Image

മാറുന്ന കാലവും മാധ്യമ ലോകവും' ഫൊക്കാനാ മാധ്യമ സെമിനാര്‍ ചരിത്രമാകും :ശ്രീകുമാര്‍ ഉണ്ണിത്താന്‍

സ്വന്തം ലേഖകന്‍ Published on 08 May, 2017
മാറുന്ന കാലവും മാധ്യമ ലോകവും' ഫൊക്കാനാ മാധ്യമ സെമിനാര്‍ ചരിത്രമാകും :ശ്രീകുമാര്‍ ഉണ്ണിത്താന്‍
മാധ്യമങ്ങളെയും, മാധ്യമ പ്രതിഭകളെയും ആദരിക്കുന്നതിലും അംഗീകരിക്കുന്നതിലും എന്നും മുന്‍പന്തിയിലാണ് അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫൊക്കാന.ഫൊക്കാന മെയ് 27  നു ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ മലയാള മാധ്യമ രംഗത്തെ നിരവധി പ്രതിഭകളെ അണിനിരത്തിയാകും ഫൊക്കാനാ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് ഫൊക്കാന പബ്ലിക് റിലേഷന്‍ ഓഫീസര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഋലമലയാളിയോട് പറഞ്ഞു .

മെയ് ഇരുപത്തിയേഴിനു ഉല്‍ഘാടന സെഷന്‍ കഴിഞ്ഞതിനു  ശേഷമാകും മാധ്യമ സെമിനാര്‍ നടക്കുക .ദേവസ്വം വകുപ്പ് മന്ത്രി ശ്രീ :കടകം പള്ളിസുരേന്ദ്രന്‍ മുഖ്യാതിഥി ആയി പങ്കെടുക്കും .കേരളത്തിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സെമിനാറില്‍ 'മാറുന്ന കാലവും മാധ്യമ ലോകവും'എന്ന വിഷയത്തില്‍ പങ്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കും.കേരളത്തിലെ പ്രഗത്ഭരായ മാധ്യമ പ്രവര്‍ത്തകരെ ഈ ചടങ്ങില്‍ ആദരിക്കുകയും ചെയ്യും.മലയാളികള്‍ എക്കാലത്തും ഇഷ്ടപ്പെടുന്ന ആര്‍ ശ്രീകണ്ഠന്‍ നായര്‍ ,ജോണി ലൂക്കോസ് ,സിന്ധു സൂര്യകുമാര്‍ തുടങ്ങി മാധ്യമരംഗത്തെ പ്രഗത്ഭരാണ് ഫൊക്കാനയുടെ മാധ്യമ സെമിനാര്‍ വേദി ധന്യമാക്കുവാനെത്തുന്നത് .ഇവരെ കൂടാതെ മറ്റു ചില മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും.

ഫൊക്കാനായുടെ തുടക്കം മുതല്‍ ഈ സംഘടനയെ ഒരു സാമൂഹ്യ സംഘടന എന്ന നിലയില്‍ വളര്‍ത്തുന്നതിനും പൊതുജനമധ്യത്തില്‍ ഒരു സാംസ്‌കാരിക ഔന്നത്യം ഉണ്ടാക്കുന്നതില്‍ വലിയ പങ്കാണ് അമേരിക്കയിലെയും,കേരളത്തിലെയും മാധ്യമങ്ങള്‍ വഹിച്ചിട്ടുള്ളത് .ഫൊക്കാനയുടെ വാര്‍ത്തകള്‍ കൃത്യ സമയത്തു വായനക്കാരില്‍ എത്തിക്കുന്നതില്‍ അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരും,പത്ര ദൃശ്യ മാധ്യമ പ്രവര്‍ത്തകരും വഹിക്കുന്ന പങ്ക് വളരെ വലുതാണ്.അതില്‍ ഫൊക്കാന എന്നും കടപ്പെട്ടിരിക്കുന്നു.മാറുന്ന ലോകത്തു പല മാധ്യമങ്ങളും പ്രതിസന്ധികള്‍ നേരിടുന്നുണ്ട് .ഇവയെല്ലാം പരിഹരിക്കുന്നതിന് സംഗത്തടനകളും ശ്രദ്ധിക്കണം.മാധ്യമങ്ങള്‍ ഇല്ലങ്കില്‍ ഇത്തരം സംഘടനകളുടെ  വളര്‍ച്ചയും അസാധ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഫൊക്കാന കേരളാ കണ്‍വന്‍ ഷനില്‍ സംഘടിപ്പിക്കുന്ന മാധ്യമസെമിനാറിലേക്കു ഫൊക്കാനയുടെ എല്ലാ  സുഹൃത്തുക്കളെയും അഭ്യുദയ കാംഷികളെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയാണ്

ആര്‍. ശ്രീകണ്ഠന്‍ നായര്‍
...........................................
മലയാള ദൃശ്യ മാധ്യമ രംഗത്തെ അറിയപ്പെടുന്ന അവതാരകനും പഴയകാല അദ്ധ്യാപകനുമാണ് ശ്രീകണ്ഠന്‍ നായര്‍ .കേരളവര്‍മ്മ കോളേജില്‍ അദ്ധ്യാപകനായിരുന്ന ശ്രീകണ്ഠന്‍ നായര്‍ ദൂരദര്‍ശനിലെ ഒരു നിമിഷം എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് മാധ്യമ രംഗത്തേക്കെത്തുന്നത്. ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ എന്ന സമ്പര്‍ക്ക പരമ്പര അവതരിപ്പിച്ച് പ്രശസ്തിയിലേക്ക് കുതിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള അവതാരകനാണ്. പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ സ്വതസ്സിദ്ധമായ ആക്ഷേപഹാസ്യപരമായ ചോദ്യങ്ങളിലൂടെ നമ്മള്‍ തമ്മില്‍ എന്ന പരിപാടി ജനപ്രിയമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു.ഏഷ്യാനെറ്റില്‍ നിന്നും വിട്ട അദ്ദേഹം മനോരമയുടെ മാധ്യമ ചാനലായ മഴവില്‍ മനോരമയുടെ ഉപദേഷ്ടാവായി. സമദൂരം എന്ന അഭിമുഖപരിപാടി അവതരിപ്പിച്ചു. എമ്മി അവാര്‍ഡ് ഇന്റര്‍നാഷണലില്‍ വിധികര്‍ത്താവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വന്തന്ത്ര പത്രപ്രവര്‍ത്തകനായും റേഡിയോ പ്രക്ഷേപകനുമാണ്. മനോരമ വിട്ട് സൂര്യടി.വി.യില്‍ ചേക്കേറിയ അദ്ദേഹം ശ്രീകണ്ഠന്‍ നായര്‍ ഷോ എന്ന ടോക് ഷോ അവതരിപ്പിച്ചു.ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച ജനപ്രിയ ചാനല്‍ ആയ ഫഌവഴ്‌സ് ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ ആണ്.ദുബായില്‍ ഇപ്പോള്‍ ഒരു എഫ് എം റേഡിയോ കോടി ആരംഭിച്ചു അദ്ദേഹം.

ശ്രീകണ്ഠന്‍ നായര്‍ 1959 ഇല്‍ കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിലെ മേലില എന്ന സ്ഥലത്ത് രാമന്‍ പിള്ള, ജാനകി അമ്മ എന്നിവരുടെ മകനായി ജനിച്ചു. വീടിനടുത്തുള്ള വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ശ്രീകണ്ഠന്‍ കേരള സര്‍വകലാശാലയില്‍ നിന്നും എം.എ. ബിരുദാനന്ദ ബിരുദവും എം. ഫിലും കരസ്ഥമാക്കിയിട്ടുണ്ട്.1983ല്‍ കേരള വര്‍മ്മ കലാലയത്തില്‍ സീനിയര്‍ ലക്ചററായി ചേര്‍ന്നു.

കേരള കൗമുദിയില്‍ കുറച്ചുകാലം പത്രപ്രവര്‍ത്തനം പയറ്റിയ ശേഷാം ആകാശവാണിയിലെത്തി. കണ്ടതും കേട്ടതും എന്ന പരിപാടിയുടെ 1500ഓളം ലക്കങങള്‍ അവതരിപ്പിച്ചു. മറ്റൊരു പരിപാടി പ്രഭാത ഭേരി ആയിരുന്നു. അക്കാലത്ത് ദൂരദര്‍ശനില്‍ ഒരു നിമിഷം എന്ന അഭിമുഖം പരിപാടി അവതരിപ്പിക്കാനായുള്ള ജോലി കരസ്ഥമാക്കി.ദൂരദര്‍ശനില്‍ ഒരു നിമിഷം എന്ന പരിപാടി അവതരിപ്പിച്ചാണ് മാധ്യമരംഗത്തേക്ക് രംഗപ്രവേശനം ചെയ്തത് . ദൂരദര്‍ശനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് പുതിയതായി തുടങ്ങിയ ഏഷ്യാനെറ്റ് ചാനല്‍ ജനസമ്പര്‍ക്ക ടോക് ഷോയ്ക്ക് വേണ്ടി അവതാരകനെ അന്‍വ്വേഷിച്ചത്. ഏഷ്യാനെറ്റിന്റെ അദ്ധ്യക്ഷനായിരുന്ന ശശികുമാര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് പുതിയ ജോലി നല്‍കുകയായിരുന്നു. ഓപറ വിന്‍ഫ്രേയുടെ പരിപാടികളുടെ കാസറ്റുകള്‍ കാണാന്‍ നല്‍കിയശേഷം ഒരു ആശയം കൈകൊണ്ടശേഷം പരിപാടി അവതരിപ്പിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അത് ഏതാണ്ട് അതേ രീതിയില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് കഴിഞ്ഞു .

ഗിന്നസ് റെക്കോര്‍ഡ് തകര്‍ത്ത ഒരു പരമ്പരയാണ് നമ്മള്‍ തമ്മില്‍.1994 ആരംഭിച്ച പരമ്പരയില്‍ 17 വര്‍ഷങ്ങള്‍ കൊണ്ട് 727 ലക്കങ്ങള്‍സമ്പ്രേക്ഷണം ചെയ്യപ്പെട്ടു.തുടക്കം മുതലേ അവതരിപ്പിച്ചിരുന്നത് ശ്രീകണ്ഠന്‍ നായരായിരുന്നു. ശനിയാഴ്ചകളില്‍ 10 മണീക്കാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. സാമൂഹികമായി പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളില്‍ വിദഗ്ദരേയും സാധാരണക്കാരേയും കൂട്ടിയിണക്കി എല്ലാവരുടേയും അഭിപ്രായത്തെ ലോകം മുഴുവനും അറിയിക്കാനും നിരവധി കാപട്യങ്ങള്‍ വെളിപ്പെടുത്താനും അദ്ദേഹത്തിനു സാധിച്ചു. വിഷയത്തെ സമീപിക്കുന്ന രീതിയില്‍ അദ്ദേഹം വ്യത്യസ്തത പുലര്‍ത്തിയിരുന്നു. സ്വതസ്സിദ്ധാമായ വിടപറയല്‍ രീതി (ഗുഡ് ബാായ്) ഉണ്ടാക്കിയെടുത്ത് കൈയ്യടി നേടി.

ജോണി ലൂക്കോസ്
......................................
കോട്ടയം അതിരുമ്പുഴ പാറപ്പുറത്ത് ലൂക്കോയുടേയും അന്നാമ്മയുടേയും മകനായി ജനിച്ചു. പഠിക്കുന്ന കാലത്ത് കോട്ടയം സി.എം.എസ്. കോളേജില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി യൂനിയന്‍ ചെയര്‍മാനായി. അംഗലേയ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ജോണി 1983 ല്‍ മലയാള മനോരമയില്‍ ചേര്‍ന്നു. മനോരമയുടെ തിരുവനന്തപുരം യൂണിറ്റിന്റെ ന്യൂസ് എഡിറ്റര്‍ ആയിരുന്നു. ജാഫ്‌ന മോചിപ്പിക്കാന്‍ ശ്രീലങ്കന്‍ സൈന്യം എല്‍.ടി.ടി.ഇയുമായി നടത്തിയ യുദ്ധം ശ്രീലങ്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ ,സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖം ശ്രദ്ധേയമായി. ഭാഷാപോഷിണിക്കുവേണ്ടി ജോണി ലൂക്കോസ്, മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ പി. ഗോവിന്ദപ്പിള്ളയുമായി നടത്തിയ ഒരഭിമുഖത്തിലാണ് ഇ.എം.എസിനെ കുറിച്ച് ഗോവിന്ദപ്പിള്ള ചില പരാമര്‍ശങ്ങള്‍ നടത്തിയതും അതു പിന്നെ സി.പി.എമ്മില്‍ നിന്ന് അദ്ദേഹം സസ്‌പെന്റു ചെയ്യപ്പെടാന്‍ കാരണമായതും. ഈ അഭിമുഖം പിന്നീട് ഗ്രന്ഥരൂപത്തിലും ഇറങ്ങി.മനോരമ ന്യൂസില്‍ പ്രമുഖരുമായി അദ്ദേഹം നടത്തുന്ന 'നേരെ ചൊവ്വെ' എന്ന അഭിമുഖവും ശ്രദ്ധിക്കപ്പെട്ട ഒരു ഇനമാണ്. ശ്രീമാന്‍ എന്ന പേരില്‍ മനോരമയില്‍ മിഡില്‍ പീസ് എഴുതാറുണ്ട്.

സിന്ധു സൂര്യ കുമാര്‍
......................................
ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാര്‍ കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരിലൊരാളാണ്.

രാഷ്ട്രീയ നേതാക്കളെയും കേരളത്തിലെ രാഷ്ട്രീയ വ്യവസ്ഥതിയെയും നിശിതമായി വിമര്‍ശിക്കുന്ന സിന്ധു സൂര്യകുമാരിന്റെ കവര്‍ സ്‌റ്റോറി എന്ന വാര്‍ത്താധിഷ്ഠിത പരിപാടി ഏറെ ശ്രദ്ധ നേടുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് .എന്നാല്‍ മറിക്കാന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം സിന്ധു സൂര്യ കുമാര്‍ അവരുടെ അടുത്ത സുഹൃത്ത് കൂടിയാണ് .അമേരിക്കന്‍ തെരഞ്ഞെടുപ്പ് സമയത്തു ഏഷ്യാനെറ്റ് അമേരിക്കയില്‍ എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നലകിയതെന്നു സിന്ധു ആയിരുന്നു .അമേരിക്കന്‍ മലയാളികള്‍ക്ക് ഈ പരിപാടികളില്‍ പങ്കെടുത്തു അഭിപ്രായം പ്രകടിപ്പിക്കുവാനും അവസരം ലഭിച്ചിരുന്നു .അതുകൊണ്ടുതന്നെ സിന്ധു സൂര്യകുമാറിന്റെ ഫൊക്കാന കേരളാകണ്‍ വന്‍ഷനിലേക്കുള്ള  വരവ് ഞങ്ങള്‍ കുടുംബാംഗങ്ങളെ പോലെ സന്തോഷത്തോടെയാണ്  നോക്കികാണുന്നത് .

ഫൊക്കാന മാധ്യമ സെമിനാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തുവാന്‍ കാനഡയിലെ മാധ്യമ പ്രവര്‍ത്തകനും, ഫൊക്കാനയുടെ യുവ നേതാവുമായ കുര്യന്‍ പ്രക്കാനവും ,ഫൊക്കാന എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റുമായ ജോയ് ഇട്ടനും പ്രവര്‍ത്തിക്കുന്നതായി ശ്രീകുമാര്‍ ഉണ്ണിത്താന്‍ അറിയിച്ചു.

മാറുന്ന കാലവും മാധ്യമ ലോകവും' ഫൊക്കാനാ മാധ്യമ സെമിനാര്‍ ചരിത്രമാകും :ശ്രീകുമാര്‍ ഉണ്ണിത്താന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക