Image

ഇമാന്‍ അഹമ്മദിന്റെ ആരോഗ്യത്തില്‍ മാറ്റമില്ലെന്ന്‌ സഹോദരി; നിഷേധിച്ച്‌ ഡോക്ടര്‍

Published on 25 April, 2017
ഇമാന്‍ അഹമ്മദിന്റെ  ആരോഗ്യത്തില്‍ മാറ്റമില്ലെന്ന്‌ സഹോദരി; നിഷേധിച്ച്‌ ഡോക്ടര്‍


മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമേരിയ വനിത ഇമാന്‍ അഹമ്മദിന്റെ ആരോഗ്യ നിലയില്‍ യാതൊരു മാറ്റവുമില്ലെന്നും ഡോക്ടര്‍മാര്‍ എല്ലാവരെയും വിഡ്‌ഢികളാക്കുകയാണെന്നും ആരോപണം ഉന്നയിച്ച്‌ ഇമാന്റെ സഹോദരി സയ്‌മ സലിം രംഗത്ത്‌. മുംബൈ സെയ്‌ഫി ആശുപത്രിയിലെ ഡോ.മുഫാസല്‍ ലക്‌ഡാവാല നുണപറയുകയാണ്‌. 

 ഇമാന്റെ മാറ്റങ്ങളെ കുറിച്ച്‌ ശരിയായ വിവരങ്ങള്‍ അയാള്‍ തരുന്നില്ല. ഇമാന്‌ ഒരു തരി പോലും മാറ്റം വന്നിട്ടില്ലെന്നും അവര്‍ പറയുന്നു.

അതേസമയം ആരോപണങ്ങള്‍ ഡോക്ടര്‍ നിഷേധിച്ചു. ഇമാന്‍ ആരോഗ്യവതിയായി ഇരിക്കുന്നു. അവരുടെ നാഡീവ്യൂഹത്തിന്റെ അവസ്ഥകള്‍ മനസിലാക്കാന്‍ സി.ടി സ്‌കാന്‍ ചെയ്യാന്‍ ഒരുങ്ങുകയാണെന്നും സാമ്പത്തിക കാരണങ്ങള്‍ മൂലം സഹോദരിയെ തിരികെ ഈജിപ്‌തിലേക്ക്‌ കൊണ്ടു പോവാന്‍ താല്‍പര്യമില്ലാത്തതിനാലാണ്‌ അവര്‍ ഇത്തരം ബഹളം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വാര്‍ഡില്‍ നിന്നും സി.ടി സ്‌കാനിനായി പുറത്തുവരുന്ന ഇമാനെ കാണുന്നവര്‍ക്ക്‌ യാഥാര്‍ത്ഥ്യം മനസിലാവുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

മനുഷ്യത്വത്തിന്റെ പേരിലാണ്‌ ഇമാന്‍റെ ചികിത്സ ഏറ്റെടുത്തത്‌. നിസഹായായി അവര്‍ മരിക്കുന്നത്‌ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മൂന്ന്‌ നാല്‌ ആഴ്‌ചയ്‌ക്കുള്ളില്‍ വീണ്ടും ഇമാന്റെ ഭാരം തൂക്കും. അത്‌ 200 കിലോഗ്രാമിന്‌ താഴെ ആയിരിക്കുമെന്നാണ്‌ കരുതുന്നത്‌. അവര്‍ ഒരു പോരാളിയാണെന്നും ഇതിന്‌ വേണ്ടി പോരാടാനുള്ള ഒരു മനസ്‌ അവര്‍ക്ക്‌ ഉണ്ടെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ഞൂറു കിലോയില്‍ അധികം ഭാരമുണ്ടായിരുന്ന ഇമാന്‍ സെയ്‌ഫി ആശുപത്രിയില്‍ ശസ്‌ത്രക്രിയക്ക്‌ വിധേയയായ ശേഷം 250 ഓളം കിലോ കുറച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക