Image

ഫാ.മാത്യു കുന്നത്ത്: അ ശരണരുടെ (അമ്മ) അല്ല അച്ഛന്‍ (ഫ്രാന്‍സിസ് തടത്തില്‍)

ഫ്രാന്‍സിസ് തടത്തില്‍ Published on 05 May, 2017
ഫാ.മാത്യു കുന്നത്ത്: അ ശരണരുടെ (അമ്മ) അല്ല അച്ഛന്‍ (ഫ്രാന്‍സിസ് തടത്തില്‍)
ജീവകാരുണ്യ പ്രവര്‍ത്ത രംഗത്ത് ചരിത്രം കുറിച്ച് ഒരു കൊച്ചു സംഘടന.... ചെറുതെങ്കിലും പ്രവര്‍ത്തന മികവില്‍ ഒന്നാമതാകുന്ന ഈ സംഘടനയുടെ ജീവസ്‌ത്രോതസ് അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ നല്ല സമരിയാക്കാരനായ ഫാ.മാത്യു കുന്നത്ത് ആണ്. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പണ്ടേ വ്യാപൃതനായ മാത്യു അച്ചന്റെ ജീവകാരുണ്യ മാതൃകയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട അഭ്യുദയകാംക്ഷികളാണ് അദ്ദേഹത്തിന്റെ നാമത്തില്‍ ഫാ.മാത്യു കുന്നത്ത് ചാരിറ്റബള്‍ ഫൗണ്ടേഷന്‍(FMKCF) എന്ന ട്രസ്റ്റ് രൂപീകരിച്ചത്. രൂപത്തില്‍ ചെറിയവനും കര്‍മ്മത്തില്‍ വലിയവനുമായ ഈ മനുഷ്യസ്‌നേഹിക്ക് എണ്‍പത്താറാം ജന്മദിനമാണ് മെയ് 18ന്.... ഇവിടെ അമേരിക്കയിലെ അറുന്നൂറോളം കുടുംബങ്ങള്‍ക്ക് ആനന്ദനിര്‍വൃതിയാണ് മാത്യു അച്ചന്റെ പിറന്നാള്‍. ഇവിടെ അമേരിക്കയിലെ അറുന്നൂറോളം കുടുംബങ്ങള്‍ക്ക് ആനന്ദനിര്‍വൃതിയാണ് മാത്യു അച്ചന്റെ പിറന്നാള്‍. കാരണം മാത്യു അച്ചനെന്ന മാലാഖയുടെ ചിറകിലേറിയാണ് ഇവരത്രയും അമേരിക്കയിലെത്തിയത്. ഇന്ന് അവരും അവരുടെ കുടുംബാംഗങ്ങളുമായി പതിന്മടങ്ങ് കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതിനെല്ലാം പാത്രീഭൂതനാകാനും ഈ കുടുംബങ്ങളുടെ ആത്മീയ സാമ്പത്തിക വളര്‍ച്ച കാണാനും അച്ചന് ദൈവം ദീര്‍ഘായുസു നല്‍കുന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ എളിയ ഇടയന്റെ എണ്‍പത്താറാം പിറന്നാളില്‍ ഈ കുടുംബങ്ങള്‍ ദര്‍ശിക്കുന്നത്.

മാത്യു അച്ചന്‍ വഴി അമേരിക്കയിലെത്തിയവരും അവരുടെ അഭ്യുദയകാംക്ഷികളും ചേര്‍ന്ന് 2005 ലാണ് ഫാ.മാത്യു കുന്നത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചത്. ഇന്നീ പന്ത്രണ്ടാം സംവത്സരത്തില്‍ അച്ചന്റെ എണ്‍പത്താറാം പിറന്നാളാഘോഷിക്കുന്ന വേളയില്‍ ട്രസ്റ്റിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷത്തിനു മാധുര്യമേറെയാണ്. അതിനു പലതാണു കാരണങ്ങള്‍.

ഈ സാമ്പത്തിക വര്‍ഷം ഓഡിറ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ ഈ ട്രസ്റ്റ് അഞ്ചു ലക്ഷം ഡോളറിനു മുകളില്‍(അര മില്യണ്‍ ഡോളര്‍) സമാഹരിച്ചതായും അത്രയും തന്നെ തുക കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തതായും കണ്ടു. ഇത് അമേരിക്കയിലെ മറ്റേതു സംഘടനകളെയും സംബന്ധിച്ച് ഏറെ അഭിമാനകരമായ നേട്ടമാണ്. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഇത്രയധികം തുക സമാഹരിക്കാനും അത് ഉചിതമായ രീതിയില്‍ സംഭാവന ചെയ്യാനുമായതിലാണ് ട്രസ്റ്റിന്റെ മികവ് ദര്‍ശിക്കാനാകുക. ഇതിനാകട്ടെ അച്ചന്റെ അഭ്യുദയകാംക്ഷികളുടെ അകമഴിഞ്ഞ സഹകരണവുമുണ്ടായിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്.

രണ്ടു വര്‍ഷം മുമ്പ് ഫൗണ്ടേഷന് എടുത്ത ഒരു തീരുമാനമാണ് ഫൗണ്ടേഷന്റെ ഏറ്റവും വലിയ നേട്ടം. ഫണ്ട് റേസിങ്ങ് പരിപാടികള്‍ പൂര്‍ണ്ണമായും നിര്‍ത്തി വച്ച് എല്ലാ അംഗങ്ങളും ഒരു നിശ്ചിത തുക ഫൗണ്ടേഷനിലേക്കു ഡയറക്ടറ്റ് ഡിപ്പോസിറ്റായി നല്‍കാന്‍ തീരുമാനമായത് രണ്ടു വര്‍ഷം മുമ്പ് ഈ ഫൗണ്ടേഷനില്‍ അംഗമായ റോയി മാത്യുവിന്റെ ആശയത്തെ പിന്‍പറ്റിയായിരുന്നു. ഇതോടെ ലഭിക്കുന്ന തുകയത്രയും പാവങ്ങള്‍ക്കായി നല്‍കാനായി. ഫണ്ട് റേസിങ്ങ് പ്രോഗ്രാമുകള്‍ നടത്തുമ്പോള്‍ അതില്‍ സിംഹഭാഗവും പരിപാടി നടത്തിപ്പിനു വേണ്ടി ചെലവായിരുന്നു. മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കു തനിക്കു പ്രചോദനമായതെന്നാണ് അച്ചന്റെ പക്ഷം.

പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ബദ്ധശ്രദ്ധനായ ഈ വന്ദ്യ വയോധിക വൈദികന്‍ ഈ എണ്‍പത്താറാം വയസിലും കര്‍മ്മോത്സുകനാണ്. ഇടവകയിലെ ചുമതലകളില്‍ നിന്നു വിരമിച്ചെങ്കിലും താന്‍ മുമ്പു വികാരിയായിരുന്ന നട്‌ലി ഹോളി ഫാമിലി ചര്‍ച്ചില്‍ താമസിച്ച് ഈ ഇടവകയിലും നട്‌ലി സെന്റ് മേരീസ് പള്ളിയിലും പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ സ്തുത്യര്‍ഹ സേവനം നടത്തി വരുന്നു.
നീണ്ട അറുപത്തേഴു വര്‍ഷത്തെ വൈദിക ജീവിതത്തില്‍ പൂര്‍ണ്ണ സംതൃപ്തനാണ് അച്ചന്‍. പിന്നിട്ട വഴികളത്രയും ആത്മസംതൃപ്തി നിറഞ്ഞതാണെന്ന് അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്രയും കാലം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനായതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യവും നേട്ടവുമായി അച്ചന്‍ കാണുന്നത്. പ്രതിദിനം രണ്ടു വി.കുര്‍ബാനകള്‍ വച്ച് 48, 910 വി.കുര്‍ബാനകളെങ്കിലും ഈ വന്ദ്യ വൈദികന് അര്‍പ്പിക്കാന്‍ കഴിഞ്ഞു. ഒപ്പം ല്കഷക്കണക്കിനു വരുന്ന അഭ്യുദയകാംക്ഷികളുടെ ഹൃദയം തുറന്ന പ്രാര്‍ത്ഥനയും അച്ചനു മാത്രം സ്വന്തം.... കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഹിമാലയ സമാനമുയര്‍ന്നപ്പോഴും മഞ്ഞുരുകും പോലെ അവയെല്ലാം ഉരുകിത്തീര്‍ന്ന ജീവിതാനുഭവ പൂര്‍ണ്ണിമ മാത്യു അച്ചനു ലഭിക്കാനും കാരണം മറ്റൊന്നല്ല.

ഏഴു വര്‍ഷം മുമ്പ് അച്ചന്റെ ഹൃദയ ധമനികളുടെ പ്രവര്‍ത്തനം നിലച്ച മട്ടായിരുന്നു. അദ്ദേഹത്തിന്റെ വലംകൈയായ കല്ലറയ്ക്കല്‍ മേരി-മൈക്കിള്‍ ദമ്പതികളിലൂടെ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു. വെറുമൊരു കാര്‍ഡിയോളജിക് വിസിറ്റ്. ബ്ലഡ് പ്രഷര്‍ നോക്കിയ ഡോക്ടര്‍ ഞെട്ടി.... 265/ 180 ഉടന്‍ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. നാലു രക്ത ധമനികളില്‍ 95 ശതമാനവും ബ്ലോക്ക് ഉടന്‍ ഓപ്പറേഷന്‍ നടത്തിയില്ലെങ്കില്‍ ബ്ലോക്ക് അല്ല ഹൃദയമിടിപ്പു തന്നെ നിലയ്ക്കുമെന്നുറപ്പ്.... 79-ാം വയസില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി... ന്യൂയോര്‍ക്കിലെ ബത്ത് ഇസ്രയേല്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോ തെറാസിക് സര്‍ജറി റൂമിലെ സന്ദര്‍ശക മുറിയും പിന്നീട് ഐസിയുവിലെ സന്ദര്‍ശക മുറിയും പ്രാര്‍ത്ഥനാലയമായി മാറി. അമേരിക്കക്കാരായ ഡോക്ടര്‍മാരും നഴ്‌സുമാരും അത്ഭുതം കൂറി.... ആരാണീ വിഐപി....? ഇദ്ദേഹത്തെ ഒരു നോക്കു കാണാന്‍ ഇത്രയാളുകള്‍ എവിടെ നിന്നു വരുന്നു?

രക്ഷപ്പെടുമെന്ന് ഒരുറപ്പുമില്ലാതെയാണ് ഓപ്പറേഷന്‍ നടത്തിയത്. പക്ഷേ, പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യേക സംരക്ഷണയാല്‍ ഫാ.മാത്യു കുന്നത്ത് പൂര്‍ണാരോഗ്യവാനായി തിരിച്ചു വന്നു. ഇതിനു പിന്നില്‍ മറ്റൊരു കാര്യമുണ്ട്. അച്ചന്റെ ജപമാല ഭക്തി. മാത്യു അച്ചന് കൊണ്ടു വന്നവരുടെയും അവരുടെ അഭ്യുദയകാംക്ഷികളായി ഇവിടെയുള്ളവരുടെയും വീടുകളില്‍ എല്ലാ ഒക്ടോബര്‍ മാസവും എല്ലാ ദിവസവും കൊന്തനമസ്‌കാരം നടത്താറുണ്ട്. ഇതിനു മുടക്കം വന്നത് ന്യൂജേഴ്‌സിയിലാഞ്ഞടിച്ച സാന്‍ഡി ചുഴലിക്കൊടുങ്കാറ്റു മൂലം വൈദ്യുതി ബന്ധം വരെ വിച്ഛേദിക്കപ്പെട്ട രണ്ടേ രണ്ടു ദിവസം മാത്രമായിരുന്നു. അപ്പോള്‍പ്പിന്നെ വെറുതെയിരിക്കുമോ പരിശുദ്ധ അമ്മ...?

അച്ചന്‍ പൂര്‍ണാരോഗ്യവാനല്ല ഇപ്പോള്‍. എങ്കിലും മൂന്നു കാര്യങ്ങളില്‍ നിതാന്ത ശ്രദ്ധ പുലര്‍ത്തി മുന്നോട്ടു പോകുകയാണദ്ദേഹം. മുടങ്ങാത്ത വിശുദ്ധ കുര്‍ബാന അര്‍പ്പണം.... തുടരുന്ന മരിയഭക്തി, സാധുക്കളെ സഹായിക്കാനായി തുടങ്ങി വച്ച എഫ്.എം.കെ.സി.എഫ് എന്ന ഫൗണ്ടേഷന്‍ തന്റെ കാലശേഷവും തുടരാനുള്ള ഡയറക്ട് ഡെപ്പോസിറ്റിനായുള്ള അശ്രാന്ത പരിശ്രമം.
ഇപ്പോള്‍ കിഡ്‌നിയില്‍ ക്രിയാറ്റിനിന്റെ അളവ് 4-2 ആണ് അച്ചന്. 5 എത്തിയാല്‍ ഡയാലിസിസ് ഉറപ്പ്. പക്ഷേ പരിശുദ്ധ അമ്മ അതിനട വരുത്തില്ലെന്നാണ് അച്ചനും അച്ചന്റെ സ്‌നേഹിതരും ഉറച്ചു വിശ്വസിക്കുന്നത്. അച്ചന്‍ അതിനായി എല്ലാവരുടെയും പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിക്കുന്നു. ക്രിയാറ്റിന്‍ കുറയ്ക്കാന്‍ മരുന്നുകളില്ല. പ്രാര്‍ത്ഥന.... അതാണേക മരുന്ന്. അച്ചന്റെ പുണ്യ ജീവിതം അടുത്തറിഞ്ഞ ഓരോരുത്തരും അച്ചനായി നിരന്തരം പ്രാര്‍ത്ഥിക്കുന്നു.

ഇതിനകം നൂറിലേറെ പേരാണ് ഡയറക്റ്റ് ഡിപ്പോസിറ്റ് പദ്ധതിയിലംഗങ്ങളായത്. ഏതാണ്ട് 5000 ഡോളര്‍ ഈയിനത്തില്‍ പ്രതിമാസം ലഭിക്കുന്നുണ്ട്. ഇതിനു പുറമേ നിരവധിയാളുകള്‍ അകമഴിഞ്ഞു നല്‍കുന്ന സംഭാവന വേറെയുമുണ്ട്. എത്ര കിട്ടിയാലും കൊടുക്കാന്‍ തികയില്ല എന്നത് നമ്മുടെ നാട്ടിലെ പാവങ്ങളുടെ ദുരവസ്ഥയ്ക്കു മേലുള്ള നേര്‍കാഴ്ചയായി കാണണമെന്ന് മാത്യു അച്ചന്‍ പറയാറുണ്ട്. ചില കത്തുകള്‍ കണ്ടാല്‍ കണ്ണീരിറ്റു പോകും. കൊടുക്കുമ്പോള്‍ നന്നായി കൊടുക്കണം-അതാണീ ട്രസ്റ്റിന്റെ മുഖമുദ്ര പണ്ടൊക്കെ ഒരാള്‍ക്ക് 500 മുതല്‍ 1000 ഡോളര്‍ വരെ നല്‍കിയാല്‍ മതിയായിരുന്നു. ഇന്നു സ്ഥിതി മാറി. 1000 ഡോളര്‍ മുതല്‍ 10,000 ഡോളര്‍ വരെ നല്‍കേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. എല്ലാ മാസവും ബോര്‍ഡ് യോഗം ചേര്‍ന്ന് അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ അപേക്ഷ പാസാക്കും. ഉടന്‍ തന്നെ ചെക്കും അയയ്ക്കും. ഇത്രയ്ക്കും സുതാര്യമായി പ്രവര്‍ത്തിക്കുന്ന..... ഇത്രയധികമാളുകള്‍ക്കു സഹായം നല്‍കുന്ന മറ്റേതു സംഘടനയാണുള്ളത്.... അര്‍ഹതപ്പെട്ടവരെ ആരെയും തഴയാറില്ല. രോഗിയുടെ അവസ്ഥ വിവരിച്ചു കൊണ്ടുള്ള ഒരു കത്ത്. അയാള്‍ ക്രിസ്ത്യാനിയാണെങ്കില്‍ വികാരിയച്ചന്റെ കത്ത്. അല്ലെങ്കില്‍ പഞ്ചായത്തു പ്രസിഡന്റിന്റെ കത്ത്.... ട്രസ്റ്റിന്റെ ആപ്ലിക്കേഷന്‍ ഫോറം പൂരിപ്പിച്ച് ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അയയ്ക്കുന്നവരുടെ അര്‍ഹത ബോര്‍ഡ് പരിശോധിച്ച് തുക തീരുമാനിച്ച് ചെക്ക് അയച്ചു കൊടുക്കുകയാണ് പതിവ്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം.... പ്രത്യേകിച്ച് നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക്....ക്യാന്‍സര്‍, ഹൃദ്രോഗം, കിഡ്‌നിത്തകരാറുകള്‍ എന്നിവയ്ക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സാ സഹായം എന്നിവയാണ് നല്‍കുന്നത്.

തന്റെ കാലശേഷവും ഈ പദ്ധതി വളരണമെങ്കില്‍ ഡയറക്റ്റ് ഡിപ്പോസിറ്റ് പദ്ധതി വളരണം. അതാണ് അച്ചന്റെ ഇപ്പോഴത്തെ ആഗ്രഹം.
ഈ പദ്ധതിയെ കുറിച്ച് അറിയാത്തവര്‍ ഈ വാര്‍ത്തയ്‌ക്കൊപ്പം വച്ചിരിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് അയച്ചു തരണമെന്ന് ട്രസ്റ്റ് വര്‍ക്കിങ് പ്രസിഡന്റ് ആല്‍ബര്‍ട്ട് ആന്റണി അഭ്യര്‍ത്ഥിച്ചു.
 ട്രസ്റ്റിന്റെ പന്ത്രണ്ടാം വാര്‍ഷികവും അച്ചന്റെ എണ്‍പത്താറാം പിറന്നാളും ഈ മാസം ഏഴിന് ഞായറാഴ്ച നാലിന് നട്‌ലി സെന്റ് മേരീസ് പള്ളിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും.

വൈകുന്നേരം 5.30ന് ഡിന്നര്‍. തുടര്‍ന്ന് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മാത്യു അച്ചന്‍ പിറന്നാള്‍ കേക്ക് മുറിക്കും. ഫൗണ്ടേഷനിലെ അംഗങ്ങളൊരുക്കുന്ന വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.

എല്ലാറ്റിനുമുപരിയായി അദ്ദേഹത്തിനാവശ്യം നമ്മുടെ പ്രാര്‍ത്ഥനകള്‍ തന്നെ. അതിനായി നമുക്കൊരുമിക്കാം. ദൈവകരുണയുടെ നിമിഷങ്ങള്‍ക്കായി കാത്തിരിക്കാം...

അഡ്രസ്-സെന്റ് മേരീസ് ചര്‍ച്ച്, 17 മോണ്‍സിഞ്ഞോര്‍ ഓവന്‍സ് പ്ലേസ്, നട്‌ലി, ന്യൂജേഴ്‌സി
contact- e-mail : fethadathil@gmail.com

973-518-3447(Cell)

ഫാ.മാത്യു കുന്നത്ത്: അ ശരണരുടെ (അമ്മ) അല്ല അച്ഛന്‍ (ഫ്രാന്‍സിസ് തടത്തില്‍)ഫാ.മാത്യു കുന്നത്ത്: അ ശരണരുടെ (അമ്മ) അല്ല അച്ഛന്‍ (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക