Image

ഒറ്റപ്പെട്ട ഭീകരാക്രമണം തടയിടാനുള്ള നിര്‍ദേശവുമായി വിശാല്‍ മാത്യു

Published on 24 April, 2017
ഒറ്റപ്പെട്ട ഭീകരാക്രമണം തടയിടാനുള്ള നിര്‍ദേശവുമായി വിശാല്‍ മാത്യു
ന്യൂയോര്‍ക്ക്: ഒറ്റപ്പെട്ട വ്യക്തികള്‍ നടത്തുന്ന ഭീകരാക്രമണം (ലോണ്‍ വുള്‍ഫ് ടെററിസ്റ്റ്) തടയാനും യുവാക്കളെ തീവ്രവാദത്തില്‍ നിന്ന് അകറ്റാനുമുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്ന വിശാല്‍ മാത്യുവിന്റെ നിര്‍ദേശം റൂസ് വെല്‍റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ '10 ഐഡിയാസ്' ലിസ്റ്റില്‍ ഇടംപിടിച്ചു.

അമേരിക്കയില്‍ തീവ്രവാദികള്‍ ആക്രമിക്കാന്‍ ഏറ്റവും സാധ്യതയുള്ളത് ന്യൂയോര്‍ക്കിലാണെന്നും അതിനാല്‍ അതിനെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂയോര്‍ക്ക് സ്റ്റേറ്റ് പ്രത്യേക പരിഗണന നല്‍കണമെന്നും പോളിസി പേപ്പറില്‍ വിശാല്‍ മാത്യു ചൂണ്ടിക്കാട്ടുന്നു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് മെന്റല്‍ ഹെല്‍ത്തും, ഓഫീസ് ഓഫ് കൗണ്ടര്‍ ടെററിസവുമാണ്ഇതിനു മുന്നിട്ടിറങ്ങേണ്ടത്.

യുവജനതയില്‍ വരുന്ന മാറ്റങ്ങള്‍ വീട്ടുകാരും സമൂഹത്തിലുള്ള മറ്റുള്ളവരും ശ്രദ്ധിക്കുകയാണ് ഒരു വഴി. സ്ഥിതി അപകടത്തിലേക്ക് നീങ്ങുമെന്നു കാണുമ്പോള്‍ അധികൃതരെ അറിയിക്കാന്‍ വീട്ടുകാര്‍ക്കും സമൂഹത്തിലെ മറ്റ് അംഗങ്ങള്‍ക്കും ബാധ്യതയുണ്ട്. ഒരാളുടെ ജീവിതം തകരുമല്ലോ എന്നു കരുതി പലരും മിണ്ടാതിരിക്കുന്നു. പക്ഷെ അത് ഒരുപാട് പേരുടെ ജീവിതം തകരാനിടയാക്കുമെന്നത് മറക്കരുത്.

തീവ്രവാദ പ്രവര്‍ത്തന സാധ്യതയുള്ളവര്‍ക്ക് മാനസീക ചികിത്സയും കൗണ്‍സിലിംഗുമൊക്കെ നല്‍കുകയാണ് ആദ്യം വേണ്ടത്.

ന്യൂയോര്‍ക്ക് പോലീസിനു മുന്‍കരുതല്‍ സംവിധാനങ്ങളുണ്ടെങ്കിലും അതു പ്രത്യേക സമൂഹങ്ങളെ ലക്ഷ്യമിടുന്നു എന്നത് ശുഭോദര്‍ക്കമല്ല. അതേസമയം. ഒറ്റപ്പെട്ട ഭീകരരെ കണ്ടെത്തുക വിഷമകരമാണെന്ന സത്യവും നിലനില്‍ക്കുന്നു.

ജര്‍മ്മനിയില്‍ നടപ്പിലാക്കിയ ഹയറ്റ് ആന്‍ഡ് എക്‌സിറ്റ് പോളിസി ഫലപ്രദമായ നടപടിയാണെന്നു വിശാല്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബത്തെ ലക്ഷ്യമിട്ടുള്ള കൗണ്‍സിംലിംഗ് പ്രോഗ്രാമാണിത്. സൈക്കോളജിക്കലും നിയമപരവുമായ സഹായങ്ങളും ചെയ്യും.

ബ്രിട്ടണിലും നടപ്പാക്കിയ ഇത് ന്യൂയോര്‍ക്കില്‍ നടപ്പിലാക്കണമെന്നും വിശാല്‍ ചൂണ്ടിക്കാട്ടുന്നു.

റോക്ക് ലാന്‍ഡിലെ കോങ്കേഴ്‌സില്‍ താമസിക്കുന്ന ജേക്കബ് മാത്യുവിന്റേയും, മിനിമോളുടേയും പുത്രനാണ് വിശാല്‍.

പോളിസി പേപ്പര്‍ പി.ഡി.എഫില്‍..... 
ഒറ്റപ്പെട്ട ഭീകരാക്രമണം തടയിടാനുള്ള നിര്‍ദേശവുമായി വിശാല്‍ മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക