Image

ടൈറ്റാനിക് യാത്രക്കാരിയുടെ ഗൗണ്‍ ലേലം ചെയ്തു

Published on 27 April, 2017
ടൈറ്റാനിക് യാത്രക്കാരിയുടെ ഗൗണ്‍ ലേലം ചെയ്തു
  ലണ്ടന്‍: 1912ല്‍ മുങ്ങിയ വിഖ്യാത ആഡംബര കപ്പലായ ടൈറ്റാനിക്കിലെ ഒരു വസ്തുകൂടി ലേലത്തില്‍ വിറ്റു. കപ്പലപകടത്തില്‍നിന്ന് രക്ഷപ്പെട്ട മേബല്‍ ബെന്നെറ്റ് എന്ന യാത്രിക നിശാവസ്ത്രമായി ഉപയോഗിച്ച കോട്ടാണ് 1,81,000 പൗണ്ടിന് (ഏതാണ്ട് 149,98,283 ഇന്ത്യന്‍ രൂപ) ലേലത്തില്‍ വിറ്റത്. 80,000 പൗണ്ടിന് ലേലത്തില്‍ വച്ച കോട്ട് പ്രതീക്ഷിച്ചതിനെക്കാള്‍ ഇരട്ടിവിലയ്ക്കാണ് ബ്രിട്ടീഷുകാരനായ ആന്‍ഡ്രു അല്‍ഡ്രിഡ്ജ് ലേലത്തില്‍ സ്വന്തമാക്കിയത്.

1974ല്‍ 96ാം വയസില്‍ മരിച്ച മേബല്‍ ബെന്നെറ്റ് അപകട സമയത്ത് ധരിച്ചിരുന്ന വസ്ത്രമായിരുന്നു ഇത്. 1960കളുടെ തുടക്കത്തിലാണ് ഈ വസ്ത്രം ബെന്നെറ്റ് മരുമകളുടെ മകള്‍ക്ക് കൈമാറിയത്. കോട്ടിനോടൊപ്പം മരുമകളുടെ മകള്‍ എഴുതിയ കത്തും കൈമാറിയിട്ടുണ്ട്. ഉയര്‍ന്ന ക്ലാസില്‍ യാത്രചെയ്തിരുന്ന മേബല്‍ ബെന്നെറ്റ് തണുപ്പില്‍നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നു കോട്ട് ധരിച്ചതെന്നും രക്ഷാബോട്ടില്‍ കയറിയാണ് രക്ഷപ്പെട്ടതെന്നും കത്തില്‍ പറയുന്നുണ്ട്.

1912 ഏപ്രില്‍ ഒന്പതിനാണ് ലണ്ടനില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട കപ്പല്‍ നോര്‍ത്ത് അത്‌ലാന്റിക് സമുദ്രത്തില്‍ മഞ്ഞുമലകളില്‍ തട്ടി തകര്‍ന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക