Image

വി.പശു ദേശീയ പാത ഉപരോധിക്കുമോ?(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 08 May, 2017
 വി.പശു ദേശീയ പാത ഉപരോധിക്കുമോ?(ദല്‍ഹികത്ത് : പി.വി.തോമസ്)
ടൈംസ് കാര്‍ട്ടൂണിസ്റ്റ് ഹണ്ട്( ദ ടൈംസ് ഓഫ് ഇന്‍ഡ്യ) ദേശവ്യാപകമായി ഈയിടെ നടത്തിയ കാര്‍ട്ടൂണ്‍  മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ കാര്‍ട്ടൂണിന്റെ(വിക്രം നായ്ക്- ദല്‍ഹി) വിഷയം ശ്രദ്ധേയം ആണ്. കടക്കെണിയില്‍ ആപ്പിലായി ആത്മഹത്യ അഭിമുഖീകരിക്കുന്ന ഇന്‍ഡ്യന്‍ കര്‍ഷകന്റെ പ്രതിനിധിയായ ഒരു സാധാരണ കര്‍ഷക കുടുംബം. അച്ഛന്‍, ഭാര്യ, മകള്‍. ഇവരെല്ലാം കൊമ്പും വാലും വച്ചു കെട്ടി പശു ആകുവാന്‍ ശ്രമിക്കുകയാണ്. നിസഹായനായ അച്ഛന്‍ ഭാര്യയോടും മകളോടും പറയുന്നു: നമുക്ക് നോക്കാം ഇതെങ്കിലും പ്രയോജനപ്പെടുമോ എന്ന്. വഴിയിലൂടെ ചുവന്ന വിളക്ക് ഘടിപ്പിച്ച കാറുകള്‍ ചീറിപ്പായുന്നു ഒരു പോസ്റ്ററിന്റെ കീഴിലൂടെ: പശുവിനെ രക്ഷിക്കുക, ദേശത്തെ രക്ഷിക്കുക. പശുവായിട്ടെങ്കിലും രക്ഷപ്പെടുവാനുള്ള ശ്രമത്തിലാണ് ഹതഭാഗ്യരായ ഈ കര്‍ഷകകുടുംബം. ഇത് ക്രൂരമായ ഒരു കറുത്ത തമാശയാണെങ്കിലും ഹൃദയഭേദകമായ ഒരു ഇന്‍ഡ്യന്‍ യാഥാര്‍ത്ഥ്യം ആണ്. ഇന്‍ഡ്യന്‍ മതേതരത്വത്തിന്റെ ദേശീയ പാതയില്‍ വിശുദ്ധ പശു അവതരിച്ചിരിക്കുകയാണ് ഉപരോധകന്റെ വേഷത്തില്‍.

ദിവസവും എത്രയെത്ര വാര്‍ത്തകളാണ് പശുവിന്റെ പേരില്‍ കൊല്ലപ്പെടുന്ന, ആക്രമിക്കപ്പെടുന്ന പാവപ്പെട്ട മനുഷ്യരുടേതായി വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഉദാഹരണമായി മെയ് ആറാം തീയതിയിലെ ദ ടൈംസ് ഓഫ് ഇന്‍ഡ്യ പരിശോധിക്കുക.. ഇതാണ് എന്നെ ഈ ആഴ്ചയിലെ ദല്‍ഹികത്തിന്റെ വിഷയം വിശുദ്ധ പശുതന്നെ ആകട്ടെയെന്ന് തീരുമാനിച്ചത്. അല്ലെങ്കില്‍ വിഷയം വെറെ ആയിരുന്നു. അത് അടുത്ത ആഴ്ചയില്‍ തീര്‍ച്ചയായും വരും. കാരണം അതും കാലികപ്രസക്തമാണ്.

അപ്പോള്‍ ദ ടൈംസ് ഓഫ് ഇന്‍ഡ്യയിലെ ഒന്നാം പേജിലെ രണ്ട് വാര്‍ത്തകളെ കുറിച്ചും ഉള്‍പേജുകളിലെ വാര്‍ത്തകളെകുറിച്ചും. ഒന്ന്, പശു സംരക്ഷകര്‍ രണ്ട് ഗ്രെയിറ്റര്‍ നോയിഡയില്‍ വച്ച് ആക്രമിച്ചു. കാരണം ഇവര്‍ ഒരു പശുവും കിടാവും ആയി നടന്ന് വരികയായിരുന്നു. ഇവരെ ഈ പശു സംരക്ഷകര്‍ അടിക്കുകയും ചവിട്ടുകയും ചെയ്തു. ഇവര്‍ ജീവനു വേണ്ടി യാചിക്കവെ പറഞ്ഞു തങ്ങള്‍ ഹിന്ദുക്കള്‍ ആണ്- ദുപ്‌സിംങ്ങ്(50), മരുമകന്‍ ജബാര്‍ സിംങ്ങ്-പശുവിനെയും കിടാവിനെയും ഒരു മുസ്ലീം സുഹൃത്തില്‍ നിന്നും വാങ്ങിയതാണ്. പക്ഷേ അവരെ പശുസംരക്ഷകര്‍ മൃഗീയമായി മര്‍ദ്ദിച്ച് പരിക്കേല്‍പിച്ചു. അവര്‍ മരണത്തില്‍ നിന്നു കഷ്ടി രക്ഷപ്പെട്ടു? ഇവര്‍ക്കെതിരെ പത്തംഗ സംഘ പശു സംരക്ഷക റൗഡികള്‍ നടത്തിയ ആരോപണം ഇവര്‍ പശുവിനെ രഹസ്യമായി കടത്തുന്ന സംഘം ആണ് എന്നായിരുന്നു. ഈ ഒറ്റ ആരോപണത്തില്‍ ഇന്ന് ഇന്‍ഡ്യയില്‍ ആരെയും ആക്രമിച്ച് കൊല്ലാമെന്ന അവസ്ഥയാണ് മോഡി ഭരണം സൃഷ്ടിച്ചിരിക്കുന്നത്. ഈ സംഭവത്തില്‍ ഇരകള്‍ സന്ദര്‍ഭവശാല്‍, നിര്‍ഭാഗ്യവശാല്‍, ഹിന്ദുക്കള്‍ ആയിരുന്നെങ്കിലും 99 ശതമാനം കേസിലും ഇരകള്‍ പാവപ്പെട്ട മുസ്ലീങ്ങള്‍ ആണ്. ഗ്രെയിറ്റര്‍ നോയിഡ സംഭവത്തിന് ശേഷം ഇരകളുടെ ബന്ധുക്കള്‍ പറയുകയുണ്ടായി അവര്‍ ബി.ജെ.പി.ക്ക് വോട്ട് ചെയ്ത് അധികാരത്തില്‍ ഏറ്റിയത്(ഉത്തര്‍പ്രദേശ്) നല്ല ഭരണത്തിന് വേണ്ടി ആയിരുന്നു. മറിച്ച് പശു സംരക്ഷണ ഗുണ്ടകളുടെ വിളയാട്ടത്തിനായിരുന്നില്ല(മായാദേവി-ദുപ്‌സിംങ്ങിന്റെ ഭാര്യ).

സംഭവം നമ്പര്‍ രണ്ട്. ഗോഹത്യക്ക് അറസ്റ്റിലായ ഗോത്രവര്‍ഗ്ഗക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു. സ്ഥലം ഗുജറാത്തിലെ സബര്‍കാന്താ ജില്ല. പോലീസിന്റെ മര്‍ദ്ദനം ആണത്രെ കാരണം.
ഇങ്ങനെ അനുദിനമെന്നവണ്ണം വിശുദ്ധ പശുവിന്റെ പേരില്‍ ഇന്‍ഡ്യയുടെ നാനാഭാഗങ്ങളില്‍ മനുഷ്യന്‍ ആക്രമിക്കപ്പെടുകയാണ്, കൊല്ലപ്പെടുകയാണ്. ഇവരില്‍ ഏറിയ ഭാഗവും, ദളിതരും, ആദിവാസികളും, മുസ്ലീങ്ങളും ആണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? എന്തുകൊണ്ട് ഈ അസുരക്ഷാവസ്ഥ? ഇവിടെ ഒരു കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇല്ലേ? ഉണ്ട് പക്ഷേ, പ്രയോജനം ഇല്ല. പാക്കിസ്ഥാനില്‍ ദൈവ നിന്ദ വധശിക്ഷാര്‍ഹമാണെങ്കില്‍ ഇന്‍ഡ്യയില്‍ പശുനിന്ദ അനൗദ്യോഗികമായിട്ടാണെങ്കിലും വധശിക്ഷാര്‍ഹം ആയിരിക്കുന്നു!

പ്രധാനമന്ത്രി നരേന്ദ്രമോഡി ഗോസംരക്ഷക ഗുണ്ടകളെ പരസ്യമായി തള്ളിപ്പറഞ്ഞതാണ്. പക്ഷേ, അദ്ദേഹത്തിന്റെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അത് അംഗീകരിക്കുന്നില്ല. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളും അത് അംഗീകരിക്കുന്നില്ല. യോഗി ആദിത്യനാഥിന്റെ ഭാഷയില്‍ ഇതെല്ലാം കപടപ്രചരണം ആണ്(ലക്‌നൗ-മെയ് അഞ്ച്). ഹിന്ദു യുവവാഹിനിയെയും(യോഗിയുടെ സൃഷ്ടി), പശുസംരക്ഷകരെയും താറടിച്ചു കാണിക്കുവാന്‍ ഇറങ്ങിപുറപ്പെട്ട ചിലരുടെ തന്ത്രം!

നോയ്ഡയില്‍(ദാദ്രീ) അക്കലാക്ക് എന്ന മുസ്ലീമിനെ ഗോസംരക്ഷകര്‍ അടിച്ചുകൊന്നകഥ(2015) എല്ലാവര്‍ക്കും അറിയാം. ഒരു വ്യോമ സൈനികന്റെ പിതാവായ അദ്ദേഹത്തിന്റെ വീട് അതിക്രമിച്ചു കയറിയാണ് അദ്ദേഹത്തിന്റെ ഫ്രിഡ്ജില്‍ ഗോമാംസം ഇരിപ്പുണ്ടെന്ന് ആരോപിച്ച് അവാര്‍ഡ് വാപ്പസി(അവാര്‍ഡ് തിരിച്ചു കൊടുക്കല്‍) നെഹ്‌റുവിന്റെ മരുമകള്‍ നയന്താര സെഹ്ഗളിന്റെ നേതൃത്വത്തില്‍ മനുഷ്യസ്‌നേഹികളായ കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആരംഭിച്ചത്. അതിനുശേഷവും എത്രയോസംഭവങ്ങള്‍ !

രാജസ്ഥാനില്‍ കന്നുകാലി കച്ചവടം നടത്തുന്നു. മുസ്ലീം യുവാക്കളെ കെട്ടിയിട്ട് അടിച്ചു. ഹരിയാനയില്‍ ഇതുതന്നെ സംഭവിച്ചു. അല്‍വറില്‍ പെഹലുഖാന്‍ എന്ന പാല്‍ കര്‍ഷകനെ തച്ചുകൊന്നു. ഒട്ടേറെ സംഭവങ്ങള്‍ നടന്നു. ജനം ഭീതിയിലും സംഭ്രാന്തിയിലും ജീവിക്കുന്നു. ഭരണാധികാരികള്‍ കുറ്റകരമായ മൗനം ഭീക്ഷിക്കുന്നു. അല്ലെങ്കില്‍ മതവിശ്വാസത്തിന്റെ പേരില്‍ ഈ സാംസ്‌കാരിക ഗുണ്ടായിസത്തിന് ഒത്താശ നല്‍കുന്നു. മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു. പശുക്കള്‍ ദേശീയ പാത ഭരിക്കുന്നു, ഉപരോധിക്കുന്നു!

രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ മുഖ്യന്‍ മോഹന്‍ ഭാഗ് വത് രാജ്യവ്യാപകമായ ഗോഹത്യ നിരോധനം ആണ് ആവശ്യപ്പെട്ടിരിക്കുന്നത്(ഏപ്രില്‍ പത്ത്). ഇതിനെതിരെ ആസാമിലും, ത്രിപുരയിലും, കേരളത്തിലും ബംഗാളിലും, ഒഡീഷയിലും ബഹുജനസംഘടനകള്‍ പ്രതിഷേധിച്ചു. പക്ഷേ, ഭാഗവതിനും സംഘപരിവാറിനും കുലുക്കം ഇല്ല.

ഇന്‍ഡ്യയില്‍ ഇപ്പോള്‍ ഗോഹത്യ അനുവദിച്ചിട്ടുള്ള സംസ്ഥാനങ്ങള്‍ പതിനൊന്ന് ആണ്. ഇതില്‍ കേരളവും, ആസാമും, അരുണാചല്‍ പ്രദേശും, മണിപ്പൂരും, മിസോറാമും, മേഘാലയയും, സിക്കിമും, നാഗാലാന്റും, തമിഴ്‌നാടും, സിക്കിമും, ബംഗാളും, ത്രിപുരയും ഉള്‍പ്പെടുന്നു. എന്തുകൊണ്ട് ഈ സംസ്ഥാനങ്ങള്‍ക്ക് ഈ പ്രത്യേക പരിഗണനയെന്ന് ചോദിച്ചാല്‍ ഈ വിഷയത്തിന്റെ ഉള്‍ക്കാമ്പ് പിടികിട്ടും. കാളയെ കൊല്ലുന്നത് ആന്ധ്രപ്രദേശിലും, തെലുങ്കാനയിലും, ബീഹാറിലും, ഗോവയിലും, കര്‍ണ്ണാടകയിലും, ഒഡീഷയിലും, പോണ്ടിചേരിയിലും അനുവദനീയം ആണ്. കാളയെ വധിക്കുന്നത് പരിപൂര്‍ണ്ണമായും നിഷേധിച്ചിരിക്കുന്ന സംസ്ഥാനങ്ങള്‍ ആണ് ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, പഞ്ചാബ്, ദല്‍ഹി, ഛത്തീസ്ഘട്ട്, ഹരിയാന, ജമ്മു-കാശ്മീര്‍, ഹരിയാന, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഝാര്‍ഖണ്ഡ് തുടങ്ങിയവ. രോഗബാധിതരായ പശുക്കളെ കൊല്ലുവാനും ഗോഹത്യ ഗവേഷണത്തിനായും അനുവദിച്ചിട്ടുള്ള സംസ്ഥാനങ്ങള്‍ ആണ് ഉത്തര്‍പ്രദേശ്, ഒഡീഷ, ഹിമാചല്‍ പ്രദേശ്, ഗോവ, ഡാമന്‍ ആന്റ് ഡിയു. ഈ ലിസ്റ്റിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാല്‍ എന്താണ് ഇന്ന് ഈ നടക്കുന്ന ഗോ സംരക്ഷണ പരാക്രമങ്ങള്‍ എന്നും അതിന്റെ മതാധിഷ്ഠിതമായ വിവേചന-അസംബന്ധ രാഷ്ട്രീയം എന്നും മനസിലാകും.

ഗോസംരക്ഷണ ഗുണ്ടകളെ എന്തുകൊണ്ട് നിരോധിക്കരുത് എന്ന് ചോദ്യത്തിന് മറുപടി പറയുവാന്‍ നിയമം മൂലം ഇവരെ സംരക്ഷിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരിക്കുയാണ്. പ്രധാനമായും ആറ് സംസ്ഥാനങ്ങള്‍ ആണ് പശുവിന്റെ പേരിലുള്ള സാംസ്‌കാരിക അഴിഞ്ഞാട്ടത്തിന് നിയമസംരക്ഷണം നല്‍കിയിരിക്കുന്നത്. ഇതില്‍ ഗുജറാത്തും, രാജസ്ഥാനും, ഉത്തര്‍പ്രദേശും, മഹാരാഷ്ട്രയും, കര്‍ണ്ണാടകയും, ഝാര്‍ഖണ്ഡും ഉള്‍പ്പെടുന്നു: ഇവയെല്ലാം, കര്‍ണ്ണാടക ഒഴിച്ച്, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആണ്. പക്ഷേ, മിക്ക സംസ്ഥാനങ്ങളിലും ഈ നിയമം നിലവില്‍ വന്നത് കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ആണ് എന്നതാണ് സത്യം! സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടിയായി കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടക ഗവണ്‍മെന്റ് ഗോസംരക്ഷക നിയമത്തെ പിന്തുണക്കുകയാണുണ്ടായത്(മെയ് നാല്). ഇത് ഒരു വിരോധാഭാസമോ കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വമോ, അതും തെരഞ്ഞെടുപ്പ് സമീപിക്കുന്ന വേളയില്‍, തോന്നാമെങ്കിലും കോണ്‍ഗ്രസിന്റെ ന്യായീകരണം ഇതാണ്: അത് ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമത്തെ അനുവദിക്കുകയില്ല.

ഗോഹത്യ നിരോധനം ഭരണഘടനയില്‍ മൗലീകവകാശ പട്ടികയില്‍ അല്ല ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറിച്ച് നിര്‍ദ്ദേശക തത്വങ്ങളില്‍ ആണ്. ഇതില്‍ നിന്നും ഭരണഘടന നിര്‍മ്മാതാക്കള്‍ക്ക് ഇതിനോടുണ്ടായിരുന്ന സമീപനം മനസിലാക്കാം. അതാണ് ഇന്‍ഡ്യപോലുള്ള ഒരു രാജ്യത്തില്‍ എടുക്കാവുന്ന ഏറ്റവും പ്രായോഗികമായ സമീപനവും. ഇതിനെ മൗലീകാവകാശ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ അത് ഒരു ഭ്രാന്തന്‍ തീരുമാനം ആയിപ്പോയേനെ. അത് ചെയ്തില്ല. അത്രയും നന്ന്. പക്ഷേ, ഇപ്പോള്‍ ഈ മതഭ്രാന്തന്മാരായ ഗോസംരക്ഷകര്‍ ഒരു തരം ഭരണഘടനേതര ശക്തികളായി എല്ലാം തകിടം മറിച്ച് സാമുദായിക സൗഹാര്‍ദ്ദതയ്ക്ക് തുരങ്കം വയ്ക്കുകയാണ്. ഭരണവ്യവസ്ഥ അതിന് മൗനസമ്മതവും നല്‍കിയിരിക്കുകയാണ്. ഓരോ പശുവിനും യുനിക്ക് ഐഡന്റിഫിക്കേഷന്‍ നമ്പറും, നല്‍കുവാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുകയാണ്. നല്ലത്. അതുപോലെ പശുക്കളെ പുനരധിവസിപ്പിക്കുന്നതിനായി ഗോശാലകള്‍ എമ്പാടും നിര്‍മ്മിക്കുവാനും തീരുമാനം ആയിട്ടുണ്ട്. പക്ഷേ, പാവപ്പെട്ട മനുഷ്യരെ ആര് സംരക്ഷിക്കും? ഇത് സംബന്ധിച്ച് കേന്ദ്രഗവണ്‍മെന്റ് സുപ്രീം കോടതിക്ക് നല്‍കിയ സത്യവാങ് രേഖയില്‍ ഗോസംരക്ഷകരെ, ഗുണ്ടകളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തെകുറിച്ച് ഒരു വാചകം പോലും ഇല്ല. അത് തികച്ചും കുറ്റകരമായ മൗനം തന്നെ ആണ്.

 വി.പശു ദേശീയ പാത ഉപരോധിക്കുമോ?(ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക