Image

നഷ്ട ബോധം(കവിത : ഡോ.ഈ.എം. പൂമൊട്ടില്‍)

ഡോ.ഈ.എം. പൂമൊട്ടില്‍ Published on 04 May, 2017
നഷ്ട ബോധം(കവിത : ഡോ.ഈ.എം. പൂമൊട്ടില്‍)
അല്പകാലമായ് അന്യദേശത്തില്‍ വസിച്ച ഞാന്‍
സ്വന്തമെന്‍ ഗ്രാമത്തിലേയ്‌ക്കൊരുനാള്‍ മടങ്ങവെ
മാറിയോരതില്‍ മുഖഛായയില്‍ സ്തംഭിച്ചുപോയ്
മാനസം വിഷാദമാം ചിന്തയില്‍ വിമൂകമായ്!

അന്നൊരു കാലം പച്ചക്കറിയും പഴങ്ങളും
നിന്നൊരാ പറമ്പുകള്‍ തരിശായ് കിടക്കുന്നു
നാടിതിന്‍ ശാലീനമാം ഭംഗി പോയകന്നുവോ;
ശാന്തമീ ദേശം നല്‍കും സാന്ത്വനം മറഞ്ഞുവോ!

കാണുന്നില്ല വൃക്ഷങ്ങള്‍ കുന്നുതന്‍ ചരിവിതില്‍
കാഴ്ചയില്‍ കോണ്‍ക്രീറ്റതിന്‍ മേടകള്‍ തെളിയുന്നു;
മെലിഞ്ഞു തോടായ് മാറി തന്വി എന്‍ പുഴയതും
ജലമോ മലിനമായ് മത്സ്യവും നശിച്ചുപോയ്!

കൂട്ടുകാര്‍ക്കൊപ്പം ഞാനീ പുഴയില്‍ കുളിച്ചതും
കൂട്ടമായ് ചേര്‍ന്നു പല മീനുകള്‍ പിടിച്ചതും
പുഴയോരത്തെ തോപ്പില്‍ കാറ്റുകൊണ്ടിരുന്നതും
പൂര്‍വ്വമെന്‍ കാലങ്ങളെന്‍ സ്മൃതിയില്‍ തെളിയവെ
മിഴികള്‍ തുളുമ്പുന്നു, വിതുമ്പീടുന്നു മനം
ഒഴുകുന്നുവോ കണ്ണീര്‍ മറ്റൊരു പുഴയതായ്!!

നഷ്ട ബോധം(കവിത : ഡോ.ഈ.എം. പൂമൊട്ടില്‍)
Join WhatsApp News
വിദ്യാധരൻ 2017-05-04 10:41:40
നഷ്ടബോധത്തിൻ വിമൂകതയിൽ
കുത്തിപിടിച്ചിരുന്നിടാതെ
ബോധം നഷ്ടം ആയവരെ
ബോധവൻമാരാക്കി മാറ്റിടണം
നാടിൻ മുഖച്ഛായ മാറിയെങ്കിൽ
ബോധമില്ലാത്തവർ കാരണമാ
നാടിന്റെ സിരകളിൽ മുഴുവനിന്ന്‌
മലിനമാം രക്‌തം ഒഴുകിടുന്നു
കാപട്യം വഞ്ചന ചതിയുമൊക്കെ
മനുഷ്യന്റെ മുഖച്ഛായായി മാറി
കുന്നുംപുഴകളും കാടുകളും
വിറ്റവർ നാണയമാക്കിടുന്നു
പണം എന്ന ചെകുത്താന്റെ
മുമ്പലിന്ന് ദൈവവും മുട്ടുമടക്കിടുന്നു
കവിതയും കഥയും ലേഖനനങ്ങൾ
ബധിരന്റെ ചെവിയിലെ ഗീതമല്ലേ?
എഴുതുക എങ്കിലും എഴുത്തുകാരെ
പുതിയൊരു യുഗത്തെ സ്വപ്‌നം കണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക