Image

തൊഴിലുറപ്പ് പദ്ധതി: പ്രധാനമന്ത്രിയും ജയറാം രമേഷും രണ്ടുതട്ടില്‍

Published on 27 February, 2012
തൊഴിലുറപ്പ് പദ്ധതി: പ്രധാനമന്ത്രിയും ജയറാം രമേഷും രണ്ടുതട്ടില്‍
ന്യൂഡല്‍ഹി: യു.പി.എ. സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ 'മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി'യുടെ കൂലി കൂട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയും ഗ്രാമ വികസന മന്ത്രി ജയറാം രമേഷും തമ്മില്‍ അഭിപ്രായ ഭിന്നത.

അതത് സംസ്ഥാനങ്ങളിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ കൂലിയെക്കാള്‍ കുറഞ്ഞ തുക പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് കൂലിയായി നല്‍കരുതെന്ന കര്‍ണാടക ഹൈക്കോടതി വിധിയാണ് ഇരുവരും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമായത്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചപ്പോള്‍ അത് വേണ്ടെന്ന നിലപാടിലായിരുന്നു മന്ത്രി.ഏതായാലും പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. വിവരാവകാശ പ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാള്‍ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളില്‍ നിന്നാണ് ഇരുവരുടെയും ഭിന്നത പരസ്യമായത്.


സോണിയാഗാന്ധിയുടെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന പദ്ധതി പ്രതിദിനം നൂറുരൂപ കൂലിയോടെ പ്രതിവര്‍ഷം 100 തൊഴില്‍ദിനമാണ് ഗുണഭോക്താവിന് ഉറപ്പ് നല്‍കുന്നത്. കഴിഞ്ഞ സപ്തംബര്‍ 23-ന് കര്‍ണാടക ഹൈക്കോടതി സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയുടെ കൂലി കര്‍ഷകത്തൊഴിലാളികള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ കൂലിയെക്കാള്‍ കുറയരുതെന്ന് ഉത്തരവിട്ടിരുന്നു.ആന്ധ്ര ഹൈക്കോടതിയിലും സമാനമായ ഒരു കേസ് നടക്കുന്നതിനാല്‍ സുപ്രീം കോടതിയില്‍ ഒരു പ്രത്യേകാനുമതി ഹര്‍ജി നല്‍കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ മന്ത്രി രമേഷ് ശക്തമായി എതിര്‍ത്തു.


2010 നവംബറില്‍ ദേശീയ ഉപദേശക സമിതി അധ്യക്ഷ കൂടിയായ സോണിയാഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കൂലി കൂട്ടണമെന്ന് ആവശ്യപ്പെട്ടതും ഇക്കാര്യത്തില്‍ 2010ല്‍ അറ്റോര്‍ണി ജനറല്‍ നല്‍കിയ നിയമോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അപ്പീല്‍ തീരുമാനത്തെ എതിര്‍ത്തത്. വകുപ്പുമന്ത്രിയെന്ന നിലയില്‍ തന്റെ നിലപാടും കൂലിവര്‍ധനയ്ക്ക് അനുകൂലമാണെന്ന് രമേഷ് പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാല്‍ അപ്പീല്‍ പോകണമെന്ന നിലപാടില്‍ പ്രധാനമന്ത്രി ഉറച്ചുനിന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ ഒട്ടേറെ കത്തിടപാടുകള്‍ നടന്നു.


''1948-ലെ കുറഞ്ഞ കൂലി നിയമത്തിന് അനുകൂലമായ നിയമോപദേശങ്ങള്‍ സംശയമില്ലാത്ത വിധം കര്‍ണാടക ഹൈക്കോടതി വിധിയെ സാധൂകരിക്കുന്നതാണ്. അതുകൊണ്ട് സുപ്രീം കോടതിയില്‍ നിന്ന് മറിച്ചൊരു വിധി കിട്ടാന്‍ ബുദ്ധിമുട്ടാണ്''- അദ്ദേഹം പ്രധാനമന്ത്രക്ക് എഴുതി. കുറഞ്ഞ കൂലി നിയമവും തൊഴിലുറപ്പ് പദ്ധതിയും ഭേദഗതി ചെയ്ത് പ്രശ്‌നം പരിഹരിക്കാമെന്നും മന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ ഇതും പ്രധാനമന്ത്രിക്ക് സ്വീകാര്യമായില്ല. അപ്പീലുമായി മുന്നോട്ട് പോകാനായിരുന്നു മന്‍മോഹന്‍ സിങ് കഴിഞ്ഞ ഡിസംബര്‍ 19 ന് നിര്‍ദേശിച്ചത്.


തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ധനകാര്യമന്ത്രി ചിദംബരവുമായി ചര്‍ച്ച നടത്തിയ ജയറാം രമേഷ് അവരുടെ നിര്‍ദേശത്തിന് വഴങ്ങി അപ്പീല്‍ നല്‍കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക