Image

മണ്‍ചെരാതുകള്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 05 May, 2017
മണ്‍ചെരാതുകള്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
"നരര്‍ക്കേവമീ,ധരയിലൊന്നായ് വസിക്കുവാ
നേകമതംമതി"യെന്നോതിയ സൗമ്യതേ,
എത്തിനില്‍ക്കുന്നിതാ, പഴയപടി പിന്നെയു
മുറ്റവര്‍പ്പോലുമി,ന്നാവെറിയിടങ്ങളില്‍.

തിരു നെഞ്ചിലെച്ചുടുചോരയാലെഴുതിയോ
രാ, ദര്‍ശനവും തമസ്കരിച്ചെന്നപോല്‍
മാതൃഭൂവിന്‍ മാറരിഞ്ഞുവീഴ്ത്താന്‍ ശ്രമി
ച്ചീടുവോരുടയോന്റെ ഭാവംനടിക്കുന്നു.

വികൃതമാക്കുന്നുപരിയവനിതന്‍ നന്മുഖം;
വ്രണിതമായീവിധമിവിടെത്ര തായ്മനം
പ്രാണന്റെയോരോ പിടച്ചിലായ് പിന്നെയും
പരിണമിച്ചീടുന്നുലകിലായ് യുവരവം.

പാണന്റെ പാട്ടുപോല്‍ മാഞ്ഞുപോയീടുന്നു
മാനവ സേവനഗാഥകള്‍ പാതിയും
പേരിന്നുവേണ്ടിയിന്നുരുളുന്നു; പുതുലോക
മിരുളുന്നപോലേ മുരളുന്നു നായ്ക്കളും.

കരുണതന്നോരോ ചെരാതുമീ വഴികളില്‍
വീണുടഞ്ഞേയ്ക്കാ,മുണര്‍ത്തുന്നഖിലവും
പാരിന്റെയൊരുകോണിലഭയാര്‍ത്ഥിയായതാം
നേരുചെന്നെത്തി,നീട്ടുന്നൂ; കരങ്ങളും.

നാവേറെയേറുന്നുവെങ്കിലും നാള്‍ക്കുനാള്‍
വാക്കുകള്‍ക്കര്‍ത്ഥമില്ലാതെയായല്പവും
നേരോര്‍ത്തിടാതെ നല്‍പ്പുലരിതന്‍ മുഖപടം
പാതിനീക്കിത്തിരക്കുന്നിരവ്‌നീതിയും.

കാലമൊരുകുരിശില്‍ ഞരങ്ങുന്നു; ഖലബലം
കൂരമ്പയച്ചുതകര്‍ക്കുന്നു പലവിധം
വേരറുത്തീടാന്‍ ശ്രമിക്കെ; സ്മൃതിനിരകളില്‍
നേരറിയിച്ചണയുന്നുവോ നിന്‍സ്വരം?

നെഞ്ചുലകളില്‍ക്കനലെരിയുന്നു ഝടിതിനാം
സംഘടിച്ചേവം കെടുത്താമഹന്തകള്‍
കരളുറവകള്‍ക്കിവിടെ കാവലായ് നില്‍ക്കുവാന്‍
തിരിതെളിച്ചീടാമിരുളാര്‍ന്നിടങ്ങളില്‍!!
Join WhatsApp News
വിദ്യാധരൻ 2017-05-05 09:55:57

"നരർക്കീധരയിൽ വസിക്കുവാ-
നേകമതം" മതിയെന്നോതിയേലും
നരദൈവങ്ങൾ  അതിനെ പിരിച്ചെടുത്ത്
അനേക മതമാക്കി ധര ചീത്തയാക്കി
ഉടയോന്റെ ഭാവത്തിൽ വന്നിട്ടിവർ  
മറുതുണിയില്ലാതുടുതുണി പറിച്ചിടുന്നു 
കാഷായവസ്ത്രം ളോഹ വെള്ളവസ്ത്രം
രുദ്രാക്ഷ മാല സ്വർണ്ണത്തിൽ തീർത്ത കുരിശ്
കൂടാതെ താടി മീശ കേശങ്ങളും
കയ്യിൽ കമണ്ഡലു കിണ്ടി കണ്ടാലോ
വിണ്ണീന്ന് ഭഗവാൻ നേരിട്ട് വന്നപോലെ
ജനത്തിന്റെ കണ്ണിൽ പൊടിവിതറി
ഇരുട്ടാക്കിയിവർ കൊള്ള ചെയ്തിടുംമ്പോൾ
വരിക കവി നീ മൺചരാതുമായി
തരികിറ്റു വെളിച്ചം തമസ്സിൽ നിന്നും

വാനേകമതം (വാൻ+ഏകമതം) = വ+ അനേകമതം    

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക