Image

ഇന്ത്യന്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്‌ പ്രൊഫസര്‍ ഡോ. കിരണ്‍ ജോര്‍ജിന്‌ ഷീല്‍ഡ്‌സ്‌ അവാര്‍ഡ്‌

Published on 25 April, 2017
ഇന്ത്യന്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്‌ പ്രൊഫസര്‍ ഡോ. കിരണ്‍ ജോര്‍ജിന്‌ ഷീല്‍ഡ്‌സ്‌ അവാര്‍ഡ്‌

കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി -ഫുള്ളര്‍ടണ്‍, ഇന്ത്യന്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്‌ പ്രൊഫസര്‍ ഡോ. കിരണ്‍ ജോര്‍ജിന്‌ എല്‍ ഡൊണാള്‍ഡ്‌ ഷീല്‍ഡ്‌സ്‌ എക്‌സലന്‍സ്‌ ഇന്‍ സ്‌കോളര്‍ഷിപ്പ്‌ ആന്‍ഡ്‌ ക്രിയേറ്റിവിറ്റി അവാര്‍ഡ്‌ നല്‍കി ആദരിച്ചു. 

കൈ ചലിപ്പിക്കാന്‍ സാധിക്കാത്ത രോഗികള്‍ക്കുവേണ്ടി തലച്ചോറിനാല്‍ നിയന്ത്രിക്കാനാവുന്ന റോബോട്ടിക്‌ കൈ കുറഞ്ഞ ചെലവില്‍ നിര്‍മിച്ചെടുത്തും സംസാരിക്കാനാവാത്ത(ALS -Amyotrophic Lateral Sclerosis) രോഗികള്‍ക്കുവേണ്ടി ഇലക്‌ട്രോണിക്‌ കമ്യൂണിക്കേഷന്‍ സിസ്റ്റം വികസിപ്പിച്ചെടുത്തും ഇന്നൊവേറ്റീവ്‌ ഗവേഷണത്തില്‍ ശ്രദ്ധേയനായ ഫ്രൊഫ. ജോര്‍ജിന്റെ കണ്ടുപിടിത്തങ്ങളെ മാനിച്ചാണ്‌ ആദരമെന്ന്‌ യൂണിവേഴ്‌സിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

കാലിഫോര്‍ണിയ വാഴ്‌സിറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റിന്റെ(1970 -80) സ്‌മരണയ്‌ക്കായുള്ളതാണ്‌ ഷീല്‍ഡ്‌സ്‌ അവാര്‍ഡ്‌. ഗവേഷണത്തിലും അക്കാദമിക്‌ തലത്തിലും കാലിഫോര്‍ണിയ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ വിദ്യാഭ്യാസരംഗത്തിന്‌ സംഭാവനകളേകുന്നവരെ ആദരിക്കാനായാണ്‌ ഈ പുരസ്‌കാരം നല്‍കുന്നത്‌.

താന്‍ തീരെ പ്രതീക്ഷിക്കാതെ ലഭിച്ചൊരു ആദരമാണിത്‌. ഈ പുരസ്‌കാരലബ്‌ധിയില്‍ ഞാന്‍ കൂടുതല്‍ വിനീതനാകുന്നു. കിരണ്‍ ജോര്‍ജ്‌ പറയുന്നു.

2007ല്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നതുമുതല്‍ ജോര്‍ജിന്‌ 1.85 മില്യണ്‍ ഡോളറിലേറെ ഗവേഷണത്തിന്‌ ഫണ്ട്‌ ലഭിച്ചു. നിലവിലെ പ്രസിഡന്റ്‌ മില്‍ഡ്രഡ്‌ ഗാര്‍സിയ ആണ്‌ 2016-2017ലേക്കുള്ള കിരന്റെ അവാര്‍ഡ്‌ വിവരം  പ്രഖ്യാപിച്ചത്‌.

കമ്പ്യൂട്ടര്‍ ഏന്‍ജിനീയറിംഗ്‌ പ്രോഗ്രാം ചുമതലയുള്ള കിരണ്‍ 250ലധികം അണ്ടര്‍ഗ്രാജുവേറ്റ്‌ കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്‌.
വിദ്യാര്‍ഥികളുടെ വിജയത്തെ കുറിച്ചും കുട്ടികളുടെ പഠനം എങ്ങനെ മെച്ചപ്പെടുത്താമെന്നുമാണ്‌ ഡോ. ജോര്‍ജ്‌ ചിന്തിക്കുന്നതെന്ന്‌ കോളജ്‌ ഡീന്‍ സൂസന്‍ ബാറുവ പറയുന്നു. 

റിവര്‍സൈഡിലാണ്‌ 
ഡോ. ജോര്‍ജ്‌ താമസം. റൈറ്റ്‌ വാഴ്‌സിറ്റി (ഒഹിയോ)യില്‍ നിന്നും ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റേഴ്‌സും ഡോക്‌ടറേറ്റും (2007) നേടിയ കിരണ്‍ ഇന്ത്യയില്‍ ഭാരതിയാര്‍ വാഴ്‌സിറ്റിയില്‍ നിന്ന്‌ ബിരുദവുമെടുത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക