Image

മസ്‌ക്കറ്റില്‍ മലയാളി യുവാവിന്റെ പണം കൊള്ളയടിച്ചു

Published on 27 February, 2012
മസ്‌ക്കറ്റില്‍ മലയാളി യുവാവിന്റെ പണം കൊള്ളയടിച്ചു
മസ്കത്ത്: ലേബര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ വിരുതന്‍ മലയാളി യുവാവിന്റെ പഴ്സിലെ ആയിരത്തോളം റിയാല്‍ തട്ടിയെടുത്തു. ഇന്നലെ രാവിലെ എട്ടരയോടെ റൂവി ഫെയ്മസ് ഹോട്ടലിന് സമീപമാണ് സംഭവം. സ്കൈ ബേര്‍ഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ കോട്ടയം സ്വദേശി അനസാണ് തട്ടിപ്പിനിരയായത്. രാവിലെ കട തുറന്നയുടന്‍ ലേബര്‍ ഉദ്യോഗസ്ഥനാണെന്ന വ്യാജേന ഒമാനി വേഷമണിഞ്ഞെത്തിയ ഒരാള്‍ അനസിനോട് ലേബര്‍കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കാര്‍ഡ് എടുക്കാനായി പേഴ്സ് പുറത്തെടുത്തതോടെ ഇയാള്‍ പേഴ്സ് തട്ടിപ്പറിച്ച് ഓടുകയായിരുന്നുവത്രെ. കടയിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് നല്‍കാനായി വച്ചിരുന്ന 985 റിയാലോളം ഇയാള്‍ കൊണ്ടുപോയതായി അനസ് റൂവി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പണമെടുത്ത് പേഴ്സ് വലിച്ചെറിഞ്ഞ ശേഷം ഇയാള്‍ അനസിനെ തള്ളിവീഴ്ത്തി ഓടുകയായിരുന്നു. തട്ടിപ്പുകാരന്റെ ചിത്രം സമീപത്തെ കടയിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങളടങ്ങുന്ന സീഡിയും പൊലീസിന് കൈമാറിയിട്ടുണ്ട്. അനസിന്റെ കടക്ക് സമീപത്തെ യൂസഫ് മോഡേണ്‍ എന്ന മൊബൈല്‍ ഇലക്ട്രോണിക് ഷോപ്പിലെ നിരീക്ഷണകാമറയിലാണ് തട്ടിപ്പ് നടത്തിയ വിരുതന്റെ ചിത്രം പതിഞ്ഞത്. ഇയാള്‍ അനസിനെ സമീപിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് ഇതിലുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് കാമറ സ്ഥാപിച്ച കടയില്‍ പാകിസ്താന്‍ വേഷധാരികളായി ചിലര്‍ മോഷണം നടത്തുന്ന ചിത്രവും പതിഞ്ഞിരുന്നു.
ലേബര്‍കാര്‍ഡ് ചോദിച്ച് വരുന്ന ഉദ്യോഗസ്ഥരോട് പ്രവാസികള്‍ക്ക് ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കാമെന്ന് ലേബര്‍വകുപ്പ് അധികൃതര്‍ പറയുന്നു. ലേബര്‍വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് തെളിയിക്കുന്ന കാര്‍ഡ് കണ്ട് ബോധ്യപ്പെട്ടാല്‍ മാത്രമേ അവര്‍ക്ക് ലേബര്‍കാര്‍ഡ് നല്‍കേണ്ടതുള്ളു. അതുപോലെ റോഡരികില്‍ യൂനിഫോമിലല്ലാത്തവര്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യപ്പെട്ടാലും കാണിക്കേണ്ടതില്ല. യൂനിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥന് മാത്രമേ ലൈസന്‍സ് കൈമാറാവൂ എന്ന് ഡ്രൈവിങ് ലൈസന്‍സില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക