Image

മൂല്യമാലിക - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 27 February, 2012
മൂല്യമാലിക - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
1.ദൈവമേ നീയന്‍ പാര്‍ശ്വഭാഗത്തിലഹോരാത്രം
കാവലുണ്ടെങ്കിലേനിക്കെന്തു ഭയപ്പെടാന്‍ ?
അപ്പോഴാണളവുനൂലെനിക്കു മനോഹര
ഭൂപ്രദേശത്തു വീണെന്‍ ഹൃത്തടമാനന്ദിപ്പൂ!

2.ആരുമേ കാണാത്ത സ്ഥലകാലങ്ങളില്‍
ഏതുമേ കാണുന്ന കണ്ണുമായി
എല്ലാമറിയുന്നൊരുവനുണ്ടെന്നതെ-
പ്പോഴുമകക്കാമ്പിലോര്‍മ്മവേണം.

3.ലോകജീവിതമാം കടമ്പകടക്കുവോളം
നാരായണസ്തുതിയതാണവലംബമെന്നാല്‍
ഓരോ വിധത്തിലതു താണ്ടിയണഞ്ഞിടുമ്പോള്‍
കൂരായ കൂരായണ വൈകൃതമാണുപിന്നെ!

4.ദാഹത്തനു കൂടിനീരു നല്കും നല്ലകൂപ-
വ്യൂഹങ്ങളെ മറക്കുവതാരുപാരില്‍ !
ജീവിക്കുവാനുതകുവോരീശന്റെ നാമത്തെ
പൂവിട്ടുകൂപ്പണമതാണറിവിന്റെ പാത!

5.നോവിന്റെ നോവതികഠോരതരം വരുമ്പോള്‍
നാവില്‍ വരുന്നതതിമൂല്യവിശിഷ്ട നേര്‍ച്ച
നോവൊട്ടടങ്ങി സുഖമായി വരുന്നനേരം
നാവാദ്യമായുരുവിടുന്നതു ദൈവനിന്ദ!

6.ആവും നാളിലനേകരുണ്ടു പുറകേപറ്റിപ്പിടിച്ചീടുവാന്‍
ആവാനാളിലൊരുവനേയുമതുപോല്‍ കാണുന്നതില്ലെങ്ങുമേ
ചാവും നേരം സുകൃതമൊരുവനേകൂടെനില്‍പാനുള്ളുവെന്ന്
പാവം മര്‍ത്യനറിഞ്ഞി കൂട, അറിയുമ്പോഴേക്കതാമൃത്യുവും!

7.കാലേയെണീറ്റു ദൈവത്തെ
ചോലായൊന്നു വിളിക്കുകില്‍
മേലേമേലേ വരും ദുഃഖം
മാലേറ്റാതെയൊഴിഞ്ഞുപോം.

8.ആപത്ത്, രോഗമിവയൊക്കെ നമുക്കു പശ്ചാ-
 ത്താപത്തിനുള്ള വഴി,യെന്നു നിനച്ചുകൊണ്ട്
പാപത്തില്‍ നിന്നു കരകേറുക, യെങ്കിലെല്ലാ-
ത്താപത്തിനും ശനഃശനൈ പരിഹാരമുണ്ടാം.

9.ദൈവമില്ലാത്ത ജാതിക്ക്
ശൈവകാലം വരാദൃഢം
കാവല്‍ക്കാരനില്ലാഞ്ഞാല്‍
വേവലേ ബാക്കിവന്നിടൂ!

10.കണ്ണു, കാതുകളീരണ്ടാ-
ണെങ്കിലും വക്ത്രമൊന്നുതാന്‍ ,
കാണാ കേള്‍ക്കുന്നകാര്യത്തില്‍
പാതിയേയുള്ളുവാസ്തവം!
മൂല്യമാലിക - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക