Image

ട്രെയിനിനു മുന്നില്‍ തലചുറ്റി വീണ സഹപ്രവര്‍ത്തകയെ രക്ഷിക്കുന്നതിനിടയില്‍ ഇന്ത്യക്കാരന്റെ ബാഗ് മോഷ്ടിച്ചു

Published on 02 May, 2017
ട്രെയിനിനു മുന്നില്‍ തലചുറ്റി വീണ സഹപ്രവര്‍ത്തകയെ രക്ഷിക്കുന്നതിനിടയില്‍ ഇന്ത്യക്കാരന്റെ ബാഗ് മോഷ്ടിച്ചു
ന്യൂയോര്‍ക്ക്: പ്ലാറ്റ്‌ഫോമിലേക്ക് പാഞ്ഞടുക്കുകയായിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് തല കറങ്ങി വീണ സഹപ്രവര്‍ത്തകയെ അതിസാഹസികമായി രക്ഷപ്പെടുത്തുന്നതിനിടയില്‍ ഇന്ത്യക്കാരന്റെ ബാഗ് മോഷ്ടിക്കപ്പെട്ടു. മന്‍ഹാട്ടനിലെ എഡിസണ്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു മനസാക്ഷിയെ മരവിപ്പിച്ച ഈ സംഭവം. പിസ്‌ക്കാറ്റവേയിലെ താമസക്കാരനും ഡാറ്റാ അഡ്മിനിസ്‌ട്രേറ്ററുമായ അനില്‍ വാനവല്ലി (34) ആണ് സഹപ്രവര്‍ത്തകയായ മാധുരി രെച്ചേര്‍ലയെ (26) രക്ഷിക്കുന്നതിനിടെ മോഷണത്തിന് ഇരയായത്.  

ഏപ്രില്‍ 28ന് രാവിലെ ഏഴരയോടെ ട്രെയിന്‍ സെന്‍ട്രല്‍ അവന്യു സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുമ്പോള്‍ മാധുരി ട്രാക്കിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്ത് ഇത് കണ്ടുനിന്ന അനില്‍ വാനവല്ലി പെട്ടെന്ന് തന്റെ ബാഗ് പ്ലാറ്റ്‌ഫോമില്‍ വച്ച് ട്രാക്കിലേക്ക് ചാടിയിറങ്ങുകയായിരുന്നു. അനിലും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് മാധുരിയെ മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുത്തുകയായിരുന്നു. നിമിഷാര്‍ധത്തില്‍ ട്രെയിന്‍ കടന്നുപോവുകയും ചെയ്തു. പ്ലാറ്റ്‌ഫോമിലുള്ളവര്‍ സ്തംഭിച്ചു നില്‍ക്കുകയായിരുന്നു ഈ സമയമത്രയും. ഇതിനിടെ  മോഷ്ടാവ് അനിലിന്റെ ബാഗുമായി ഓടിരക്ഷപ്പെട്ടു. ഇതാകട്ടെ അപ്പോള്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടതുമില്ല. 

അനിലിന്റെ ബാഗില്‍ 700 ഡോളറിന്റെ ലാപ്‌ടോപ്പും 200 ഡോളറും വില കൂടിയ ഹെഡ്‌ഫോണും വര്‍ക്ക് ഐ.ഡിയും ഉണ്ടായിരുന്നു. സഹജീവിയുടെ ജീവന്‍ രക്ഷിച്ച അനില്‍ വാനവല്ലിയെ പോലീസ് ചീഫ് തോമസ് ബ്രയാന്‍ വിശേഷിപ്പിച്ചത് 'നല്ല ശമരിയാക്കാരന്‍' എന്നാണ്. മാനുഷികമായ അനിലിന്റെ പ്രവര്‍ത്തിയെ മാനിച്ച് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അദ്ദേഹത്തിന് പാരിതോഷികമായി ആയിരം ഡോളറിന്റെ ചെക്ക് നല്‍കുകയും ചെയ്തു. അതിരാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ എത്തിയതു മൂലമാണ് മാധുരി കുഴഞ്ഞു വീണതെന്ന് എഡിസണ്‍ ടൗണ്‍ഷിപ്പ് പോലീസ് അറിയിച്ചു. 

പോലീസ് ഓഫീസര്‍മാരായ നവാസ്, ലിസ കിമിനോ തുടങ്ങിയവര്‍ എത്തി അബോധാവസ്ഥയിലായിരുന്ന മാധുരിയെ ന്യൂബേണ്‍സ്‌വിക്കിലുള്ള റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ജോലിക്കു പോകാനുള്ള തിരക്കിനിടെ രാവിലെ ഭക്ഷണമൊന്നും കഴിച്ചില്ല എന്ന് മാധുരി പറഞ്ഞു. ട്രാക്കിലേക്കുള്ള വീഴ്ചയില്‍ കാലിന്  പൊട്ടലേറ്റ ഇവര്‍ സുഖം പ്രാപിച്ചു വരുന്നു. സ്റ്റേഷനിലേക്ക് ട്രെയിന്‍ പാഞ്ഞുവരുന്ന സമയം പ്ലാറ്റ്‌ഫോമില്‍ നിന്ന് ആറടി താഴ്ചയുള്ള ട്രാക്കിലേക്കാണ് മാധുരി വീണത്. സംഭവത്തെ എഡിസണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധം അറിയിച്ചു. മറ്റൊരാളുടെ ജീവന്‍ രക്ഷിച്ചയാളുടെ പണവും മറ്റും കവര്‍ന്നതിനെ അപലപിക്കാന്‍ വാക്കുകളില്ലെന്നും മോഷ്ടാവിനെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം തുടങ്ങിയതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. 

ട്രെയിനിനു മുന്നില്‍ തലചുറ്റി വീണ സഹപ്രവര്‍ത്തകയെ രക്ഷിക്കുന്നതിനിടയില്‍ ഇന്ത്യക്കാരന്റെ ബാഗ് മോഷ്ടിച്ചു
Join WhatsApp News
Ponmelil Abraham 2017-05-03 03:51:17
Good Samaritan.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക