Image

ശതാവധാനി, സവ്യസാചി (ഡി. ബാബുപോള്‍)

Published on 27 April, 2017
ശതാവധാനി, സവ്യസാചി (ഡി. ബാബുപോള്‍)
നവതിയുടെ കോലാഹലങ്ങള്‍ ഒട്ടൊന്നുടുങ്ങിയപ്പോള്‍ ശതാബ്ദിയുടെ ആരവം ഉയര്‍ന്നു. അടുത്തകൊല്ലം 2018 ആണ് നൂറ് തികയുന്നത്. 98 തികഞ്ഞപ്പോള്‍ നൂറാം പിറന്നാളിനായി കാത്തിരിപ്പ് തുടങ്ങി. നാളെ ആ നാള്‍. അടുത്ത വര്‍ഷം നൂറ് തികയും.

ഭാരതത്തില്‍തന്നെ മറ്റൊരു മെത്രാന്‍ നൂറ്റിനാലാം വയസ്സിലേക്ക് ശാന്തമായി പ്രവേശിച്ചിട്ടുണ്ട്. ആ വിവരം ആരും അറിഞ്ഞിട്ടില്ല. പിന്നെ എന്താണ് ക്രിസോസ്റ്റത്തിന് മാത്രം ഇങ്ങനെ ഒരാഘോഷം? ക്രിസ്തുമതത്തിന്റെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ ഇത്ര ദീര്‍ഘകാലം മെത്രാനായിരുന്നിട്ടുള്ള ഒരാള്‍ ഇല്ല. അത് ഒരു റിക്കോഡ് തന്നെ ആണ്. എന്നാല്‍ അതുമല്ല കാരണം. ക്രിസോസ്റ്റം മാര്‍ത്തോമ്മാസഭയുടെ മാത്രം മെത്രാനല്ല; ക്രിസ്ത്യാനികളുടെ മാത്രം ആചാര്യനുമല്ല എന്നതാണ് കാരണം. കേരള സമൂഹത്തിന്റെ കാരണവരാണ് അദ്ദേഹം.

ക്രൈസ്തവ വേദചിന്തയില്‍ പ്ളൂറലിസം എന്നൊന്നുണ്ട്. ഭാരതീയരായ സാമാര്‍ത്ഥ, വെസ്ലി അരയരാജ്, എം.എം. തോമസ് (നാഗാലാന്‍ഡില്‍ ഗവര്‍ണര്‍ ആയിരുന്നു) തുടങ്ങിയവരാണ് അതിന്റെ പ്രധാന പ്രണേതാക്കള്‍. ആ വഴിയെ ചിന്തിക്കുന്ന വ്യക്തിയാണ് ക്രിസോസ്റ്റം. അതുതന്നെയാണ് അദ്ദേഹത്തെ സാര്‍വത്രികമായി സ്വീകാര്യനാക്കുന്നതും. സര്‍വമതാംഗീകാരം എന്ന നിലപാടുതറയില്‍നിന്ന് ക്രിസ്തീയവേദശാസ്ത്രം വ്യാഖ്യാനിക്കുകയാണ് ക്രിസോസ്റ്റം ചെയ്യുന്നത്. അതാണ് അദ്ദേഹത്തെ സവിശേഷമായി അടയാളപ്പെടുത്തുന്നത്.

അതേസമയം, അത് മാത്രമല്ല മറ്റാരും ചിന്തിക്കാത്ത വഴിയിലാണ് പലപ്പോഴും ക്രിസോസ്റ്റം ചിന്തിക്കുന്നത്. ഉദാഹരണമായി ഒരിടത്ത് തിരുമേനി മഴക്കാലത്ത് പമ്പ കരവിഞ്ഞൊഴുകിയിരുന്ന ഓര്‍മ്മയെക്കുറിച്ച് പറയുമ്പോള്‍ നാം ഇങ്ങനെ വായിക്കുന്നു. ''സാഹസികരായ ഞങ്ങളുടെ നാട്ടുകാര്‍ അവര്‍ക്ക് പ്രയോജനമുള്ള സാധനങ്ങള്‍ ആ കുത്തൊഴുക്കില്‍നിന്ന് ഏതുവിധേനയും കൈക്കലാക്കും. അപ്പോള്‍ മഴ, അവര്‍ വീട്ടില്‍ കരുതിവച്ച സാമാനങ്ങളും കവര്‍ന്നുകൊണ്ട് പമ്പയിലൂടെ ഒഴുകുകയാവും''.

ശതകാലത്തെ മഹത്വീകരിക്കുകയും മാവേലിനാട് വാണിരുന്ന കാലത്ത് മനഷ്യരെല്ലാരുമൊന്നുപോലെ നന്മനിറഞ്ഞവരും പരോപകാരികളും ആയിരുന്നുവെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് നാട്ടുനടപ്പ്. തിരുമേനി അതിനെ ചോദ്യംചെയ്യുകയും മനുഷ്യസ്വഭാവത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സ്വാര്‍ത്ഥതയും ആ സ്വാര്‍ത്ഥതയുടെ ആത്യന്തികമായ നിരര്‍ഥകതയും കാലാതീതമാണ് എന്ന് സ്ഥാപിക്കുകയും ചെയ്യുകയാണ് ഇവിടെ. നിന്റെ ജീവന്‍ നിനക്ക് കൊള്ളകിട്ടിയതുപോല ഇരിക്കട്ടെ എന്നത് പഴയ ഒരു അനുഗ്രഹവചസാണല്ലോ.

കേള്‍ക്കുന്നവന്‍ കൊള്ളക്കാരനാവണം എന്നല്ല ആശംസയുടെ അര്‍ത്ഥം. കൊള്ളയായി കിട്ടുന്നത് അധ്വാനം കൂടാതെ ആസ്വാദിക്കുന്നതാണ്. ആരാന്റെ മുതല്‍ ആറ്റിലൂടെ ഒഴുകിപ്പോകുമ്പോള്‍ ആകാവുന്നത്ര അവനവന്റേതാക്കുന്നവന്‍ ആ അഭ്യാസം കഴിഞ്ഞ് കൂട്ടിക്കുറച്ച് കണക്കെടുമ്പോഴാണ് അവന്റെ സ്വന്തമായിരുന്നത് അവനറിയാതെ നഷ്ടപ്പെട്ടുപോയതായി ഗ്രഹിക്കുന്നത് എന്ന സത്യമാണ് തിരുമേനി പറഞ്ഞുതരുന്നത്.

ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥ എന്ന് പ്രസാധകര്‍ വിശേഷിപ്പിക്കുന്ന കൃതി അനവധി അന്തര്‍ധാരകള്‍കൊണ്ട് സമ്പന്നമാണ് എന്നിരിക്കെ അപ്പച്ചന്റെ തമാശകളായിട്ടല്ല ഗ്രന്ഥം വിലയിരുത്തപ്പെടേണ്ടത്. നിയതമായ അര്‍ത്ഥത്തിലോ നിര്‍വചനത്തിന്റെ അടിസ്ഥാനത്തിലോ അത് ആത്മകഥ അല്ല. തിരുമേനിയുടെ ആത്മകഥയിലെ ഓരോ അധ്യായമായി വികസിക്കാന്‍ പോന്ന സൂചനകളാണ് ഓരോ ഖണ്ഡികയിലും ചുരുങ്ങിയത് ഓരോ പേജിലും, സൂക്ഷ്മദൃക്കുകള്‍ക്ക് അയാളപ്പെടുത്താവുന്നത്.

പ്രൈമറി സ്കൂളില്‍ പഠിച്ച കാലത്തെക്കുറിച്ച് പറയുന്നിടത്തും ആലോചനാമൃതമായ ആശയങ്ങള്‍ പുട്ടില്‍ തേങ്ങാപ്പീര എന്നതുപോലെ സന്നിവേശിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കാതെ വയ്യ. ''പഠിക്കുന്ന കുട്ടികള്‍ തമ്മില്‍ മാര്‍ക്കിനുവേണ്ടിയുള്ള മത്സരവും ഇല്ലായിരുന്നു. നിങ്ങള്‍ പഠിച്ചാല്‍ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം കിട്ടും, അത്രതന്നെ. അന്നൊക്കെ കുട്ടികള്‍ തന്നെ വളരുകയായിരുന്നു. ഇന്ന് അങ്ങനെയാണോ? നമ്മള്‍ അവരെ വളര്‍ത്തുകയല്ലേ?'' രണ്ടു വലിയ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ഇവിടെ തിരുമേനി വിരല്‍ചൂണ്ടുന്നത്. ഒന്നാമത്, ആധുനിക സമൂഹത്തെ നിര്‍വചിക്കുന്ന മാത്സര്യം.

നമ്മുടെ സമൂഹം നഗരവല്‍കൃതമാണ് എന്നുപറയുന്നത് നാട്ടിന്‍പുറങ്ങളില്‍ ഫ്ളാറ്റുകള്‍ ഉണ്ടാകുന്നതുകൊണ്ടല്ല. ആ ഫ്ളാറ്റുകളില്‍ താമസിക്കുന്ന മനുഷ്യര്‍ പരസ്പരം മത്സരിക്കുന്നതുകൊണ്ടാണ്. എലിപ്പത്തായങ്ങളില്‍ അന്തിയുറങ്ങിയും പുറത്തിറങ്ങുമ്പോഴൊക്കെ മൂഷിക മത്സരങ്ങളില്‍ വ്യാപാരിച്ചും കാലം പോക്കുന്നവനു താന്‍ ജയിച്ചാല്‍ മാത്രം പോരാ. അപരന്‍ ജയിക്കാതിരിക്കുകയും വേണം. മേലധികാരിയുടെ പ്രത്യേക വാത്സല്യംകൊണ്ട് എനിക്ക് അഞ്ഞൂറുരൂപ ബോണസ് കിട്ടിയതിലെ സന്തോഷം ഞാന്‍പോലും തിരിച്ചറിയാതെ ചോര്‍ന്നുപോകുന്നത്, അയലത്തെ അദ്ദേഹത്തിന് അര്‍ഹതപ്പെട്ട ബോണസായി അഞ്ഞൂറുരൂപ കിട്ടി എന്നറിയുമ്പോഴാണ്.

മത്സരംകൊണ്ട് അടയാളപ്പെടുത്തപ്പെടുന്ന സാമൂഹിക വ്യവഹാരങ്ങളില്‍ മക്കള്‍ ഒറ്റയ്ക്ക് പൊരുതിനില്‍ക്കും എന്ന് നമുക്ക് ഉറപ്പില്ല. അതുകൊണ്ട് നാം അവരെ മത്സരിക്കാന്‍ പഠിപ്പിക്കുന്നു. നമ്മുടെ കുഞ്ഞ് അയല്‍ക്കാരന്റെ കുഞ്ഞിനെ പരാജയപ്പെടുത്താതെ നമ്മുടെ സന്തോഷം പൂര്‍ണമാകുന്നില്ല. വളരെ അസാധാരണമായ പല ആശയങ്ങളും ക്രിസോസ്റ്റം തിരുമേനിയില്‍ കാണാം. മാര്‍ത്തോമ്മാസഭയുടെ അംഗത്വബലം വര്‍ദ്ധിപ്പിച്ച് "മ്മിണിബല്യ ഒന്ന്' ആയിത്തീരാനുള്ള വ്യഗ്രതയാണ് ദളിതരെ സഭയില്‍ ചേര്‍ക്കാന്‍ ഉത്സാഹിച്ചതിന്റെ പ്രധാനകാരണം എന്ന് തിരുമേനി ഒരിടത്ത് സൂചിപ്പിച്ചിട്ടുണ്ട്. സുറിയാനി ക്രിസ്ത്യാനികള്‍ ഒരു സവര്‍ണസമൂഹത്തിന്റെ ഭാഗം ആയിരുന്നതുകൊണ്ടാണ് ആ യത്നം പരാജയപ്പെട്ടത്. അവര്‍ ദളിതരെ തുല്യരായി കണ്ടില്ല.

അതില്‍ അസാധാരണമായി ഒന്നും ഇല്ല. ആദിമസഭയില്‍ അയഹൂദര്‍ അംഗങ്ങളായപ്പോള്‍ സമാനമായ സാഹചര്യം ഉണ്ടായിരുന്നു. യഹൂദ ക്രിസ്ത്യാനികള്‍ അവരുടെ യഹൂദത്വത്തില്‍ ഇളവ് വരുത്തിയിട്ടാണ് അയഹൂദരെ ക്രിസ്ത്യാനികളാക്കിയത്. സുറിയാനി ക്രിസ്ത്യാനികള്‍ക്ക് അത് കഴിഞ്ഞില്ല. പരിച്ഛേദനയില്ലാത്തവരുമായി പന്തിഭോജനം സ്വീകാര്യമായതോടെയാണ് ക്രൈസ്തസഭ വളര്‍ന്നത്. അതിനു യഹൂദക്രൈസ്തവരാണ് വിലകൊടുത്തത്. അവര്‍ അബ്രഹാമില്‍ തുടങ്ങി മോശയിലൂടെ വളര്‍ന്ന പാരമ്പര്യത്തിന് അന്യമായി.

നിലത്തുവീണ് അഴുകിയ ആ ഗോതമ്പുമണിയില്‍നിന്നാണ് പിന്നെ കനകനിറം പൂണ്ട ഗോതമ്പുവയലുകള്‍ ഉണ്ടായത്. എന്നാല്‍, മാര്‍ത്തോമ്മാസഭയിലെ സുവിശേഷകര്‍ തങ്ങളുടെ വരേണ്യഭാവം ഉപേക്ഷിച്ചില്ല. ദളിതയുവതികളെ വിവാഹം കഴിക്കാന്‍ ഒരു സുറിയാനിക്കാരനും തയ്യാറായില്ല. അതായത്, വിശ്വാസത്തിലല്ലാതെ സാമൂഹിക വീക്ഷണത്തിലോ സാംസ്കാരിക വിനിമയങ്ങളിലോ ഒരു നവീകരണവും ഉണ്ടായില്ല.

കമ്പോള സമൂഹത്തിലെ ക്രൈസ്തവദൗത്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ക്രിസോസ്റ്റം തിരുമേനി ഒളിഞ്ഞും തെളിഞ്ഞും ഈ ആശയങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, അധികാരം ഒഴിഞ്ഞതിനുശേഷം ഒരു പ്ലൂറലിസ്റ്റ് വേദചിന്തയിലേക്ക് തിരുമേനി കൂടുതല്‍ സ്പഷ്ടമായി അടുത്തു എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.

കുഞ്ചന്‍ നമ്പ്യാര്‍ക്കും ഇ.വി. കൃഷ്ണപിള്ളയ്ക്കും ശേഷം മലയാളികളെ ഏറ്റവും അധികം ചിരിപ്പിച്ച വ്യക്തി എന്ന നിലയിലാണ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത പൊതുസമൂഹത്തില്‍ അറിയപ്പെടുന്നതെങ്കിലും ആ ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ ബഹുമുഖഭാവം അടുത്തറിയുന്നവര്‍ക്കും വായിച്ചറിയുന്നവര്‍ക്കും അപരിചിതമല്ല. സവ്യസാചി എന്നു വിശേഷിപ്പിക്കാവുന്നവര്‍ അതിവിരളമായി മാത്രമാണ് ഈ ധരണിയില്‍ പിറവിയെടുക്കുന്നത്.

അതുകൊണ്ടുതന്നെ സ്വവ്യക്തിത്വത്തിന്റെ പ്രതിഭിന്നഭാവങ്ങളില്‍ ഓരോന്നിലും പ്രതിഭയുടെ പ്രകാശവലയങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍പോന്ന പ്രത്യുല്‍പന്നമതികളെ സമൂഹം ശ്രദ്ധിച്ചുപോവും. നിര്‍ഭാഗ്യവശാല്‍ അത് പലപ്പോഴും അന്ധന്മാരുടെ ആനക്കാഴ്ച കണക്കെ ആയിപ്പോകുമെന്നുമാത്രം. നര്‍മ്മത്തില്‍ പൊതിഞ്ഞ് മര്‍മ്മം അവതരിപ്പിക്കുന്ന മഹാനായ ദാര്‍ശനികനെ തമാശ പറഞ്ഞ് കാലംപോക്കുന്ന കാരണവരായി വര്‍ഗീകരിക്കുന്നത് ഇപ്പറഞ്ഞതിന്റെ ഒരു ഉദാഹരണമാണ്.

അതിരിക്കട്ടെ, പ്ലൂറലിസ്റ്റ് ചിന്താഗതി ക്രൈസ്തവവേദ ശാസ്ത്രജ്ഞര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യമാവുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. സ്നാനത്തിലൂടെ സഭാംഗത്വം എന്ന മിഷണറി ലക്ഷ്യം ഇന്ന് ബൈബിള്‍ ബെല്‍റ്റ് മനസ് അഥവാ സതേണ്‍ ബാപ്റ്റിസ്റ്റ് സങ്കുചിതത്വം എന്നൊക്കെ വിവരിക്കപ്പെടുന്ന ഇടങ്ങളില്‍ ഒരുങ്ങിക്കൊണ്ടിരിക്കയാണ്. എം.എം.തോമസിന്റെയും വെസ്ലി അരയരാജിന്റെയും സാമര്‍ത്ഥയുടെയും മറ്റും ചിന്താസരണികളിലൂടെയുള്ള അന്വേഷണാത്മക പര്യടനമാണ് ക്രിസോസ്റ്റം തിരുമേനി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ക്രിസ്തീയ സാന്നിധ്യമാണ് ക്രിസ്തീയമത പ്രചാരണത്തേക്കാള്‍ പ്രധാനം എന്ന ചിന്ത തിരുമേനിയെ ഭരിക്കുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ ചിന്താഗതിയാകട്ടെ, സഭയ്ക്ക് പുറത്തുള്ള പൊതുസമൂഹവുമായി ജൈവബന്ധം പുലര്‍ത്താതെ സഭയുടെ അസ്തിത്വം അര്‍ഥപൂര്‍ണമാവുകയില്ലെന്ന ചിന്തയില്‍നിന്ന് ഉയിരെടുക്കുന്നതാണ് താനും. സഭാശാസ്ത്രചിന്തകള്‍ ഒട്ടാകെ ഒരു പുനരവലോകത്തിന് വിധേയമാകാന്‍ കാലമായി. അത് മറ്റാരെക്കാളും കൂടുതല്‍ തിരിച്ചറിയുന്നു എന്നതാണ് ക്രിസോസ്റ്റത്തെ വ്യതിരിക്തനാക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക