Image

ഭയത്തിന്റെ നിഴലില്‍ ഒരു ലോകം? (ലേഖനം : ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 26 April, 2017
ഭയത്തിന്റെ  നിഴലില്‍  ഒരു  ലോകം?  (ലേഖനം : ജയന്‍  വര്‍ഗീസ്)
(അറുപതു  ലക്ഷം  മനുഷ്യ  സ്വപ്നങ്ങളെ  കശക്കിയെറിഞ്ഞ  അഡോള്‍ഫ്  ഹിറ്റ് ലറിനെപ്പോലെ,  അഹങ്കാരത്തിന്റെ  ആള്‍രൂപമായി  ആ  ഉത്തര  കൊറിയന്‍  ചെറുക്കന്‍  അലറുന്‌പോള്‍,  'പട്ടി  കുരച്ചാലും  പടി  തുറക്കും ' എന്ന  വാശിയോടെ  അമേരിക്കന്‍  യുദ്ധക്കപ്പലുകളും  അവിടെ  കാവല്‍  കിടക്കുകയാണ്! )

മനുഷ്യ  വംശ  ചരിത്രത്തിലെ  അതി  നിര്‍ണ്ണായകമായ  ഒരു  കാലഘട്ടത്തിലൂടെയാണ്  നാം  കടന്നു  പോയിക്കൊണ്ടിരിക്കുന്നത്.  കോടാനുകോടി  വര്‍ഷാന്തരങ്ങളുടെ  വിശാല  കാന്‍വാസില്‍  വാമൊഴിയിലും,  വരമൊഴിയിലുമായി  നീണ്ടുപരന്നു  കിടക്കുന്ന   ആ  ചരിത്രം  ഇത്രമേല്‍  ഭീതിതമായ  ഒരു  ദുരവസ്ഥ  ഇതിനു  മുന്‍പൊരിക്കലും  രചിക്കപ്പെട്ടിരുന്നില്ല  എന്നതാണ്  സത്യം

പ്രപഞ്ച  ചേതനയുടെ  വാത്സല്യാതിരേകത്തിന്റെ  വിരല്‍ത്തുന്പില്‍  തൂങ്ങി,  നഗ്‌നമായ  പ്രകൃതിയുടെ  നിറമാറിലേക്ക്  തന്റെ  മൃദുപാദങ്ങളൂന്നി  അവന്‍  നടന്നുവന്ന  ആദിമ  യുഗവേദികളില്‍;  അവന്റെ  കണ്ണും,  കാതും,  കരളും  കുളിര്‍പ്പിക്കുന്ന  അസുലഭ  സാഹചര്യങ്ങളൊരുക്കി  മാറിനില്‍ക്കുന്‌പോള്‍,  തന്റെ  ഓമനയുടെ  കുഞ്ഞിക്കാലുകളുടെ  പിച്ച  വായ്പുകളില്‍  രോമഹര്‍ഷമണിഞ്ഞിരിക്കുകയില്ലേ  ആ  രാജശില്പി?

അവിടുന്നിങ്ങോട്ടുള്ള  സുദീര്‍ഘമായ  കാലഘട്ടം.  ഉരുണ്ടു  വീണും,  പിടഞ്ഞെണീറ്റും  അവന്‍  നടക്കാന്‍  പഠിച്ചു.  സാഹചര്യങ്ങളെ  ആസ്വദിക്കുകയെന്ന  ജീവിത  വൃത്തിയുടെ  വൈവിധ്യങ്ങളെയും,  വൈരുദ്ധ്യങ്ങളെയും  തനിക്കനുകൂലമായി  മാറ്റിമറിക്കാന്‍  അവന്‍  ശ്രമിച്ചതിന്റെ  അനന്തര  ഫലങ്ങളിലാണ്,  വര്‍ത്തമാനാവസ്ഥയുടെ  ഇന്നുകളില്‍  നമുക്ക്  ചുറ്റും  നാം  കാണുകയും,  അനുഭവിക്കുകയും  ചെയ്യുന്ന  ഈ  ലോകം!.

നമുക്കഭിമാനിക്കാന്‍  വകകളേറെ.  പ്രകൃതിയുടെ  കൂര്‍പ്പുകളും,  മൂര്‍പ്പുകളും  തേച്ചും,  ഉരച്ചും  നാം  മിനുസമാക്കി.അസാധ്യങ്ങളെ  നാം  സാധ്യമാക്കി.  അപ്രാപ്യങ്ങളെ  സുപ്രാപ്യമാക്കി.  ദൂരസ്ഥങ്ങളെ  സമീപസ്ഥങ്ങളാക്കി.  ഉള്ളം  കൈയിലെ  നെല്ലിക്കയാക്കി  നാം  ലോകത്തെ അമ്മാനമാടി!

ചന്ദ്രനിലേക്കും,  ചൊവ്വയിലേക്കും  എന്നല്ല,  പ്രപഞ്ച  നിഗൂഡതകളുടെ  അപാര  തീരങ്ങളിലേക്കു  വരെ  നമ്മുടെ  ജിജ്ഞാസകളുടെ  ഒളിഞ്ഞു  നോട്ടങ്ങള്‍  നീണ്ടു  നീണ്ടു  ചെന്നപ്പോള്‍;  അറിയപ്പെടുന്ന  പ്രപഞ്ചത്തിലെ  അത്യുല്‍കൃഷ്ട  ജീവി  നമ്മളാണ്  എന്ന്  നാം  അഭിമാനിച്ചിരുന്നു!  മരണമെന്ന  മാന്ത്രികന്റെ  മായാജാലങ്ങളില്ലായിരുന്നെങ്കില്‍,  നാമാണ്  ഈ  പ്രപഞ്ചത്തിന്റെ  ഉടമ  എന്നുവരെ  നാം  ജല്പനം  നടത്തുമായിരുന്നു?

എന്നാലിന്ന്,  ഇവിടെ  ഈ  മണ്ണില്‍  നാം  കെട്ടിപ്പൊക്കിയ  സ്വപ്നങ്ങളുടെ  ചില്ലു  കൊട്ടാരങ്ങള്‍ക്കടിയില്‍,  ചിതറിത്തകര്‍ന്ന  അതിന്റെ  അവശിഷ്ടങ്ങളുടെ  കുരുക്ഷേത്ര  ഭൂമിയില്‍,  കബന്ധങ്ങള്‍  കാണാനായി  കണ്ണിലെ  കെട്ടഴിച്ച  ഗാന്ധാരിയെപ്പോലെ  നാം  വിലപിക്കുകയാണ്?

കണ്ടെത്തലുകളും,  കണ്ടുപിടുത്തങ്ങളുമാണ്  നമ്മെ  വളര്‍ത്തിയത്  എന്ന്  നാം  അഭിമാനിക്കുന്‌പോഴും,  കാലപ്പയുടെ  കണ്ടുപിടുത്തത്തിലൂടെ  മണ്ണിന്റെ  മാറ്  പിളര്‍ന്നു  വിളവിറക്കിയ  നമ്മള്‍,  അത്  അയല്‍ക്കാരനെ  അടിച്ചു  വീഴ്ത്താനുള്ള   ആയുധം  കൂടിയാണ്  എന്ന്  തിരിച്ചറിയുകയും,  അത്  നടപ്പിലാക്കുകയും  ചെയ്തപ്പോള്‍  മുതലാണ്,  മനുഷ്യന്റെ  വര്‍ഗ്ഗ  ചരിത്രം  ഇന്നെത്തി  നില്‍ക്കുന്ന  വഴിത്താരയിലെ   ആദ്യത്തെ  കറുത്ത  കാലാടിപ്പാടുകളുടെ  കളങ്കം  പേറിയത്.

കണ്ണിനു  കണ്ണും,  പല്ലിനു  പല്ലും  എന്ന  പശ്ചിമേഷ്യന്‍  തത്വ  സംഹിതയുടെ  പാറാവുകാരായി  പരിണമിച്ച  പോയകാല  ഭരണാധികാരികള്‍  ഊതിക്കത്തിച്ച  ഒന്നും,  രണ്ടും  ലോക  മഹാ  യുദ്ധങ്ങളുടെ  ചുടലപ്പറന്പില്‍  നിന്നും,  കരിഞ്ഞ  വാലും,  മുറിഞ്ഞ   ചിറകും  നേരെയാക്കി  മനുഷ്യരാശി  എന്ന  ഈ  ഫീനിക്‌സ്  പക്ഷി  ഒന്ന്  പറക്കാന്‍  ശ്രമിച്ചതേയുള്ളുാ!  അതിനെ  കുഴിച്ചുമൂടിയേ  അടങ്ങൂ  എന്ന  വാശിയോടെ  ആധുനിക  ലോകത്തിലെ  ഭരണാധികാരികളും  തങ്ങളുടെ  ക്രൂര  വില്ലുകള്‍  കുലച്ചുകഴിഞ്ഞു  വിഷം  പുരട്ടിയ  അന്പുകളുമായി ?

യുദ്ധങ്ങളുടെയും,  യുദ്ധഭീഷണികളുടെയും  പ്രളയജലത്തിനു  മുകളിലൂടെ,   ഇളം  ചുണ്ടില്‍  വിശ്വസാഹോദര്യത്തിന്റെ  ഒലിവിലക്കൊമ്പുമായി   അഭയാന്വേഷിയായ  അരിപ്രാവിനെപ്പോലെ,   .പെട്ടകത്തിലെ മനുഷ്യന്റെ  ബലിഷ്ഠ  ഹസ്തങ്ങളിലേക്കു  ചിറകടിച്ചണയുന്ന   ഭൂമിയെന്ന  ഈ  വര്‍ണ്ണപ്പക്ഷിയെ  മനുഷ്യന്‍  തച്ചുടക്കുമോ,  തലോടിയുണര്‍ത്തുമോ  എന്നതാണ്  ഈ  കാലഘട്ടത്തിന്റെ  പ്രസക്തമായ  ചോദ്യം?  ( ഓംചേരിയോട്   കടപ്പാട്. )

തച്ചടക്കുകയാണ്  ഏറെ  എളുപ്പവും  രസകരവും.  ജന്തുവര്‍ഗ്ഗത്തിലെ  കേവലമൊന്നു  മാത്രമായ  മനുഷ്യനിലെ  ഉറങ്ങിക്കിടക്കുന്ന  മൃഗത്തിന്റെ  വന്യ  തുഷ്ണകളെ  അതിലൂടെ  തൃപ്തിപ്പെടുത്താം.  പാതി  ചത്ത  ഇരകളെ  കടിച്ചു  വലിച്ചു  തട്ടിക്കളിക്കുന്ന  ശാര്‍ദ്ദൂല   വിക്രീഡിതത്തിന്റെ  മനുഷ്യപ്പതിപ്പുകളായി  സ്വയം  മാറിക്കൊണ്ട്,  മനുഷ്യത്വത്തെ  കശാപ്പുചെയ്തു  രസിക്കുകയുമാവാം?
 ആണവത്തലപ്പുകള്‍   ഘടിപ്പിച്ചിട്ടുള്ള  ഭൂഖണ്ഡാന്തര  മിസ്സൈലുകളുടെ  നിയന്ത്രണ  കേന്ദ്രത്തിലെ  ആ  കറുത്ത  സ്വിച്ച്   ഒന്നമര്‍ത്തുകയേ   വേണ്ടൂ?
  അല്ലങ്കില്‍  തലമുറകളിലേക്ക്  നീണ്ടു  നീണ്ടു  ചെല്ലുന്ന  അതിമാരകങ്ങളായ  തീരാ  രോഗങ്ങളുടെ  രാസജൈവാണുക്കളെ  മഴമേഘപ്പിറാവുകള്‍  തുഴഞ്ഞു  നീങ്ങുന്ന  തെളിഞ്ഞ  നീലാകാശത്തിലേക്കു  പറത്തിവിട്ടാല്‍   മതി?  തിന്മ  എന്നര്‍ത്ഥം  വരുന്ന  അസ്സത്ത്   എന്ന  സിറിയന്‍  അസദിനെപ്പോലെ?

അധര്‍മ്മം  പെരുകുകയും,  നീതി  നിഷേധിക്കപ്പെടുകയും  ചെയ്യുന്ന  ഒരു  സമൂഹത്തില്‍  സമാധാനം  ധ്വംസിക്കപ്പെടുകയും,  അസ്വസ്ഥത   മുള പൊട്ടുകയും  ചെയ്യുന്നത്   തികച്ചും  സ്വാഭാവികം  മാത്രമാകുന്നു.  വര്‍ത്തമാനാവസ്ഥയുടെ  അടിസ്ഥാന  കാരണം  തേടിയലയുന്‌പോള്‍    നാം  ചെന്നെത്തുന്നത്  ഈ  നാല്‍ക്കവലയിലാണ് ?

അപരന്റെ  വേദനയെ  സ്വന്തം  വേദനയാക്കി  നെഞ്ചിലേറ്റുവാങ്ങി  തേങ്ങുവാന്‍   സാധിക്കുകയാണെങ്കില്‍,  കൃഷ്ണദ്വൈപായനനും,  സിദ്ധാര്‍ത്ഥബുദ്ധനും,  നസ്രേത്തിലെ  യേശുവും,  മെക്കയിലെ  നബിയും  നമ്മില്‍  പുനര്‍ജനിക്കുന്നു!  സ്‌നേഹത്തിന്റെയും,  കരുതലിന്റെയും,  സാഹോദര്യത്തിന്റെയും,  അതിലൂടെ  സമാധാനത്തിന്റെയും,  സംതൃപ്തിയുടെയും  ഒരു  ലോകം  നമുക്ക്  അനുഭവേദ്യമാകുമായിരുന്നു!!

പക്ഷെ  ഇന്ന്?  ഇന്ന്  നമ്മള്‍  നമ്മളേയല്ല ?  ദൈവീക  വരദാനമായ  നമ്മുടെ  മനോഹര  മുഖങ്ങള്‍  നമുക്ക്  നഷ്ടമായിരിക്കുന്നു!  അധികാരികളും,  പ്രസ്ഥാനങ്ങളും  നമുക്കുവേണ്ടി  തുന്നിയ  വികൃത  മുഖം  മൂടികള്‍ക്കുള്ളില്‍  നാം  ഒളിപ്പിക്കപ്പെട്ടിരിക്കുന്നു!  ഈ  മാസ്‌ക്കുകളുടെ  നെറ്റിയില്‍  ഒട്ടിച്ചുവച്ച  ലേബലുകളില്‍  നിന്നാണ്  നാമാരാണെന്നു  പോലും  പരസ്പരം  തിരിച്ചറിയുന്നത്.  നമ്മുടെ  കാലുകളില്‍  തളച്ചിട്ട ചങ്ങലയുടെ  മറ്റേ  അറ്റം  അവര്‍  പിടിച്ചിട്ടുണ്ട്.  അവര്‍ക്കു  വേണ്ടി  മാത്രം  ചലിക്കാന്‍  വിധിക്കപ്പെട്ട  നിസ്സഹായരായ  അടിമകള്‍  മാത്രമാണ്  നമ്മള്‍?

നമുക്ക്  യുദ്ധം  വേണ്ട.  പക്ഷെ,  നമ്മുടെ  യജമാനന്മാര്‍ക്കു  വേണം!  തലമുറകളെ  കാര്‍ന്നുതിന്നുന്ന  രാസ  ജൈവാണുക്കളെ  വിന്യസിച്ചുണ്ടാക്കുന്ന  നാശം  നമുക്ക്  വേണ്ട.  നമ്മുടെ  യജമാനന്മാര്‍ക്ക്   അതും  വേണം.  പാറപ്പൊത്തുകള്‍ക്കുള്ളില്‍  സുരക്ഷിതരായി  ഒളിച്ചിരിക്കുന്ന  അക്രമികള്‍ക്കെതിരെ  എന്ന  പേരില്‍,  ഗര്‍ഭിണികളായ  അമ്മമാരുടെയും,  അവരുടെ  പിഞ്ചു  കുഞ്ഞുങ്ങളുടെയും  നേരേ   തൊടുത്തുവിടുന്ന  മാരക  ബോംബുകള്‍  നമ്മുടേതല്ല.  പക്ഷെ,  നമ്മുടെ  പേരുകളും  പേറിയാണ്  അത്  കുതിക്കുന്നത്?

അമ്മയുടെ  മുലപ്പാല്‍  പോലെ  വിശുദ്ധമായ  അന്തരീക്ഷത്തില്‍  ആന്ധ്രാക്‌സിന്റെയും,  വസൂരിയുടെയും,  പ്‌ളേഗിന്റെയും  നരകപ്പുഴുക്കളെ  വിന്യസിക്കുന്ന  ക്രൂരതയും  നമ്മുടേതല്ല.  പക്ഷെ,  നമ്മുടെ  പേരുകള്‍  കൂടി  പേറിയാണ്  അവയും  പടയോട്ടം  നടത്തുന്നത്!

നമ്മള്‍  മനുഷ്യര്‍.  ജാതികളോ,  മതങ്ങളോ  ഇല്ലാത്ത  മനുഷ്യര്‍.  അതിരുകളോ,  ലേബലുകളോ  ഇല്ലാത്ത  മനുഷ്യര്‍. പരമമായ  ദൈവസ്‌നേഹത്തിന്റെ  പരിച്ഛേദങ്ങള്‍!  സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള  മോഹന  വാഗ്ധാനങ്ങളില്‍  കുടുങ്ങി  ചങ്ങലക്കിടപ്പെട്ടവര്‍!  ചിന്താരംഗത്ത്   ക്രൂരമായി  വാരിയുടക്കപ്പെട്ടവര്‍!  യജമാനന്മാര്‍  കഴുത്തിലണിയിച്ച  കനത്ത  നുകവും  പേറി  നാം  ഇഴയുകയാണ്!  നമുക്കജ്ഞാതമായ  വഴിത്താരകളിലൂടെ  നാം  ആട്ടിത്തെളിക്കപ്പെടുകയാണ്!  യജമാനന്‍മാരുടെ  അറവുകത്തിക്ക്   ആളിപ്പടരാന്‍  വേണ്ടിയാണെന്നറിയാതെ ,  അഭിമാനത്തോടെ  ഉയര്‍ത്തിപ്പിടിച്ച  ഗളഗര്‍വത്തോടെയുള്ള   ഈ  യാത്ര?  എങ്ങോട്ടാണീ  യാത്ര?  അറവുശാലയുടെ  അരികിലേക്കൊ?

ഇരുട്ടില്‍  നാം  പരതുന്നുണ്ട്   വെളിച്ചം.  നമുക്ക്  നമ്മെ  തിരിച്ചറിയാനുള്ള  ഒരു  തുള്ളി  വെളിച്ചം!  എവിടെ?  എവിടെയാണത്?  ആ  നറുംവെളിച്ചം?  എവിടെ  പ്രവാചകന്മാര്‍?  എവിടെ  പ്രഭാതത്തിന്റെ   രചയിതാക്കള്‍ ????

ഭയത്തിന്റെ  നിഴലില്‍  ഒരു  ലോകം?  (ലേഖനം : ജയന്‍  വര്‍ഗീസ്)
Join WhatsApp News
വിദ്യാധരൻ 2017-04-26 06:33:28
ലോകത്തിൻ ചിത്രം വരച്ചുകാട്ടും
എഴുത്തുകാരാ നിനക്കഭിനന്ദനം
ഓർത്തുപോയറിയാതെ പീലാത്തോസിൻ
കോടതിയിൽ കണ്ടതും കേട്ടതും ഞാൻ
'നൽകിടൂ ഞങ്ങൾക്ക് ബറാബാസിനെ നീ
നൽകിടു മരക്കുരിശ് യേശുവിനും'
ഇന്ന് ലോകത്ത് എല്ലായിടത്തും 
ബാറാബസുമാർ അടക്കി ഭരിച്ചിച്ചിടുന്നു
അധികാരത്തിൻ മധു നുകർന്നുപോയാൽ
ശീലമാകും പിന്നെ അടിമയാകും.
ലോകത്തിൽ സമാധാനം സ്ഥാപിപ്പോർക്ക്
ഭൂമിയെ അവകാശക്കാം എന്ന് ചൊന്നോൻ
ഭൂമിയിൽ ആറടി  മണ്ണില്ലാതെ
വായ്പ കല്ലറയിൽ ഇരുന്നു ചീഞ്ഞു
ഇന്ന് ജനം കരഞ്ഞിടുന്നു
ബാറാബസുമാർക്കായി ലോകമെങ്ങും.
കരയണ്ട കരയണ്ട എഴുത്തുകാരാ
കാലം തിരിഞ്ഞു മറിഞ്ഞുവരും
ഇവിടൊരു സ്വർഗ്ഗം സ്വപ്‌നം  കണ്ട്
എഴുതുക എഴുതുക സ്വപ്നദര്‍ശികൾക്കായ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക