Image

ജനാധിപത്യം (കവിത: മഞ്ജുള ശിവദാസ് റിയാദ്)

Published on 04 May, 2017
ജനാധിപത്യം (കവിത: മഞ്ജുള ശിവദാസ് റിയാദ്)
ജനഹിതമനുകൂലമാക്കുവാനായ്
ജലരേഖ പോലോരോ ജല്പനങ്ങള്‍.

വാഗ്ദാനപ്പെരുമഴക്കുളിരിലെന്നും
വാഗ്ദാന ലംഘനം വിസ്മൃതിപൂകിടും.

സാധുവാം സാദാ ജനത്തെ വലക്കുവാന്‍
സാധ്യത തേടുന്ന സാമൂഹ്യ സേവകര്‍.

സഹ ജീവിതങ്ങള്‍ പിടഞ്ഞൊടുങ്ങുമ്പൊഴും
മാധ്യമ ശ്രദ്ധക്കായ് പാഞ്ഞിടുന്നോര്‍,
സ്വമഹിമകള്‍ വാനോളം വാഴ്ത്തിടുന്നോര്‍.

ചേരി തിരിഞ്ഞിവര്‍ അഭിനയിക്കുമ്പൊഴാ
പോരിലനാധരാകുന്ന പല ജന്മങ്ങള്‍,
പേരറിയാത്ത ചില രക്തസാക്ഷിത്വങ്ങള്‍.

ജീവന്‍ തുടിക്കും മനുഷ്യദേഹങ്ങളെ
തീഗോളങ്ങള്‍ വിഴുങ്ങുമ്പൊഴും,

ജനസേവ ലക്ഷ്യമിട്ടെന്നപോലെ
ജനമധ്യേ ചിലരോടിയെത്തിടുന്നു.

ജനാധിപത്യത്തിന്‍ വിശാലതയിലേക്കു
വിഷം ചീറ്റുവാനാഞ്ഞടുത്തിടുന്നു.

തീവ്രമാമഭിനയ പാടവം കൊണ്ടെന്നു
മെവിടെയും ലാഭങ്ങള്‍ കൊയ്‌തെടുക്കുന്നു.

പ്രതികരണശേഷിയില്ലാത്തൊരീ ജനത
പ്രതികാരമേല്‍ക്കാന്‍ വിധിക്കപ്പെടുന്നു,
പ്രതിബിംബമില്ലാതലഞ്ഞിടുന്നു.

രാഷ്ട്ര നന്മക്കെതിരെ ദംഷ്ട്രയാകാതെ,
മതേതരരാഷ്ട്രത്തിന്‍ ശാന്തി ഹനിക്കും
മഹാദുരന്തങ്ങളായ് തീര്‍ന്നിടാതെ.

നീതിക്കായ് നേരോടെ നീങ്ങുക നിങ്ങളീ
നാടിന്‍റെ നട്ടെല്ലൊടിച്ചിടാതെ.....
Join WhatsApp News
വിദ്യാധരൻ 2017-05-05 07:06:07
പ്രാമാണികത്വത്തെ തച്ചുടച്ച്
ജനാധിപത്യം സ്ഥാപിച്ചിടാൻ
ലോകമെല്ലാം ശ്രമം തുടർന്നിടുന്നു
ഐക്യനാടും വ്യത്യസ്തമല്ലയൊട്ടും 
എന്നാലതിന്റെ പോക്ക് കണ്ടാൽ,
പടപേടിച്ചു പന്തളം ചെന്നമാത്ര 
പന്തംകൊളുത്തിപ്പടയെന്നപോലെ..
പ്രാമാണികത്വത്തെ തുടച്ചുനീക്കാൻ-
വന്നവർ പ്രമാണികളായി മാറി
ജനായത്തഭരണ സ്വപ്നമൊക്കെ   
കോരന് കുമ്പിളിൽ കഞ്ഞിപോലെ 
എന്നാലും കവികളെ കവയിത്രികളെ
നിങ്ങടെ തൂലിക തുമ്പിനാലെ
ഇളക്കുക ജനങ്ങടെ ചിന്തയെന്നും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക