Image

നദീസംയോജനത്തിന് കോടതി അനുമതി കേരളത്തിന് ദുര്‍വിധി

Published on 28 February, 2012
നദീസംയോജനത്തിന് കോടതി അനുമതി കേരളത്തിന് ദുര്‍വിധി
പമ്പ, അച്ചന്‍കോവില്‍ നദികളെ തമിഴ്‌നാട്ടിലെ വൈപ്പാര്‍ നദിയുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. രാജ്യത്തെ നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് സുപ്രിംകോടതി അനുമതി നല്‍കിയതോടെയാണിത്.

പദ്ധതി ആസൂത്രണം ചെയ്യുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനും ഉന്നതതല സമിതിക്ക് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായ ബെഞ്ച് രൂപം നല്‍കി.

പദ്ധതി നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ സ്വതന്തര്‍കുമാര്‍, എ. കെ. പട്‌നായിക്ക് എന്നിവരുമടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.

രാജ്യത്തെ 30 നദികള്‍ 2016-ഓടെ സംയോജിപ്പിക്കുകയെന്ന പദ്ധതിക്ക് 5,00,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വ്യാപകമായ എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി മരവിപ്പിച്ചിരുന്നു.

പടിഞ്ഞാറോട്ട് ഒഴുകുന്ന കേരളത്തിലെ പമ്പ, അച്ചന്‍കോവില്‍ നദികള്‍ കിഴക്കോട്ട് ഒഴുക്കി തമിഴ്‌നാടിലെ വൈപ്പാര്‍ നദിയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയെ സംസ്ഥാനം ശക്തമായി എതിര്‍ത്തിരുന്നു.
ഇത് കുട്ടനാടിനെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഇതോടെ പദ്ധതി വേണ്ടെന്നു വെച്ചതായി ജലവിഭവ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ ലോക്‌സഭയില്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍, സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇനി എന്തു നിലപാടാണ് സ്വീകരിക്കുകയെന്ന് വ്യക്തമല്ല.

മദ്ധ്യതിരുവിതാംകൂറിലും കുട്ടനാട്ടിലും ഗുരുതരമായ സാമൂഹിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് കേരളം ഈ പദ്ധതിയെ ശക്തമായി എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ഉപേക്ഷിച്ചുവെന്ന് കരുതിയതാണിത്. സംസ്ഥാനങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് നദീസംയോജനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതനുസരിച്ച് ദേശീയ ജലവികസന സമിതി പമ്പയിലും അച്ചന്‍കോവിലാറിലും അധികജലമുണ്ടെന്നും അത് വൈപ്പാറിലേക്ക് ഒഴുക്കാമെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍, എതിര്‍പ്പുണ്ടായതിനെത്തുടര്‍ന്ന്, നദീസംയോജന പദ്ധതിയുമായി യോജിക്കാനാവില്ലെന്ന് കേരള നിയമസഭ ഐകകണേ്ഠ്യന തീരുമാനിക്കുകയും ചെയ്തു.

പദ്ധതി യാഥാര്‍ഥ്യമായാല്‍, നദികള്‍ ഒഴുകിയിരുന്ന പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമവും കൃഷിനാശവും ഉണ്ടാകുമെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിന്റെ പഠനത്തിലുണ്ട്. വേമ്പനാട്ടുകായലിന്റെയും കുട്ടനാടിന്റെയും ഘടനതന്നെ മാറിപ്പോകുമന്നെ ആശങ്കയുമുണ്ട്. ഒരുലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തെയും ദോഷകരമായി ബാധിക്കും.


വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദഗ്ധര്‍ എന്നിവരടങ്ങുന്ന ഉന്നതതലസമിതിക്കാണ് കോടതി രൂപം നല്‍കിയത്. കേന്ദ്ര ജലവിഭവ മന്ത്രി, സെക്രട്ടറി, വനം-പരിസ്ഥിതി സെക്രട്ടറി, ജലവിഭവം, ധനം, വനം-പരിസ്ഥിതി എന്നീ മന്ത്രാലയങ്ങളും ആസൂത്രണ കമ്മീഷനും നിര്‍ദേശിക്കുന്ന വിദഗ്ധര്‍, സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധികള്‍, രണ്ട് സാമൂഹിക പ്രവര്‍ത്തകര്‍, ഈ കേസില്‍ അമിക്കസ് ക്യൂറെയായിരുന്ന രഞ്ജിത് കുമാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.

രണ്ടുമാസം കൂടുമ്പോള്‍ സമിതി യോഗം ചേരും. റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്കാണ് നല്‍കേണ്ടത്. റിപ്പോര്‍ട്ട് ലഭിച്ച് 30 ദിവസത്തിനകം മന്ത്രിസഭ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സമിതി രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയ കോടതി, കാലതാമസംമൂലം പദ്ധതിച്ചെലവ് കൂടിയെന്നും അഭിപ്രായപ്പെട്ടു.

ഹിമാലയന്‍, ഉപഭൂഖണ്ഡ നദികളെന്ന് വേര്‍തിരിച്ച്, രാജ്യത്തെ വടക്കും തെക്കുമുള്ള നദികളെ സംയോജിപ്പിക്കുന്നതിന് കര്‍മസമിതി നിര്‍ദേശം നല്‍കുകയായിരുന്നു. ദക്ഷിണേന്ത്യയിലെ 16 നദികളാണ് കൂട്ടിയോജിപ്പിക്കുന്നത്. മഹാനദിയിലെയും ഗോദാവരിയിലെയും അധിക ജലം, പെന്നാറിലേക്കും വൈഗയിലേക്കും കാവേരിയിലേക്കും ഒഴുക്കാനാണ് നിര്‍ദേശം. കേരളത്തിലെയും കര്‍ണാടകയിലെയും പടിഞ്ഞാട്ട് ഒഴുകുന്ന നദികളെ കിഴക്കോട്ട് ഒഴുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് പുറമെ ചെറു നദികളും കൂട്ടിച്ചേര്‍ക്കും.

മഴക്കാലത്ത് ജലം സംഭരിക്കുന്നതിന് ഗംഗയിലും ബ്രഹ്മപുത്രയിലും സംഭരണികള്‍ നിര്‍മിക്കുകയാണ് ഹിമാലയന്‍ നദികളുമായി ബന്ധപ്പെട്ട പദ്ധതി. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനു പുറമെ, ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും ഇത് ഉപയോഗിക്കും. 14 നദികളാണ് ഇതിന് കണ്ടെത്തിയിട്ടുള്ളത്. 2050-ഓടെ രാജ്യത്തെ ജലസേചന സൗകര്യം 160 ദശലക്ഷം ഹെക്ടര്‍ പ്രദേശത്ത് എത്തിക്കാനാവുമെന്ന് കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക