Image

ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്റര്‍ ഷിക്കാഗോയില്‍ ഉയരുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 05 May, 2017
ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്റര്‍ ഷിക്കാഗോയില്‍ ഉയരുന്നു (ഏബ്രഹാം തോമസ്)
ഷിക്കാഗോ:  പ്രസിഡന്റുമാരുടെ പേരില്‍ ലൈബ്രറിയും മ്യൂസിയവും റിസര്‍ച്ച് സെന്ററും അമേരിക്കയില്‍ സ്ഥാപിക്കുക സാധാരണമാണ്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബരാക്ക് ഒബമയുടെ പേരില്‍ സൗത്ത് ഷിക്കാഗോയില്‍ പ്രസിഡന്‍ഷ്യല്‍ സെന്റര്‍ സമുച്ചയം ഉയരുന്നു. ഒബാമ കുടുംബമായി  താമസിക്കുവാന്‍ തുടങ്ങിയതും, രാഷ്ട്രീയ ജീവിതം ആരംഭിച്ചതും ഇവിടെയാണ്. സൗത്ത് ഷോര്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഒബാമ സെന്ററിന്റെ രൂപരേഖ പ്രദര്‍ശിപ്പിക്കുകയും എന്താണ് ഉദ്ദേശിക്കുന്നതെന്ന് വിവരിക്കുകയും ചെയ്തു. മുന്‍ പ്രഥമ വനിത മിഷെല്‍ ഒബാമയും ഒപ്പം ഉണ്ടായിരുന്നു.

ലോകതത്തില്‍ പ്രഥമസ്ഥാനം നേടാന്‍ കഴിയുന്ന സ്ഥാനങ്ങളില്‍ ഒന്നായി സെന്ററിനെ രൂപപ്പെടുത്തുകയാണ് ഉദ്ദേശം. യുവ ജനങ്ങള്‍ നേതൃ പരിശീലനം നേടുവാനും തങ്ങളുടെ സമൂഹങ്ങളിലും രാജ്യങ്ങളിലും മാറ്റം വരുത്തുവാനും ഈ സ്ഥാപനം സഹായിക്കും, തന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫും ഇപ്പോള്‍ ഷിക്കാഗോ മേയറുമായ രാഹം ഇമ്മാനുവേല്‍ ഉള്‍പ്പെടെയുള്ള സദസ്യരോട് ഒബാമ പറഞ്ഞു.

മുന്‍ പ്രസിഡന്റായതിന് ശേഷം ഒബാമയുടെ രണ്ടാമത്തെ പൊതുപരിപാടി ആയിരുന്നു ഇത്. ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്ററിന് പ്രധാനമായും മൂന്ന് വലിയ കെട്ടിടങ്ങളാണ് ഉണ്ടാവുക. മ്യൂസിയം ടവറിന്റെ ആകൃതിയിലുള്ള കെട്ടിടത്തിലായിരിക്കും. ഒബാമ ഫൗണ്ടേഷന്‍ പ്രദര്‍ശിപ്പിച്ച മോഡലില്‍ ഇരുവശവും മരങ്ങള്‍ ഉള്ള വാക്ക് വേകളും പബഌക് പ്ലാസയും ക്ലാസ് റൂമുകളും ഉണ്ടായിരുന്നു. സെന്ററിന്റെ കെട്ടിടങ്ങളുടെ മൊത്ത ഫ്‌ളോര്‍ സ്‌പേസ് 2, 25,000 സ്വകയര്‍ ഫീറ്റായിരിക്കും. പണിപൂര്‍ത്തിയാകുവാന്‍ നാലു വര്‍ഷം എടുക്കുമെങ്കിലും ഈ വര്‍ഷം തന്നെ പ്രോഗ്രാമിംഗ് ആരംഭിയ്ക്കും. താനും ഭാര്യയും ചേര്‍്ന്ന് നഗരത്തില്‍ വേനല്‍ക്കാലത്ത് തൊഴില്‍ നല്‍കുന്നതിന് രണ്ടു മില്യന്‍ ഡോളര്‍ നല്‍കുമെന്ന് ഒബാമ പറഞ്ഞു. ഷിക്കാഗോയ്ക്ക് വളരെയേറെ നല്ല കാര്യങ്ങള്‍ സംഭാവന ചെയ്യുവാന്‍ കഴിയും. പത്രത്തിന്റെ തലക്കെട്ടുകളില്‍ വരുന്ന അക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറം ലോകത്തുള്ളവര്‍ കാണുന്നത്. കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാകുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കുന്നില്ല. പരിപാടികള്‍ ഇപ്പോഴേ ആരംഭിക്കുകയാണ്. സമൂഹത്തില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് ജാക്ക്‌സണ്‍ പാര്‍ക്കിലെ സെന്ററിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ പ്രദേശത്തെ സാമ്പത്തിക മേഖലയ്ക്ക് സെന്റര്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും. ആയിരക്കണക്കിന് കോണ്‍ട്രാക്ട് ജോലികളും 300 സ്ഥിരജോലികളും സെന്റര്‍ മൂലം ഉണ്ടാവും.

ഒരു റിക്കോര്‍ഡിംഗ് സ്റ്റുഡിയോവും ഷൂട്ടിംഗ് സൗകര്യങ്ങളും സെ്ന്ററില്‍ ഉണ്ടാവും. ഇവ പ്രതിഭാധനരായ കലാകാരന്മാരെ വളര്‍ത്തും. സെന്ററില്‍ മെമ്മോറബിലിയയും സ്വകാര്യശേഖരങ്ങളും പ്രദര്‍ശിപ്പിക്കും. നമുക്ക് മിഷെലിന്റെ വസ്ത്രങ്ങള്‍ കാണാന്‍ താല്‍പര്യമുണ്ടാവും(തമാശരൂപേണ ഒബാമ പറഞ്ഞു). സൗത്ത് ഷോര്‍ കള്‍ച്ചറല്‍ സെന്ററിലാണ് ഒബാമയും മിഷെലും 25 വര്‍ഷം മുന്‍പ് വിവാഹിതരായത്. മക്കള്‍ രണ്ടുപേരുടെയും ജനനം സമീപത്തെ ഒരു ഹോസ്പിറ്റലില്‍ ആയിരുന്നുവെന്നും ഒബാമ പറഞ്ഞു. മ്യൂസിയത്തിന്റെ മിക്കവാറും എല്ലാ ജോലികളും ന്യൂനപക്ഷ, സ്ത്രീ ഉടമസ്ഥതയിലുള്ള വ്യവസായങ്ങളായിരിക്കും നിര്‍വഹിക്കുക എന്ന് ഒബാമ ഫൗേേണ്ടഷന്‍ വക്താക്കള്‍ പറഞ്ഞു. എക്‌സിബിറ്റുകള്‍ തയ്യാറാക്കുന്നത് ന്യൂയോര്‍ക്കിലെ റാല്‍ഫ് ആപ്പില്‍ബാം അസ്സോസിയേറ്റ്‌സ് നേതൃത്വം നല്‍കുന്ന മാധ്യമ, ശബ്ദ, വെളിച്ച സാങ്കേതിക വിദഗ്ദ്ധരുടെ ടീമായിരിക്കും. സെന്ററിന്റെ യഥാര്‍ത്ഥ നിര്‍മ്മാണ ചെലവ് എന്തായിരിക്കുമെന്ന് വെളിപ്പെടുത്തുവാന്‍ ഫൗണ്ടേഷന്‍ തയ്യാറായിട്ടില്ല. എങ്കിലും നൂറുകണക്കിന് മില്യന്‍ ഡോളറായിരിക്കും നിര്‍മ്മാണ ചെലവ് എന്ന് അനുമാനിക്കപ്പെടുന്നു.

ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്റര്‍ ഷിക്കാഗോയില്‍ ഉയരുന്നു (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക