സാവധാനമായിരുന്നെങ്കിലും ഇക്കാലത്തെ വികസനങ്ങള്‍ ഭാവിയെ നന്നായി സ്വാധീനിച്ചു. ആഹാരം അന്വേഷിച്ചുനടക്കുക, അതു കണ്ടെത്തി വിശപ്പ്മാറ്റുക ഇത്രയൊക്കെയേ ഉണ്ടായിരുന്നുള്ളു അന്നത്തെ ആളുകളുടെ ജോലി. ഭക്ഷണവസ്തുക്കള്‍ കണ്ടുപിടിച്ചാല്‍ അക്കാര്യം മറ്റുള്ളവരെ അറിയിക്കാനായി ആഹാരത്തിന്റെ ചിത്രം വരച്ചുകാണിക്കുകയായിരുന്നു പതിവ്. മൃഗങ്ങളെയും പക്ഷികളെയുമൊക്കെ കണ്ടാല്‍ ആംഗ്യങ്ങള്‍കൊണ്ടും ശബ്ദം അനുകരിച്ചും മറ്റുള്ളവരെ അറിയിക്കും. ഭാഷയുടെ ആദ്യരൂപങ്ങള്‍ ഈ ആംഗ്യങ്ങളും മറ്റുമായിരുന്നു. തീയുടെ കണ്ടുപിടിത്തംപോലെ ഭാഷയുടെ കണ്ടുപിടിത്തവും വലിയ നേട്ടമായി. അറിവ് സമ്പാദിക്കുന്നതിനും വിവരങ്ങളും വികാരങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനും ഭാഷ സഹായമായി. സംസ്കാരത്തിന്റെ വളര്‍ച്ചയിലെ നിര്‍ണായക ഘടകമായി ഭാഷ.

""ഹലോ ജയന്‍, ആഷയിലൊരടിപൊളി തമിഴ് പടമുണ്ട്. നമ്മുടെ ഗാംഗിലെ എല്ലാരും പോകുന്നു. താന്‍ വരുന്നോ? ഉണ്ടെങ്കില്‍ വായന നിര്‍ത്തി വേഗം താഴേക്കുവാ.'' ശ്രീജിത് അരികില്‍വന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.

""നിങ്ങള്‍ പോയി കണ്ടിട്ടുവാ. ഞാന്‍ അടുത്തദിവസം കണ്ടോളാം. എനിക്കീ ബുക്കര്‍ജന്റായി വായിച്ചുതീര്‍ക്കണം.'' പോകാന്‍ താല്‍പര്യമില്ലാതെ ജയകുമാര്‍ പറഞ്ഞു.

""ഹോ... താനും തന്റെയൊരു വായനയും. ഒന്നടിച്ചു പൊളിക്കാനുള്ള സമയത്താ അവന്റെയൊരു വായന. താനവിടിരുന്ന് കൊതിതീരെ വായിക്ക്. എന്തുപറഞ്ഞാലും അവന്റെയൊരു ബുജീ സ്റ്റൈല്.''

ശ്രീജിത്ത് ദേഷ്യത്തോടെ ചവിട്ടിത്തുള്ളി പുറത്തേക്ക്‌പോയി..പക്ഷേ, എന്തുചെയ്യാന്‍. തനിക്കീ വായനയില്‍ നിന്നു കിട്ടുന്ന സുഖമൊന്നും അവരോടു പറഞ്ഞാ മനസിലാകില്ല.ജയകുമാര്‍ വായനയിലേക്ക് തിരിച്ചെത്തി.

ശിലായുഗത്തിനുശേഷം ലോഹങ്ങളുടെ ഉപയോഗമായിരുന്നു മനുഷ്യചരിത്രത്തിലെ പ്രധാന വഴിത്തിരിവ്. പാറപോലെ ഉറച്ച ധാതുക്കളില്‍നിന്ന് തീ ഉപയോഗിച്ച് ലോഹത്തെ അവന്‍ വേര്‍തിരിച്ചു. ഉപകരണങ്ങളും ആയുധങ്ങളും ലോഹങ്ങളില്‍ തീര്‍ത്തു. ഒന്നിലേറെ ലോഹങ്ങള്‍ ഉരുക്കിച്ചേര്‍ത്ത് കൂട്ടുലോഹങ്ങളുമുണ്ടാക്കി. ഓടും പിച്ചളയുമൊക്കെയായിരുന്നു കൂട്ടുലോഹങ്ങളിലെ ആദ്യഇനം. ഇരുമ്പിന്റെയും ചെമ്പിന്റെയും ഉപയോഗം നാഗരികതയുടെ വളര്‍ച്ചയില്‍ പങ്കുവഹിച്ചു. ലോഹയുഗത്തെ വെങ്കലയുഗം, ഇരുമ്പുയുഗം എന്നിങ്ങനെ വിഭജിക്കാം. അത്രയൊന്നും പ്രാധാന്യമില്ലാത്ത താമ്രയുഗമായിരുന്നു ലോഹയുഗത്തിലെ ആദ്യഘട്ടം. ചെമ്പ് ആയുധങ്ങളും ആഭരണങ്ങളും ഇക്കാലത്ത് ഉപയോഗിച്ചു. സാമൂഹികസ്ഥാനവും പദവിയും കുറിക്കാന്‍ ചെമ്പ് ഇക്കാലത്ത് ഉപയോഗിക്കപ്പെട്ടു. കല്ലിനെ അപേക്ഷിച്ച് ചെമ്പുപകരണങ്ങള്‍ കാലങ്ങളോളം നിലനിന്നു. വെങ്കലയുഗമായതോടെ ആഭരണങ്ങളും കത്തികളും പാത്രങ്ങളുമൊക്കെ വെങ്കലത്തില്‍ തീര്‍ത്തു. ചെമ്പിനെക്കാള്‍ കാഠിന്യം വെങ്കലത്തിനുണ്ടായിരുന്നു. ഇങ്ങനെ ഓരോയുഗവും മനുഷ്യന്റെ കണ്ടുപിടിത്തങ്ങളാലും പുതിയ വിഭവങ്ങളുടെ ചൂഷണത്താലും ശ്രദ്ധേയമായി. പെറുക്കിയെടുക്കാവുന്ന ധാതുക്കള്‍ തീര്‍ന്നപ്പോള്‍ അവ കിട്ടുന്ന സ്ഥലംതേടി മനുഷ്യന്‍ നടപ്പുതുടങ്ങി.

എഴുത്തും കണക്കുകൂട്ടലും സാധ്യമായതോടെ ആധുനിക മനുഷ്യന്റെ ഉദയമായി. ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെട്ടതോടെ സൂപ്പര്‍ പവറിനെക്കുറിച്ചുള്ള ചിന്തകളായി. പ്രകൃതിശക്തികളെ ദൈവമായി ആരാധിച്ചുതുടങ്ങി. അവയുടെപേരില്‍ ബലിപീഠങ്ങളൊരുങ്ങി. വൈദികരും പൂജാരിമാരും കര്‍മങ്ങള്‍ ചെയ്തു. അവരുടെ ശക്തിയും ധനവും വര്‍ധിച്ചു. ജനനം, മരണം തുടങ്ങിയ നിഗൂഢ രഹസ്യങ്ങളെയും രോഗങ്ങളെയും വിശദീകരിക്കാന്‍ ശിലായുഗകാലഘട്ടത്തില്‍തന്നെ മനുഷ്യര്‍ കഥകളുണ്ടാക്കി. തങ്ങള്‍ക്ക് മനസിലാക്കാനാവാത്ത ലോകത്തിരുന്ന്, നിയന്ത്രിക്കുന്ന മഴ, കാറ്റ്, ഇടി, മിന്നല്‍ തുടങ്ങിയ പ്രപഞ്ചശക്തികളെ പ്രീതിപ്പെടുത്താന്‍ പ്രാര്‍ത്ഥനകളും വഴിപാടുകളും സമര്‍പ്പിക്കപ്പെട്ടു. വെളിച്ചം തരുന്ന സൂര്യനെ ആരാധനയോടെ കണ്ടു. ആഭിചാരകര്‍മങ്ങള്‍ക്കും, പൂജാകര്‍മങ്ങള്‍ക്കുമായി മന്ത്രവാദികളും പൂജാരിമാരും ഉദയംകൊണ്ടു. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസത്തെ സൂചിപ്പിക്കുംവിധം മരിച്ചവരെ നേര്‍ച്ചകളും പൂജാദ്രവ്യങ്ങളും അടക്കം ചെയ്ത് സംസ്കരിക്കുന്നതും അക്കാലത്ത് പതിവായി. ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന അദൃശ്യ ശക്തിയെ മനുഷ്യന്‍ ഭയബഹുമാനങ്ങളോടെ മനസില്‍ കരുതി. കര്‍മങ്ങളും പ്രാര്‍ഥനകളും കാഴ്ച ബലികളും ജീവിതത്തിന്റെ ഭാഗമായി. അങ്ങനെ മതങ്ങള്‍ പിറവിയെടുത്തു.

മരണഭയമകറ്റാനും ധാര്‍മികതയെകുറിച്ച് ഓര്‍മപ്പെടുത്താനും മതങ്ങള്‍ സഹായിച്ചു. മതപരമായ നിയമങ്ങളും ദൈവകല്‍പനകളും മനുഷ്യന്‍ പാവനമായി കണക്കാക്കി. മതം ജനങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവുമുണ്ടാക്കി. ശിലായുഗകാലഘട്ടത്തിന്റെ അന്ത്യത്തിലാണ് ശാഖോപശാഖകളായി സങ്കീര്‍ണരൂപത്തില്‍ മതം സ്വാധീനമുറപ്പിച്ചത്. ഭൂമിയെ മാതാവായും ആകാശത്തെ പിതാവായും സൂര്യ ചന്ദ്രന്മാരെ ദേവന്മാരായും കണക്കാക്കി. ഭരണാധികാരികളെ ദൈവമായോ ദൈവത്തിന്റെ ഏജന്റുമാരായോ കണക്കാക്കി. ആരാധനയ്ക്കും പൂജകള്‍ക്കുമായൊരുങ്ങിയ ബലിപീഠങ്ങള്‍ അമ്പലങ്ങള്‍ക്കും ചാപ്പലുകള്‍ക്കും വഴിമാറി. നാഗരികതയിലേക്കുള്ള പാതയില്‍ മതപരമായ വിശ്വാസങ്ങള്‍ പ്രധാനപങ്കുവഹിച്ചു. ലോകത്തെ നിയന്ത്രിക്കുന്ന വലിയ ശക്തിയെക്കുറിച്ചുള്ള ബോധ്യം മനുഷ്യന്റെ മനസിലുണ്ടായിരുന്നു. അങ്ങനെ പൂജകളും പ്രാര്‍ത്ഥനകളുമൊക്കെ മനുഷ്യജീവിതത്തിന്റെ ഭാഗമായി. പ്രപഞ്ചോല്‍പത്തി, മനുഷ്യോല്‍പത്തി, മരണം, ജീവിതം, മരണാനന്തര ജീവിതം തുടങ്ങി എല്ലാ സംശയങ്ങള്‍ക്കും മതങ്ങളുടെ വെളിച്ചത്തില്‍ അവന്‍ ഉത്തരം കണ്ടെത്തി. എന്താണ് ശരി, എന്താണ് തെറ്റ്? ഏത് വിശ്വസിക്കണം, എന്ത് വിശ്വസിക്കരുത്.... സംശയങ്ങള്‍ ഏറെയുണ്ടായി മനുഷ്യന്. കാണാനും കേള്‍ക്കാനും കഴിയാത്ത പലതിനെയും വിശ്വസിച്ചേപറ്റൂ എന്നവന്‍ തിരിച്ചറിഞ്ഞു. അവന്‍ മതങ്ങളെ വിശ്വസിച്ചു. മതം അവന് ആശ്വാസമായി. എല്ലാ മതങ്ങളും അവന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. ഒരേ ഉത്തരങ്ങളല്ല ലഭിക്കുന്നതെങ്കിലും അവനതില്‍ ആശ്വാസംകണ്ടെത്തി.

മതപരമായ ജീവിതത്തിന് കെട്ടുറപ്പ് വന്നതിനൊപ്പം വൈദികരുടെ പദവിയും സമ്പത്തും വര്‍ധിച്ചുവന്നു. വികസനപ്രവര്‍ത്തനങ്ങള്‍, നഗരങ്ങളുടെ ഉദയം, പ്രത്യേക തൊഴില്‍മേഖലകളുടെ കണ്ടുപിടിത്തം, എഴുത്ത്, സംഘടനാപരമായി കെട്ടുറപ്പുള്ള ഭരണ സംവിധാനം, കെട്ടിട നിര്‍മാണം, ആര്‍ക്കിടെക്ചര്‍, സങ്കീര്‍ണ്ണമായ മതഘടന ഇവയൊക്കെ പഴയകാല സംസ്കാരത്തില്‍നിന്നും നാഗരികതയെ വേറിട്ടുനിര്‍ത്തി. ബി.സി 6-ാം നൂറ്റാണ്ടോടെ പുതിയ ഫിലോസഫികളും മതങ്ങളും കിഴക്കു പടിഞ്ഞാറും ദൃശ്യമായി. ലോകത്തെല്ലായിടത്തുമായി നിരവധി വ്യത്യസ്ത മതങ്ങള്‍ പിറവിയെടുത്തു. ഇന്ത്യയില്‍ രൂപമെടുത്ത ഹിന്ദൂയിസം, ബുദ്ധിസം, ജൈനിസം തുടങ്ങിയവയും പേര്‍ഷ്യയിലെ സൊറാസ്ട്രിയനിസം, ജൂദായിസം തുടങ്ങിയവയും ആദ്യകാലത്ത് രൂപപ്പെട്ട പ്രധാന മതങ്ങളില്‍ പെടുന്നു.

കണ്ടുപിടിത്തങ്ങളിലൂടെ വളര്‍ന്ന് ആധുനിക യുഗത്തിലെത്തി നില്‍ക്കുന്ന മനുഷ്യചരിത്രത്തിന്റെ സംഭവബഹുലമായ ഏടുകള്‍ ജയകുമാറിലെ ചരിത്രസ്‌നേഹിക്ക് കൗതുകമായി. 5000 വര്‍ഷംമുമ്പ് കിഴക്കിനടുത്ത് മെസപ്പൊട്ടോമിയയിലും ഈജിപ്തിലും പിന്നീട് ഇന്ത്യയിലും ചൈനയിലുമായിട്ടായിരുന്നു ആദ്യ നാഗരികതയുടെ തുടക്കം. ജനസംഖ്യാപരമായും സാമ്പത്തികമായുമൊക്കെ പുരോഗമിച്ചനഗരങ്ങള്‍ നാഗരികതയുടെ കേന്ദ്രമായി. സമീപപ്രദേശത്തെ ഗ്രാമീണരെ നഗരവാസികള്‍ ഭക്ഷണത്തിനായി ആശ്രയിച്ചു. പുതിയ സമ്പ്രദായങ്ങളിലൂടെ കൃഷിയിറക്കിയത് ഭക്ഷ്യ വിഭവങ്ങളുടെ പ്രളയംതന്നെയൊരുക്കി. ഗ്രാമീണ കര്‍ഷകര്‍, കച്ചവടക്കാര്‍ക്കും വൈദ്യരംഗമടക്കമുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ നല്‍കി. നിയോലിത്തിക് കാലഘട്ടത്തെ അപേക്ഷിച്ച് ഇക്കാലത്ത് കെട്ടിടങ്ങളും മറ്റും നിര്‍മിക്കപ്പെട്ടു. വ്യാപാരം തൊഴിലാക്കിയവരും ഏറെ പേരുണ്ടായിരുന്നു ഇക്കാലത്ത്.

ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെക്കുറിച്ച് മാലിനിയോടു സംസാരിച്ചപ്പോഴേ മനസില്‍ കുറേ സംശയങ്ങളുയര്‍്ന്നിരുന്നു.പരിണാമസിദ്ധാന്തത്തെ കുറിച്ചുള്ള പുസ്തകമെടുത്ത്് ജയകുമാര്‍ വായന തുടങ്ങി.
ജീവന്റെ ചരിത്രം പുറകോട്ട് മറിച്ചുനോക്കുമ്പോള്‍ മനുഷ്യരും കുരങ്ങും പട്ടിയും പൂച്ചയും സസ്യങ്ങളടക്കമുള്ള ജീവജാലങ്ങളും പരസ്പരം ബന്ധുക്കളാണ്. വൈറസിനേക്കാള്‍ ലളിതമായ ശരീരഘടനയുള്ള ജീവിയില്‍നിന്നാണ് മനുഷ്യനും ഉണ്ടായതെന്ന് പരിണാമ സിദ്ധാന്തം പറയുന്നു. ഇങ്ങനെനോക്കുമ്പോള്‍ മനുഷ്യന്റെ പൂര്‍വികനും ആള്‍ക്കുരങ്ങിന്റെ പൂര്‍വികനും ഒന്നായിരിക്കാം എന്ന് അദ്ദേഹം സങ്കല്‍പിച്ചു. അനേക കാലങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ആ ജീവിക്ക് ഇന്നത്തെ മനുഷ്യന്റെയോ കുരങ്ങിന്റെയോ രൂപമില്ലായിരുന്നു. ഇന്നുകാണുന്ന ജീവികള്‍ക്കൊന്നും പണ്ട് ഇന്നത്തെ രൂപമായിരുന്നില്ല. ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ മാറിമാറിവന്നതാണ് ഓരോ ജീവിയും. ചുറ്റുപാടുകളുടെ മാറ്റത്തിനനുസരിച്ച് ജീവികള്‍ സങ്കീര്‍ണമായ മാറ്റങ്ങള്‍ക്ക് വിധേയമായി. ചിലത് പിന്നീട് അപ്രത്യക്ഷമായി. ജീവന്റെ ആരംഭം മുതല്‍ ഈ മാറ്റത്തിന്റെ കഥ തുടര്‍ന്നുകൊണ്ടിരിക്കുന്നു.വായനയില്‍ ശ്രദ്ധിച്ചിരിക്കെയാണ് ജയകുമാര്‍ മാലിനിയെ കുറിച്ചോര്‍ത്തത്.

സമയം മൂന്നു കഴിഞ്ഞിരിക്കുന്നു.. ലാസ്റ്റ് ഹവര്‍ ഫ്രീയായ കുട്ടികള്‍ ഇപ്പോള്‍ ക്ലാസ്‌വിട്ട് പുറത്തിറങ്ങും. മാലിനിയും അക്കൂട്ടത്തിലുണ്ടായേക്കാം. പേരെഴുതി രജിസ്റ്ററില്‍ ചേര്‍ത്ത് പുസ്തകവുമായി ജയകുമാര്‍ പുറത്തിറങ്ങി മരച്ചുവട്ടിലേക്ക് നടന്നു. മുറ്റത്തുകൂടി നടന്നുനീങ്ങുന്ന പെണ്‍കുട്ടികളില്‍ മാലിനിയുടെ മുഖം തിരഞ്ഞ് അയാള്‍നിന്നു.

""ജയകുമാര്‍വന്നിട്ടേറെ നേരമായോ?'' മാലിനിയുടെ ചോദ്യം ജയകുമാറിനെ ഉണര്‍ത്തി.
""ദാ...യിപ്പ വന്നതേയുള്ളൂ,.... അല്ലെങ്കിലും സ്‌നേഹിക്കുന്നൊരാളെ കാത്തിരിക്കുമ്പോള്‍ സമയം പോകുന്നതറിയില്ല. നമുക്കവിടേയ്ക്ക് മാറിയിരിക്കാം.'' ദൂരെ പൂവിട്ടു നില്‍ക്കുന്ന വാകമരച്ചുവട്ടിലേക്ക് കൈകള്‍ചൂണ്ടി ജയകുമാര്‍ പറഞ്ഞു. അതുശരിവച്ച് മാലിനിയും ജയകുമാറിനൊപ്പം നടന്നു.
""താനെങ്ങനെ, ക്ലാസില്‍ നോട്ടൊക്കെ കൃത്യമായി കുറിച്ചെടുക്കുമോ മാലിനീ.''
""കുറെയൊക്കെ എഴുതും. പിന്നെ സംശയമുള്ളതൊക്കെ പുസ്തകങ്ങള്‍ റഫര്‍ ചെയ്ത് പൂര്‍ത്തിയാക്കും.''
""എനിക്കും ബുക്കുകള്‍ കൂടിനോക്കിയാലേ തൃപ്തിയാകൂ.'' ജയകുമാര്‍ പറഞ്ഞു.
""കഴിഞ്ഞദിവസം നമ്മള്‍ സംസാരിച്ചതിന്റെ ബാക്കിയായി മനുഷ്യചരിത്രത്തെകുറിച്ചും പരിണാമസിദ്ധാന്തത്തെകുറിച്ചുമൊക്കെ കൂടുതല്‍ വായിച്ചു. സങ്കീര്‍ണമായ വിഷയങ്ങളാണിവ രണ്ടും. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചത് ഉത്തരമില്ലാത്ത അവന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണെന്ന് കരുതാനാ എനിക്കിഷ്ടം.''
""ഇത്രയും ഗഹനമായ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പറ്റിയൊരു സുഹൃത്തിനെ എനിക്ക് കിട്ടിയല്ലോ.'' മാലിനി പറഞ്ഞു.
""താന്‍ ഒരേസമയം പരിണാമസിദ്ധാന്തത്തിലും ദൈവത്തിലും വിശ്വസിക്കുന്നതാ എനിക്ക് മനസിലാകാത്തത്.''
""പരിണാമ സിദ്ധാന്തമെന്നൊക്കെ പേരിട്ടുവിളിക്കുന്നതിലാ അതിന്റെ പ്രശ്‌നം. ഓരോ ധാരണകളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ നിഗമനമായി മാത്രം കണ്ടാമതി അതിനെ. അതേപോലെതന്നെവേണം ദൈവം എന്ന ആശയത്തെയും നിര്‍വചിക്കാന്‍. ലോകത്തെയും ഭൂമിയെയും ജീവജാലങ്ങളെയും സൃഷ്ടിച്ചതെന്ന് കരുതുന്ന സൂപ്പര്‍ പവറിനെയാണ് നാം ദൈവമെന്ന് വിളിക്കുക. അനുഭവ നിരീക്ഷണങ്ങളില്‍നിന്ന് മനുഷ്യന്‍ രൂപപ്പെടുത്തിയ ധാരണകളാണിതും. ജീവിത ലക്ഷ്യങ്ങള്‍, മനുഷ്യത്വം, നീതി, കടമ, സ്‌നേഹം, പരസ്പര ബഹുമാനം തുടങ്ങിയവയെകുറിച്ചുള്ള നമ്മുടെ അഭിപ്രായങ്ങളെല്ലാം മനുഷ്യന്റെ ഉല്‍പത്തിയെകുറിച്ചുള്ള നമ്മുടെ ധാരണകളുമായി ബന്ധപ്പെട്ടിരിക്കുന്നു.''

""താന്‍ പറഞ്ഞതുശരിയാ. മതമെന്ന് പറഞ്ഞാല്‍ ദൈവത്തിലുള്ള വിശ്വാസവും പരിണാമസിദ്ധാന്തം സയന്‍സുമാണ്. നമുക്കിത് രണ്ടും കൂടിയേ പറ്റൂ. താന്‍ അമ്പലങ്ങളില്‍ പതിവായി പോകാറുണ്ടോ?''
""പിന്നേ......പോകാറുണ്ട്...... അടുത്ത തവണ ജയകുമാര്‍ എനിക്കൊപ്പം വരുന്നോ?''
""ഞാന്‍ നോക്കട്ടേ, പറ്റിയാല്‍ നമുക്കൊരുമിച്ച് പോയി പ്രാര്‍ത്ഥിക്കാം.''
""അടുത്ത ഒന്നാംതീയതിയാകട്ടെ, രാവിലെ കോളജില്‍വരും മുമ്പ് നമുക്ക് അമ്പലത്തില്‍ പോയിട്ട് വരാം.''
"" ജയകുമാറെന്നായിനി വീട്ടില്‍ പോകുന്നേ?
""സമ്മര്‍ വെക്കേഷനിലേയുള്ളൂ''

""എനിക്ക് നിങ്ങളുടെ ഗ്രാമവും വീടുമൊക്കെയൊന്ന് കാണണമെന്നുണ്ട് ജയകുമാര്‍. ഒരു ശനിയാഴ്ച രാവിലെ ബസിന് പോയാല്‍ വൈകുമ്പോഴേക്കും മടങ്ങിയെത്താന്‍ പറ്റില്ലേ? കൂട്ടുകാര്‍ക്കൊപ്പം സിനിമയ്ക്ക് പോകുന്നുവെന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞോളാം.''
ജയകുമാര്‍ ഒരുനിമിഷം ആലോചിച്ചുനിന്നു. ഒരു പെണ്‍കുട്ടി തനിക്കൊപ്പം വീട്ടിലേക്ക് വരുന്നതുകാണുമ്പോള്‍ അച്ഛനും അമ്മയും എന്ത് വിചാരിക്കും. വീട്ടിലെ ലളിതമായ സാഹചര്യങ്ങളൊന്നും മാലിനിക്ക് ഇഷ്ടപ്പെടണമെന്നുമില്ല. എന്നാലും ജയകുമാര്‍ പറഞ്ഞു.
""തനിക്കെന്നാ സൗകര്യമെന്ന് പറഞ്ഞോളൂ. നമുക്ക് പോയിവരാം.''
മാലിനിക്ക് സന്തോഷമായി.
""നമ്മള്‍ സംസാരിച്ചിരുന്ന വിഷയത്തില്‍ നിന്നു വിട്ടുപോയി.ഇന്ത്യയിലെ നാഗരികതയുടെ ഉദയത്തെക്കുറിച്ച് താന്‍ വായിച്ചിട്ടുണ്ടോ.''

""മധ്യപ്രദേശിലെ ബിംബെട്കാ ഗുഹാമുഖങ്ങളാണ് ഇന്ത്യയിലെ ആദിമ മനുഷ്യനെ കുറിച്ച് ലഭ്യമായ ആദ്യവിവരം. 9000 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇന്ത്യയില്‍ ആദ്യത്തെ മനുഷ്യ കോളനികള്‍ പ്രത്യക്ഷപ്പെട്ടത്. അത് പിന്നീട് ഇന്‍ഡസ് വാലി സിവിലൈസേഷനായിരൂപംകൊണ്ടു. ഇതേ തുടര്‍ന്നുണ്ടായ വേദിക് കാലഘട്ടം ഹിന്ദുമതത്തിന് അടിസ്ഥാനമിട്ടു. സാംസ്കാരികമായി ഏറെ പ്രത്യേകതകളും ഇക്കാലഘട്ടത്തിനുണ്ടായി. ബി.സി 500 വരെ ഇത് നിലനിന്നു. 550 ബി.സി മുതല്‍ സ്വതന്ത്രരാജ്യങ്ങളും റിപ്പബ്ലിക്കുകളും രാജ്യമെങ്ങും രൂപംകൊണ്ടു.ബി.സി മൂന്നാം നൂറ്റാണ്ടില്‍ സൗത്ത് ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ചന്ദ്രഗുപ്ത മൗര്യന്‍ മൗര്യസാമ്രാജ്യത്തില്‍ ചേര്‍ത്തു. അശോകനു കീഴിലായിരുന്നു ഭരണം. ബി.സി.3-ാം നൂറ്റാണ്ട് മുതലുള്ള ഗുപ്ത വംശഭരണകാലമാണിന്ത്യയുടെ സുവര്‍ണകാലമെന്നറിയപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ ചോളരും വിജയനഗര സാമ്രാജ്യവും ഉള്‍പ്പെടെ സയന്‍സ,് എന്‍ജിനീയറിംഗ്, ആര്‍ട്, ലിറ്ററേച്ചര്‍, അസ്‌ട്രോണമി, ഫിലോസഫി തുടങ്ങിയവയൊക്കെ ഈ രാജാക്കന്മാര്‍ക്ക് കീഴില്‍ വളര്‍ന്നു.ചരിത്രം പഠിക്കാന്‍ രസമാണ്. ഇക്കണോമിക്‌സാ് മെയിനെങ്കിലും ഹിസ്റ്ററി വായിക്കാനാ എനിക്കിഷ്ടം.'' ജയകുമാര്‍ പറഞ്ഞു.

""എനിക്ക് ഹിസ്റ്ററിയേക്കാളും ഫിലോസഫിയും മതത്തെക്കുറിച്ചുള്ള പഠനങ്ങളുമാ ഇഷ്ടം.''
""എനിക്കു വീണ്ടും മനസിലാകാത്തതെന്താന്നുവച്ചാ .....താന്‍ തിയറി ഓഫ് ഇവല്യൂഷനില്‍ വിശ്വസിക്കുന്നു. എന്നാല്‍ ദൈവത്തിലുമുണ്ട് ഉറച്ച വിശ്വാസം.''

""അതുപിന്നേ ജയകുമാര്‍, പരിണാമസിദ്ധാന്തം സയന്‍സല്ലേ. ശാസ്ത്രീയ തത്വങ്ങളനുസരിച്ച് നമ്മള്‍ പ്രകൃതിയിലെ പരമാധികാരികളാണ്. പ്രകൃതി രഹസ്യങ്ങളുടെ ഉള്ളറകള്‍ സയന്‍സിലൂടെ കുറച്ചൊക്കെ തുറക്കാനാകും. പ്രകൃതിയും ലോകവും സങ്കീര്‍ണവും വെല്ലുവിളികള്‍ നിറഞ്ഞതുമാണെന്ന് സയന്‍സ് തെളിയിച്ചുകൊണ്ടിരിക്കുന്നു. മൈക്രോസ്‌കോപ്പിലൂടെയോ, ലേസര്‍ ടെലിസ്‌കോപ്പിലൂടെയോ അളക്കാനാവാത്ത രഹസ്യങ്ങളാണിവ. ലോകത്തിന്റെ കേന്ദ്രബിന്ദുവേതെന്നോ മനുഷ്യന്റെ ഹൃദയരഹസ്യങ്ങളോ അവന്റെ വികാരങ്ങളുടെ ആഴമോ ഭൗതികവും രസതന്ത്രപരവുമായ ഡേറ്റകള്‍ക്കൊന്നും വിശദീകരിക്കാനാവില്ല. മനുഷ്യനെന്ന് പറഞ്ഞാല്‍ ആരാണ്? അവനെന്താണ്? എങ്ങനെ ജീവന്‍ ഉദ്ഭവിച്ചു? നല്ലവര്‍ക്ക് എന്തുകൊണ്ട് ചീത്തക്കാര്യങ്ങള്‍ സംഭവിക്കുന്നു? എവിടേക്കാണ് ലോകത്തിന്റെ പോക്ക്? ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെ നമ്മള്‍ എത്തുന്നത് ഒരുപിടി വിശുദ്ധ രഹസ്യങ്ങളുടെ ലോകത്തേക്കാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ മതങ്ങളുടെ ലോകത്തേക്ക്. ദൈവമെന്ന സൃഷ്ടാവിന്റെ പിന്‍ബലമുണ്ടെങ്കില്‍ ഈ രഹസ്യങ്ങളെല്ലാം നമുക്ക് വിശദീകരിക്കാനാകും. സയന്‍സിലൂടെ പ്രപഞ്ചരഹസ്യങ്ങള്‍ ചുരുളഴിയപ്പെടുന്നതോടെ മതങ്ങള്‍ അപ്രസക്തമാകുമെന്ന് കരുതിയിരുന്നു ഒരു കാലത്ത്. എന്നാല്‍ മനുഷ്യന്‍ വെറും ശിശുവായ അറിവിന്റെ മേഖലകള്‍ ധാരാളമുണ്ടെന്ന തിരിച്ചറിവ് ഇന്ന് ശാസ്ത്രത്തിനുണ്ട്.''

"" മതങ്ങളെയും ദൈവത്തെയും കുറിച്ച് താന്‍ പറഞ്ഞ വാദഗതികളോട് തര്‍ക്കിക്കാനൊന്നും ഞാനില്ല. എനിക്ക് മതങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാനുണ്ട്.''

""സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്നു കേട്ടിട്ടില്ലേ, ജീവികളുടെ എണ്ണത്തിനനുസരിച്ച് ഭക്ഷണത്തിന്റെ അളവും വര്‍ധിക്കാഞ്ഞാല്‍ ആഹാരത്തിനായി മല്‍സരമുണ്ടാകുക സ്വാഭാവികം. ഭക്ഷണം ശേഖരിക്കാന്‍ കഴിവും ശക്തിയുമുള്ളവര്‍ നിലനില്‍ക്കും. അല്ലാത്തവര്‍ പട്ടിണികിടന്ന് വംശം തന്നെ ഇല്ലാതാകും. പ്രകൃതി നിര്‍ധാരണം അല്ലെങ്കില്‍ നാച്യൂറല്‍ സെലക്ഷന്‍ എന്ന് ഡാര്‍വിന്‍ പറഞ്ഞത് ഇതിനെകുറിച്ചാ. ഈ പരിസരങ്ങളോട് കൂടുതല്‍ അഡ്ജസ്റ്റ് ചെയ്യാനാവുന്ന ജീവികളെ പ്രകൃതി തിരഞ്ഞെടുക്കുന്നൂ എന്നല്ലേ ഇതിനര്‍ത്ഥം.''ഇടയ്‌ക്കൊന്നു നിര്‍ത്തിയിട്ട് അല്പംകൂടി ഗൗരവം ഭാവിച്ച് മാലതി തുടര്‍ന്നു.""എല്ലാ ജീവി വര്‍ഗങ്ങളിലുമുണ്ടാകുന്നുണ്ട് പോറ്റാനാവുന്നതിലുമേറെ അംഗങ്ങള്‍. ഇവയില്‍ ചെറിയൊരു ശതമാനമേ വളര്‍ച്ചയെത്തി വീണ്ടും വര്‍ധിക്കുന്നുള്ളൂ. പ്രകൃതിയോട് കൂടുതല്‍ പൊരുത്തപ്പെടുന്നവര്‍ ഇങ്ങനെ നിലനില്‍ക്കും. ഈ തിരഞ്ഞെടുപ്പില്ലായിരുന്നെങ്കില്‍ ഭൂമിയില്‍ എന്തൊരു തിരക്കായിരുന്നേനേ, അല്ലേ ജയകുമാര്‍. ലോകത്തില്‍ ജീവിക്കാനായി പ്രകൃതി ചില ജീവികളെ തിരഞ്ഞെടുക്കുന്നു. ഈ തിരഞ്ഞെടുപ്പ് തലമുറകള്‍തോറും ആവര്‍ത്തിക്കുന്നു.''

"" മനുഷ്യന് ശേഷം പുതിയ സ്പീഷിസുകളൊന്നും ഉണ്ടാകാത്തതിനെന്തു വിശദീകരണം നല്‍കും?''

""പ്രകൃതിയുടെ ഈ തിരഞ്ഞെടുപ്പ് നടക്കുന്നത് ചെറിയ ജനറ്റിക് മ്യൂട്ടേഷനുകളെ സംരക്ഷിക്കാനും നിലനിര്‍ത്താനുമാണ്. ഒരു സ്പീഷിസിലെ ഒരംഗത്തിന് എന്തെങ്കിലും പ്രത്യേക സ്വഭാവവിശേഷമുണ്ടെങ്കില്‍ അതിന്റെ കുഞ്ഞുങ്ങള്‍ക്കും ആ സ്വഭാവം സ്വന്തമാകും. അതുപിന്നെ തലമുറകളോളം നിലനില്‍ക്കും. ദുര്‍ബലരായ അംഗങ്ങള്‍ ക്രമേണ നശിച്ചുപോകും. സുപ്പീരിയര്‍ മെമ്പേഴ്‌സ് മാത്രം നിലനില്‍ക്കും.''

""സംസാരിച്ചുനിന്ന് സമയം പോയതറിഞ്ഞില്ല ..... നേരം വൈകി ....ഞാന്‍ പോകട്ടേ ജയകുമാര്‍.നാളെ ലൈബ്രറിയില്‍ കാണാം.'' മാലിനി എഴുന്നേറ്റ് തിടുക്കത്തില്‍ യാത്രപറഞ്ഞൊരോട്ടോയില്‍ കയറിവീട്ടിലേക്ക് പോയി.

(തുടരും....)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക