Image

പൊമ്പിളൈ ഒരുമൈ സമരത്തില്‍ നിന്നു ആംആദ്‌മി പിന്‍മാറി

Published on 28 April, 2017
പൊമ്പിളൈ ഒരുമൈ  സമരത്തില്‍ നിന്നു  ആംആദ്‌മി  പിന്‍മാറി
മൂന്നാര്‍: വിവാദ പ്രസ്‌താവന നടത്തിയ മന്ത്രി എം എം മണി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിയ നിരാഹാര സമരത്തിനു പിന്തുണയുമായി എത്തിയ ആംആദ്‌മി സമരത്തില്‍ നിന്നു പിന്‍മാറി. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നേരത്തേ തന്നെ ആം ആദ്‌മിയുടെ പിന്തുണയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു. 

 ആശുപത്രിയില്‍ നിരാഹാര സമരം നടത്തുന്ന ആം ആദ്‌മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനറായ സി ആര്‍ നീലകണ്‌ഠനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. 

തിങ്കളാഴ്‌ചയാണ്‌ പൊമ്പിളൈ ഒരുമൈയുടെ നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ നീലകണ്‌ഠന്‍ നിരാഹാര സമരം ആരംഭിച്ചത്‌. വ്യാഴാഴ്‌ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. രാവിലെ അദ്ദേഹത്തെ ആശുപത്രിയിലേക്ക്‌ മാറ്റാന്‍ പോലീസ്‌ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 

 സമരപ്പന്തലിലേക്ക്‌ വ്യാഴാഴ്‌ച രാത്രിയോടെ ഒരു സംഘമാളുകള്‍ ഇരച്ചുകയറിയത്‌ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ഇവര്‍ ശ്രമിച്ചതാണ്‌ പ്രശ്‌നങ്ങള്‍ വഷളാക്കിയത്‌. 

സമരപ്പന്തലില്‍ കയറി സംഘര്‍ഷമുണ്ടാക്കിയത്‌ സിപിഎം പ്രവര്‍ത്തകരാണെന്നാണ്‌ പൊമ്പിളൈ ഒരുമൈ നേതാവ്‌ ഗോമതി അഗസ്റ്റിന്‍ ആരോപിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക