Image

എവിടേ പ്രഭുവേ നീ? (കവിത : തൊടുപുഴ കെ. ശങ്കര്‍)

തൊടുപുഴ കെ. ശങ്കര്‍ Published on 11 May, 2017
എവിടേ പ്രഭുവേ നീ? (കവിത : തൊടുപുഴ കെ. ശങ്കര്‍)
എവിടേ പ്രഭുവേ, നീയിരിക്കുമിടം ചൊല്‍ക,
എനിയ്ക്കായിടമൊന്നുകാണുവാനതിമോഹം!
എത്രയോ സ്ഥലങ്ങളില്‍ തേടീഞാനഹോരാത്രം
എങ്കിലുമെങ്ങും നിന്നെ, കാണുവാന്‍ കഴിഞ്ഞില്ല!

അമ്പലങ്ങളില്‍, പിന്നെ, പര്‍വ്വതശൃംഗങ്ങളില്‍
അമ്പിളിക്കലചൂടും കൈലാസ പര്‍വ്വതത്തില്‍,
തേടിഞാന്‍ കാണന്മാനുള്ളമുരുകിത്തപിച്ചൂഞാന്‍
നേടിയില്ലവിടുത്തെ, ദര്‍ശനസൗഭാഗ്യമേ!

പുണ്യദേശങ്ങള്‍ സര്‍വ്വം സന്ദര്‍ശിച്ചവിടെഴും
പുണ്യതീര്‍ത്ഥത്തില്‍ നീന്തിനീരാടിതൊഴുതൂഞാന്‍!
കണ്ടില്ലഭഗവാനേ, താവക സ്വരൂപമേ,
കണ്ടുനിര്‍വൃതിനേടാന്‍ സൗഭാഗ്യമിയന്നില്ല!

തൂണിലും, തുരുമ്പിലും, തൂമഞ്ഞിന്‍കണത്തിലും
തൂമയാര്‍ന്നെങ്ങും പരിലസിയ്ക്കുംസൂനത്തിലും,
തുമ്പപ്പൂവിലും നിന്നെകാണുവാന്‍ കഴിഞ്ഞില്ല!'

അമ്മതന്‍സ്‌നേഹം തെല്ലും കിട്ടാത്ത ശിശുക്കളില്‍
അച്ഛന്റെ മുഖമൊന്നുകാണാത്ത പൈതങ്ങളില്‍,
അന്തിയ്ക്കുതലചായ്ക്കാനാലയമില്ലാത്തോരില്‍
അനാഥാലയങ്ങളില്‍, വൃദ്ധസദനങ്ങളില്‍,

അന്ധകാരത്തിന്‍ ദിനരാത്രങ്ങള്‍കഴിച്ചീടും
അന്ധരില്‍, ബധിരരില്‍, മൂകരില്‍, മുടന്തരില്‍,
അംഗഭംഗങ്ങള്‍ മൂലമുഴലും മനുഷ്യരില്‍
അന്നമേലഭിയ്ക്കാത്ത പട്ടിണിപ്പാവങ്ങളില്‍,

ഉമ്ടുഞാനെല്ലാത്തിലും ഇല്ലാത്തൊരിടമില്ല,
ഉണ്മയില്‍ പുറംകണ്ണാല്‍ ദൃശ്യനല്ലൊരുത്തര്‍ക്കും!
ഉള്‍ക്കണ്ണുപായിച്ചുനീയോര്‍മ്മിയ്ക്ക മഹദ്വാക്യം
ഉലകെങ്ങും 'മാമേവ, സര്‍വ്വഭൂതേഷു തത്വം'!
മാമേവസര്‍വ്വഭൂതേഷു, ബഹിരന്തരപാവൃതം
ഈ കേഷതാത്മനിചാത്മാനം, യഥാഖമമലാശയാ!!


ഭാഗവതം മലയാളം രണ്ടാം വോളിയം-പേജ് 1339, ശ്ലോകം:12
അദ്ധ്യായം 29
അര്‍ത്ഥം: നിര്‍മ്മലമായ ഹൃദയത്തോടെ, പരമാത്മാവായ
എന്നെ കാണണം.
എല്ലാ ജീവരാശികളിലും ബാഹ്യമായും
ആന്തരികമായും, സര്‍വ്വവ്യാപിയായ ഞാന്‍
അന്തര്യാമിയായി, അദൃശ്യനായി
നിറഞ്ഞുനില്‍ക്കുന്നു.


എവിടേ പ്രഭുവേ നീ? (കവിത : തൊടുപുഴ കെ. ശങ്കര്‍)
Join WhatsApp News
വിദ്യാധരൻ 2017-05-11 07:02:58

യച്ചക്ഷുഷാ ന പശ്യതി
യേന ചക്ഷും പശ്യതി
തദ്ദേവ ബ്രഹ്മ ത്വം വിദ്ധി (കോനോപിനിഷ്ത്ത് ഒന്നാം ഖണ്ഡം, ഏഴാം മന്ത്രം)

ഏതൊന്നിനെയാണോ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്തത്, ഏതൊന്നിന്റെ പ്രഭാവംകൊണ്ടാണ് കണ്ണുകൾ കാണപ്പെടുന്നത് നീ അതുതന്നെ ബ്രഹ്മം എന്നറിയുക 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക