Image

ദീപ്തിനായര്‍ പറഞ്ഞതും, ഫോമ വിമന്‍സ് ഫോറത്തില്‍ സംഭവിച്ചതും

Published on 11 May, 2017
ദീപ്തിനായര്‍ പറഞ്ഞതും, ഫോമ വിമന്‍സ് ഫോറത്തില്‍ സംഭവിച്ചതും
ന്യൂയോര്‍ക്ക്: ഫോമ വിമന്‍സ് ഫോറം ഉദ്ഘാടസമ്മേളനത്തില്‍ ന്യൂജേഴ്‌സിയില്‍ നിന്നുള്ള ദീപ്തിനായര്‍ പറഞ്ഞതു അപൂര്‍വ്വമായ കാര്യമായിരുന്നു. അതിലും അപൂര്‍വ്വമായിരുന്നു എം.സിയായിരുന്ന ജോസ് ഏബ്രഹാം പറഞ്ഞത്. 

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സനില്‍ ഉദ്യോഗസ്ഥയായ ദീപ്തി നായര്‍ ദൃശ്യമാധ്യമ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്. ഏതാനും വര്‍ഷം  മുമ്പ് കിഡ്‌നിക്ക് പ്രത്യേക തരം രോഗം ബാധിച്ചു. ക്രമേണ അതു പ്രവര്‍ത്തന രഹിതമായി. ശരീരത്തിന്റെ വെയിറ്റ് കുറഞ്ഞു. ഡയാലിസിസു കൊണ്ട് കഷ്ടിച്ചു മുന്നോട്ടുപോകുന്നു. 

മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കുക വിഷമകരം. ഒരു കുട്ടിയും  ഭര്‍ത്താവുമുണ്ട്. ഇത്തരം അവസ്ഥയില്‍ മറ്റൊരാളുടെ സഹായത്തോടെ ജീവിക്കുമ്പോഴാണ് ജീവിതത്തിലെ നിസ്സഹായതയും, നാമെത്ര നിസാരരാണെന്ന ചിന്തയും ഉണ്ടാകുന്നത്. 

എങ്കിലും തനിക്ക് സഹതാപമൊന്നും ആവശ്യമില്ല. മുന്നു കാര്യങ്ങളാണ് തനിക്ക് പറയാനുള്ളത്. ആരോഗ്യം സംരക്ഷിക്കണം. ഒന്നും പേടിക്കേണ്ട എന്ന രീതിയില്‍ ജീവിക്കരുത്. ഇടയ്ക്ക് ടെസ്റ്റ് നടത്തണം. 

രണ്ടാമത്തേത് ജീവിതത്തില്‍ എന്തു സംഭവിച്ചാലും ധൈര്യം കൈവിടരുതെന്നാണ്. മറ്റൊന്നും നിങ്ങളെ തളര്‍ത്താന്‍ ഇടനല്‍കരുത്. 

മൂന്നാമത്തേത്, അവയവദാനത്തിനു തയാറാകണം. 

തന്നെ സംബന്ധിച്ച് കിഡ്‌നി മാറ്റിവെയ്ക്കുകയാണ് ഏക പോംവഴി. പലരും കിഡ്‌നി വാഗ്ദാനം ചെയ്ത് മുന്നോട്ടു വരുന്നുണ്ട്. 

വിമന്‍സ്‌ഫോറം സമ്മേളനത്തില്‍ പങ്കെടുത്ത ഒരാള്‍ കിഡ്‌നി കൊടുക്കാന്‍ പ്രാഥമിക ടെസ്റ്റുകള്‍ ഇതിനോടകം ചെയ്തു കഴിഞ്ഞതായി ജോസ് ഏബ്രഹാം വെളിപ്പെടുത്തി. മറ്റൊരാള്‍ അതിനു താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

ടെസ്റ്റ് നടത്തിയതുകൊണ്ട് അവരുടെ കിഡ്‌നി 'മാച്ചു' ചെയ്യണമെന്നില്ല. യാതൊരു രോഗവുമില്ലാത്ത നിശ്ചിത പ്രായത്തിലുള്ള വ്യക്തിയുടെ കിഡ്‌നി മാച്ച് ആയെങ്കില്‍ മാത്രമേ മാറ്റി വയ്ക്കാനാകൂ. 

കിഡ്‌നി മാറ്റിവെയ്ക്കുന്നതിനെപ്പറ്റി പുതിയ തലമുറ അത്രയ്‌ക്കൊന്നും ഭീതിയുള്ളവരല്ല എന്നതാണ് വ്യക്തമായ മറ്റൊരു കാര്യം. 

എന്തായാലും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും ഫോമ വിമന്‍സ് ഫോറം വേദിയായി എന്നതുതന്നെ വലിയ കാര്യം. വിമന്‍സ് ഫോറം കൊണ്ട് ഗുണമില്ലെന്ന് ആരു പറഞ്ഞു?
ദീപ്തിനായര്‍ പറഞ്ഞതും, ഫോമ വിമന്‍സ് ഫോറത്തില്‍ സംഭവിച്ചതും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക