Image

പുതിയ ആകാശം പുതിയ ഭൂമി (കവിത: ജയന്‍ വര്‍ഗീസ്)

Published on 07 May, 2017
പുതിയ ആകാശം പുതിയ ഭൂമി (കവിത: ജയന്‍ വര്‍ഗീസ്)
(രാഷ്ട്രങ്ങളുടെ ആയുധപ്പുരകളില്‍ , അപരന്റെ നെഞ്ചിന്‍കൂട് തകര്‍ക്കാന്‍ അധികാരികളുടെ ആജ്ഞ കാത്തിരിക്കുന്ന ആഗോള സൈനിക സഹോദരങ്ങളെ, നിങ്ങള്ക്ക് ഒരു പുതിയ സുവിശേഷം! )

വരികസഹോദരാ ,യീയുഗസംഗമ
പ്പടിയിലൊരു നവ പരിമളംചാര്‍ത്തുനീ !
ഒരുമിച്ചു നമ്മളുയര്‍ത്തുക തമസ്സിന്റെ
വിരിമാറിലായിരം പുലരിപ്പതാകകള്‍ !

ഒരുകോടിവര്‍ഷങ്ങ ,ളൊരുകോടി ജന്മ്മങ്ങളി
ളിനിയും വരാനുണ്ടിവിടെയീ ഭൂമിയില്‍ .
ഒരുവിരല്‍ത്തുമ്പുകൊ ,ണ്ടവയുടെ വേരുക
ളൊരുമിച്ചറുക്കുവാന്‍ പ്രാപ്തരാണിന്ന് നാം .

ഒരുനിമിഷത്തിന്റെ പാതിയിലൊരു വിടന്‍
ഭരണാധികാരി യലറിയാലതുമതി ,
ഞൊടിയിട കൊണ്ടെന്റെ വര്‍ഗ്ഗംനശിക്കുവാ
നൊരു കരിക്കട്ടയായ്ത്തീരാന്‍ വസുന്ധര !

കരുതി വച്ചിട്ടുണ്ടൊരായിരം ഭൂമിയെ
കുരുതി കൊടുക്കുവാനാകുന്ന ബോംബുകള്‍ ...
ഒരു സ്വിച്ചമര്‍ത്തിയാ ,ലുപരിതലം പിള
ര്‍ന്നവയും വഹിച്ചു കുതിക്കും മിസൈലുകള്‍ !

കോടാനുകോടി യുഗങ്ങളായ് നമ്മുടെ
ഭാവന കെട്ടിയുയര്‍ത്തിയ കോട്ടകള്‍ ,
കേവലം ചാരമായ്ത്തീരും ,ഫണം വിരി
ച്ചാടുമീ വഹ്നിയില്‍ മണ്ണും,മനുഷ്യനും !

ഇല്ലെനിക്കാവില്ലതിനായി ,യീവിരല്‍
ത്തുമ്പോന്നമര്‍ത്തുവാന്‍ നിന്നെ മറക്കുവാന്‍ !
( അജ്ഞാത സ്‌നേഹിതാ നിനവിരല്‍ത്തുമ്പിലും
നിത്യനാശത്തിന്റെ വിത്താണറിയുക ! )

നിന്നേയുംനിന്നുടെ പെണ്ണിന്‍മടിത്തട്ടി
ലമ്മിഞ്ഞ യിറ്റിക്കുടിക്കും മകനെയും ,
കൊന്നുകുഴിച്ചു മൂടാനെനിക്കാവില്ല
യെന്നോടും നീയീക്കരുണ കാട്ടീടുമോ ?

പാതിയടഞ്ഞ മിഴിയുമായമ്മതന്‍ ,
മാറിലുറങ്ങി ക്കിടക്കുകയാണവന്‍ .
എന്‍മകന്‍ എന്റെ കിനാക്കളും പൂക്കളും ,
എന്നുമുയര്‍ത്തി പിടിക്കേണ്ട മാനവന്‍ !

എന്നുവിടരേണ്ട പൊന്‍പ്രഭാതങ്ങളെ
യുമ്മകള്‍നല്‍കി ,യുണര്‍ത്തേണ്ട നാളെകള്‍ ,
ഇങ്ങിനി വന്നുചേരേണ്ടന്നു നമ്മുടെ
പൊങ്ങന്‍ ഭരണാധികാരികള്‍ ചൊല്ലിയാല്‍ ,

ഇല്ലെന്നുറക്കെ യലറി കരയുവാന്‍ ,
എന്നിലും,നിന്നിലും ചങ്കൂറ്റമാവണം!
ജന്മാന്തരങ്ങള്‍ തഴക്കുമീ ഭൂമിയെന്‍ ,
ജന്മാവകാശ മാണെന്നു പറയണം .

തോക്കുകള്‍ നിന്റെ നെഞ്ചിന്കൂട്ടിലെ തുടി
പ്പാര്‍ന്ന കുരുവിയെത്തച്ചുകൊല്ലാന്‍ വരും ?
സാരമില്ലീ വഴിത്താരയില്‍ മുള്ളുകള്‍
പേറി വിടര്‍ന്നതാണീ യുഗപ്പൂവുകള്‍ !

എങ്ങുംവിടരട്ടെ സ്‌നേഹമതിലൂറും,
ഫല്ല സൗരഭ്യം താഴുകട്ടെ ഭൂമിയെ !
ഗംഗയും,വോള്‍ഗയും,നൈലും ,മിസ്സൂറിയു
മൊന്നിച്ചൊഴുകി പ്പുണരട്ടെ ഭൂമിയെ !

ഒരുമിച്ചു നമ്മളുയര്‍ത്തുക താമസ്സിന്റെ
വിരിമാറിലായിരം പുലരിപ്പതാകകള്‍ !
പാടിയുണര്‍ത്തൂ പ്രഭാതങ്ങളെ സ്‌നേഹ
ഗായത്രികള്‍ നവ സൂര്യഗായത്രികള്‍ !
Join WhatsApp News
വിദ്യാധരൻ 2017-05-08 10:41:50
ഇത് കലി'യുഗം' തന്നെ കവി
അധർമ്മത്തിൻ വിളയാട്ടമെങ്ങും
ഇവിടെ വെറുപ്പും വിദ്വേഷവും
നുരയുന്നു നുരഞ്ഞു പൊന്തിടുന്നു
ജനാധിപത്യത്തിന്റ പേരുചൊല്ലി
ജനതയെ ചൂഷണം ചെയ്യ്തിടുന്നു
ഏകാധിപതികളുമായി ജനം
സ്നേഹത്തിലാണ് ലോകമെങ്ങും
'തമസ്സോ മാ ജ്യോതിർഗമയ' മന്ത്രം
വെറുമൊരു തന്ത്രമായി മാറി
ഇവിടെ പരിമളം മാറ്റിയിപ്പോൾ
വിഷവാതക പ്രയോഗമത്രെ
യേശുവും ബുദ്ധനും ഗാന്ധിജിയും
ലിങ്കണും മാർട്ടിൻ ലൂതർക്കിങ്ങും
ദൗര്‍ബ്ബല്യത്തിന്റെ പ്രതീകമത്രെ
കിംജോങ് അണ്ണും ട്രംമ്പും പൂട്ടിനും
റോഡ്രിഗോ ഡുട്ടറെട്ടോയും
കരുത്തിന്റെ പ്രതീകമായി മാറി
അവരുടെ ആവനാഴികക്കുള്ളിൽ
മിസൈലുകൾ കുത്തിനിറച്ചിരിപ്പു
ഒരു വിരൽ ഒന്ന് തൊട്ടുപോയാൽ
പൊടിയായി മാറും പ്രപഞ്ചമൊക്കെ
പുതിയ യുഗത്തിന്റെ പിറവിയായി
തൂലിക വാളാക്കാൻ സമയമായി 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക