Image

സ്ത്രീ വിരുദ്ധ പ്രസ്താവന: എം.എം മണിക്ക് പരസ്യശാസന മാത്രം

Published on 26 April, 2017
സ്ത്രീ വിരുദ്ധ പ്രസ്താവന: എം.എം മണിക്ക് പരസ്യശാസന മാത്രം
തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വൈദ്യുത മന്ത്രി എം.എം മണിക്കെതിരെ സി.പി.എം നടപടി. മണിക്ക് പരസ്യ ശാസന നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനിച്ചു. പാര്‍ട്ടിയുടെ യശസിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതുപരാമര്‍ശങ്ങള്‍ നടത്തിയതിനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ മണിയെ പരസ്യമായി ശാസിക്കാന്‍ എ. വിജയരാഘന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. തുടര്‍ച്ചയായി നടത്തുന്ന വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടിയെടുക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സെക്രട്ടേറിയേറ്റ് യോഗത്തില്‍ മണിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. 

മണിയുടെ വിവാദ പ്രസ്തവാനക്ക് സര്‍ക്കാര്‍ ഉത്തരം പറയേണ്ട അവസ്ഥയാണെന്ന തരത്തില്‍ അംഗങ്ങള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് മണി അച്ചടക്ക നടപടി നേരിടുന്നത്. നേരത്തെ മണക്കാട്ടെ വിവാദപ്രസംഗത്തിന്റെ പേരിലും മണിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തിരുന്നു. ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ നിന്ന് മണിയെ അന്ന് മാറ്റി നിര്‍ത്തിയിരുന്നു.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടായിരുന്നു മണിയുടെ വിവാദപരാമര്‍ശങ്ങള്‍. കയ്യേറ്റം ഒഴിപ്പിക്കാന്‍ നേതൃത്വം നല്കിയ ദേവികുളം സബ് കളക്ടര്‍ ശ്രീറാമിനെ ഊളമ്പാറയ്ക്കു വിടണമെന്നതായിരുന്നു ഇതിലൊന്ന്. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന പാപ്പാത്തിച്ചോലയില്‍ സ്ഥലം കയ്യേറി സ്ഥാപിച്ച ഭീമന്‍ കുരിശ് റവന്യൂ അധികൃതര്‍ പൊളിച്ചു മാറ്റിയതിനു പിന്നാലെയായിരുന്നു ഇത്. ഇതിനൊപ്പം മൂന്നാറിലെ പെമ്പിളൈ ഒരുമൈയ്‌ക്കെതിരായ അശ്ലീല പരാമര്‍ശവും മണിക്കു വിനയായി. മണിയുടെ വാക്കുകള്‍ ഗ്രാമീണ ഭാഷയാണെന്നു വാദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും വിവാദം കെട്ടടങ്ങുന്നില്ല. നിയമസഭയില്‍ പ്രതിക്ഷം വിഷയം ശക്തമായി ഉയര്‍ത്തി. സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധമാണ് മണിക്കെതിരേ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് മണിക്ക് പരസ്യശാസന നല്കി പ്രതിഷേധച്ചൂടു കുറയ്ക്കാനുള്ള സി.പി.എം നേതൃത്വത്തിന്റെ നീക്കം.

മൂന്നാര്‍ കുഞ്ചിത്തണി ഇരുപതേക്കറില്‍ ഭാര്യാസഹോദരന്‍ കെ.എന്‍. തങ്കപ്പന്റെ രക്തസാക്ഷിത്വ ദിനാചരണ യോഗത്തില്‍ മന്ത്രി മണി നടത്തിയ പ്രസംഗമാണ് ഞായറാഴ്ച രാഷ്ട്രീയകേരളത്തെ ചൂടുപിടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകരെ നിശിതമായഭാഷയില്‍ വിമര്‍ശിച്ചു തുടങ്ങിയ പ്രസംഗത്തില്‍ പെമ്പിളൈ ഒരുമയുടെ സമരത്തെ അശ്ലീലച്ചുവയോടെ പരാമര്‍ശിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ തൊടുപുഴ വഴിത്തലയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി പരസ്യമായി ഖേദം പ്രകടിപ്പിച്ചു. മുന്‍ മൂന്നാര്‍ ദൗത്യസംഘത്തലവന്‍ കെ. സുരേഷ്‌കുമാറിനോടൊപ്പം മദ്യപാനവും 'സകല മറ്റേ പണീമുണ്ടായിരുന്നു' എന്നാണ് മാധ്യമപ്രവര്‍ത്തകരെ മണി ആക്ഷേപിച്ചത്. ഇപ്പോള്‍ ദേവികുളം സബ് കളക്ടറോടൊപ്പമാണ് വൈകുന്നേരമെന്നും മണി പറഞ്ഞു. പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ സമരത്തിലാണ്.

സ്ത്രീ വിരുദ്ധ പ്രസ്താവന: എം.എം മണിക്ക് പരസ്യശാസന മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക