Image

വഴിപിരിയുന്നവര്‍ (കവിത: രാജന്‍ കിണറ്റിങ്കര)

Published on 27 April, 2017
വഴിപിരിയുന്നവര്‍ (കവിത: രാജന്‍ കിണറ്റിങ്കര)
ഓരോ അവധിക്കാലവും
നല്‍കുന്നത്
നഷ്ടപ്പെടലിന്റെ
ഓര്‍മ്മകളാണ്
കൈവിട്ടുപോയ
നിശബ്ദ
സാന്ത്വനങ്ങളാണ്

തോളിലിരുത്തി
പുഴ കടത്തിയവര്‍
പുതുമഴയില്‍
മാറിലടക്കിയവര്‍
വഴികളില്‍
പുഞ്ചിരിയുടെ
നിഴല്‍ പൊഴിച്ചവര്‍..

തണല്‍ വീഴ്ത്തിയ
മരങ്ങള്‍
വേനല്‍ സൗധങ്ങള്‍ക്കായി
ആത്മത്യാഗം
ചെയ്തിരിക്കുന്നു ..

സ്വാര്‍ത്ഥതയുടെ
സുഖലോലുപതയില്‍
ഉപേക്ഷിക്കപ്പെട്ട
ജന്മ പുണ്യങ്ങള്‍ക്ക്
അനാഥാശ്രങ്ങളില്‍
ഏകാന്ത വാസം.........

ഒറ്റപ്പെടലിന്റെ
ഇരുള്‍ തുരുത്തില്‍
ശൂന്യതയിലേക്ക്
കണ്ണും നട്ട്
പ്രതീക്ഷകളുടെ
നിശബ്ദ ഭാരം
പേറുന്നവര്‍ ..........

ഒരിക്കല്‍
തിരിച്ചു പോക്കിന്റെ
യാത്ര പറച്ചിലില്‍
അടര്‍ന്നു വീണ
കണ്ണീരൊപ്പിയെടുത്ത
ഉമ്മറ മുറ്റത്ത്
കോണ്‍ക്രീറ്റു ചിപ്പുകള്‍
ചിത്രം രചിക്കുന്നു ..

മതിലുകള്‍
ബന്ധനം തീര്‍ക്കാതിരുന്ന
വീട്ടു മുറ്റങ്ങളില്‍
ഇന്ന്,
നിറ തോക്കുമായി
കാവല്‍ ശിപായികള്‍
ചിക്കി ചികഞ്ഞ
പൂവന്‍ കോഴിയും
നക്കി തോര്‍ത്തിയ
കുറിഞ്ഞി പൂച്ചയും
മുട്ടിയുരുമ്മിയ
പാണ്ടന്‍ നായയും
അപശകുനങ്ങളായി
പടിക്കു പുറത്ത്...

യാത്രകള്‍ തുടരുകയാണ്
ഇനിയും ഈ
ഉഷ്ണ ഭൂമിയില്‍
തണല്‍ക്കാട് തേടി
ഞാന്‍ വരും.........

എന്റെ നഷ്ടങ്ങളിലേക്ക്
മുതല്‍ക്കൂട്ടായി
വിതുമ്പുന്ന ഓര്‍മ്മകള്‍
മാത്രം...........
അടരാന്‍ വെമ്പുന്ന
രണ്ടിറ്റു കണ്ണുനീരും.


(രാജന്‍ കിണറ്റിങ്കര)
Join WhatsApp News
വിദ്യാധരൻ 2017-04-27 13:17:46
പുഴകടക്കാൻ വന്നപ്പോൾ 
മാഞ്ഞുപോയ പുഴകൾ 
മാറിലടക്കാൻ കൊതിച്ചപ്പോൾ 
നിന്നുപോയ മഴ 
മാഞ്ഞുപോയ വഴികളിൽ 
പുഞ്ചിരിക്കാത്തവർ 
തണൽ കൊടുക്കാൻ കഴിയാതെ 
വേനലിൽ കരിഞ്ഞ മരങ്ങൾ 
റെഫ്രിജറേറ്ററിലിലെ 
ചൂടിൽ വെന്തുപോയ കോഴികൾ 
തീൻ മേശയിൽ 
ബീഫിന് പകരം 
കണ്ടൻ പൂച്ചയും
സ്വാർത്ഥതയുടെ കഠിന 
താപത്തിൽ 
കത്തിയെരിയുന്ന കേരളം 
ഇല്ല ഇനി ഒര അവധിക്കാലം 
കേരളത്തിലേക്കില്ല
എല്ലാ നഷ്ടങ്ങളും 
പുതിയൊരു തുടക്കം മാത്രം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക