Image

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ദ ആര്‍ട്ടിസ്റ്റ് മികച്ച ചിത്രം

Published on 27 February, 2012
ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ദ ആര്‍ട്ടിസ്റ്റ് മികച്ച ചിത്രം
ലോസ് ആഞ്ചലസ്: എണ്‍പത്തിനാലാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊഡാക് തീയറ്ററില്‍ നടന്ന വര്‍ണഗംഭീരമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഫ്രഞ്ച്-അമേരിക്കന്‍ ചിത്രമായ ദ ആര്‍ട്ടിസ്റ്റ് മികച്ച ചിത്രത്തിനുളള പുരസ്‌കാരം ഉള്‍പ്പെടെ അഞ്ച് ഓസ്‌കറുകള്‍ നേടി.

മികച്ച നടനുള്ള പുരസ്‌കാരം ആര്‍ട്ടിസ്റ്റിലെ അഭിനയത്തിന് ജീന്‍ ദുജാര്‍ദിന്‍ ആണ് നേടിയത്. ഹോളിവുഡ്ഡിലെ നിശബ്ദ നായകന്‍ ജോര്‍ജ് വാലന്റൈന്റെ വേഷമായിരുന്നു ജീന്‍ ദുജാര്‍ദിന് ചിത്രത്തില്‍. ബ്രിട്ടന്റെ ഏക വനിതാ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറുടെ ജീവിതം വെള്ളിത്തിരയില്‍ പുനരാവിഷ്‌കരിച്ച ദ അയണ്‍ ലേഡി എന്ന ചിത്രത്തിലെ അഭിനയത്തിന് അമേരിക്കന്‍ നടിയായ മെറില്‍ സ്ട്രീപ്പ് ആണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്. മികച്ച സംവിധായകനുള്ള ഓസ്‌കര്‍ മിഷേല്‍ ഹസാനാവിഷ്യസിന് നേടിക്കൊടുത്ത ദ ആര്‍ട്ടിസ്റ്റ് വസ്ത്രാലങ്കാരത്തിനും പശ്ചാത്തലസംഗീതത്തിനുമുള്ള പുരസ്‌കാരങ്ങളും നേടി.

ഇരുപതുകളുടെ അവസാനം നിശബ്ദസിനിമ ശബ്ദസിനിമയ്ക്കു വഴി മാറുമ്പാള്‍, അവസരങ്ങള്‍ നഷ്ടമായി പിന്തള്ളപ്പെടുന്ന ഒരു നായകനടന്‍ നരിടുന്ന പ്രതിസന്ധികളും ആ സന്നിഗ്ധ ഘട്ടത്തില്‍ സിനിമാലാകത്ത് അയാള്‍ക്കുണ്ടാകുന്ന പ്രണയവുമാണ് ആര്‍ട്ടിസ്റ്റിന്റെ പ്രമയം. പാതിയിലറെയും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍, സംഭാഷണങ്ങള്‍ പോലും പരമാവധി ഒഴിവാക്കി ആവിഷ്‌കരിച്ച വ്യത്യസ്ത ചിത്രമാണിത്. 11 നാമനിര്‍ദ്ദേശങ്ങളുമായി മത്സരിച്ച് അഞ്ച് ഓസ്‌കറുകള്‍ നേടിയ ഇംഗ്ലീഷ് 3ഡി ചിത്രം 'ഹ്യൂഗോ'യും ശ്രദ്ധേയമായ നേട്ടം കൊയ്തു. ഛായാഗ്രഹണം, ശബ്ദമിശ്രണം, ശബ്ദസന്നിവേശം, കലാസംവിധാനം, വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് ഹ്യൂഗോ നേടിയത്. മാര്‍ട്ടിന്‍ സ്‌കോര്‍സസെയുടെ സംവിധാനത്തില്‍ 2011 ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഹ്യൂഗോ. ബ്രയാന്‍ സെലസ്‌നിക്കിന്റെ 'ദ ഇന്‍വെന്‍ഷന്‍ ഓഫ് ഹ്യൂഗോ കാബ്രെറ്റ്' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

മൈ വീക്ക് വിത്ത് മര്‍ലിന്‍ എന്ന ചിത്രത്തില്‍ മര്‍ലിന്‍ മണ്‍റായുടെ വേഷം അവിസ്മരണീയമാക്കിയ യുവനടി മിഷല്‍ വില്യംസ് ഉള്‍പ്പെടെയുളളവരുടെ കനത്ത വെല്ലുവിളി മറികടന്നാണ് മെറില്‍ സ്ട്രീപ്പ് മികച്ച നടിക്കുളള പുരസ്‌കാരം നേടിയത്. ബിഗിനേഴ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ക്രിസ്റ്റഫര്‍ പ്ലമ്മറാണ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയത്. ഓസ്‌കര്‍ നേടുന്ന ഏറ്റവും പ്രായമുള്ള നടനാണ് എണ്‍പത്തിരണ്ടുകാരനായ ക്രിസ്റ്റഫര്‍ പ്ലമ്മര്‍. അമേരിക്കന്‍ നടിയായ ഒക്ടാവിയ സ്‌പെന്‍സര്‍ ആണ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയത്. ദ ഹെല്‍പ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.
 
മിഡ്‌നൈറ്റ് ഇന്‍ പാരീസ് എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് വൂഡി അലന്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നേടി. ഇറാന്‍ ചിത്രമായ എ സെപ്പറേഷന്‍ ആണ് മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇറാന്‍ ചിത്രത്തിന് ഓസ്‌കര്‍ ലഭിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക