Image

സാധാരണക്കാര്‍ക്ക് പൊലീസിനെ പേടിച്ച് ജീവിക്കേണ്ട അവസ്ഥ: സ്പീക്കര്‍

Published on 27 April, 2017
സാധാരണക്കാര്‍ക്ക് പൊലീസിനെ പേടിച്ച് ജീവിക്കേണ്ട അവസ്ഥ: സ്പീക്കര്‍

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് പൊലീസിനെ ഭയപ്പാടോടെ കാണേണ്ട അവസ്ഥ നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ ഹാളില്‍ ചേര്‍ന്ന പ്രത്യേക സഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്ക് പോലീസിനെ സമീപിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വക്താക്കളായി മാറാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കുന്നില്ലെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. 

ആദ്യ നിയമസഭാ സമ്മേളന അനുസ്മരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്തിയാണ് സഭ നടപടിക്രമങ്ങളിലേക്ക് കടന്നത്. പതിവുപോലെ ചോദ്യത്തരവേള 8.30 മുതല്‍ 9.30 വരെയായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂര്‍ ആദ്യ നിയമസഭയെ അനുസ്മരിച്ച് കക്ഷി നേതാക്കള്‍ സംസാരിച്ചു. ചരിത്രപ്രാധാന്യമായ ഈ സമ്മേളനത്തില്‍ തന്നെ സ്‌കൂളുകള്‍ മലയാളം നിര്‍ബന്ധമാക്കുന്ന ബില്ലും അവതരിപ്പിക്കും. സമ്മേളനത്തിന്റെ ചരിത്രപ്രാധാന്യം പരിഗണിച്ച് എം എം മണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം പ്രതിപക്ഷം ഒഴിവാക്കി.

കേരള നിയമസഭയുടെ ആദ്യസമ്മേളനം ചേര്‍ന്നിട്ട് 60 വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് അതേ സഭ ഹാളില്‍ മുഴുദിന സഭാസേമ്മളനം ചേരുന്നത്. ഇ.എം.എസ് മുതല്‍ ഇ.കെ. നായനാര്‍ വരെയുള്ള യുഗപുരുഷന്മാര്‍ മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ അനുസ്മരിക്കുന്ന വ്യാഴാഴ്ചയിലെ സമ്മേളനത്തില്‍ പലരും പഴയസഭയില്‍ അംഗങ്ങളാണ്. പഴയ സഭാഹാളില്‍ അവസാനസമ്മേളനം നടന്നത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയും എം. വിജയകുമാര്‍ സ്പീക്കറും ആയിരിക്കെ 1998 ജൂണ്‍ 29നായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക