Image

മോഷണം (പഴയകാല കവിതകള്‍ 2004: സുധീര്‍പണിക്കവീട്ടില്‍)

Published on 11 May, 2017
മോഷണം (പഴയകാല കവിതകള്‍ 2004: സുധീര്‍പണിക്കവീട്ടില്‍)
(പ്രസിദ്ധീകരണങ്ങള്‍ രചനകളെ തിരസ്കരിക്കുന്നതില്‍ എഴുത്തുക്കാര്‍ക്ക് വിഷമമുണ്ടാകില്ല.എന്നാല്‍ അവര്‍ അയച്ചുകൊടുത്ത രചനയിലെ ആശയം എടുത്ത് അത് ആരെയെങ്കിലും കൊണ്ടെഴുതിച്ച്, മുമ്പയച്ച ആളുടെ രചന കണ്ടില്ലെന്ന് നടിക്കുമ്പോള്‍ എഴുത്തുകാര്‍ക്ക് വിഷമമാണ്. അങ്ങനെ ഒരു സംഭവത്തെ ആസ്പദമാക്കിരചിച്ചത് )

ആരാണിവനെന്ന് ചോദിച്ചവനുടെ
കവിതയും നോക്കിയിരുന്നു പത്രാധിപര്‍
പുരികമുയര്‍ത്തിയും പുഞ്ചിരിച്ചും -ചുറ്റും
നിന്നവര്‍മെല്ലേ മൊഴിഞ്ഞ്‌പോയിങ്ങനെ
കവിയാണിവന്റെ കവിതകളും കൊള്ളാം
വെട്ടത്ത്മാത്രം പുറത്ത് വരില്ലിവന്‍
തന്നേയുമല്ലിവന്‍ വേറെ സഭയിലാണിന്നേ
വരെവ രിസംഖ്യയും തന്നില്ല

സ്വന്തം സഭയും വരിസംഖ്യയും സമം
കൃതികള്‍ക്ക് മേന്മയെന്നവരൊക്കെ ചൊല്ലവേ
ഒന്ന് മൂളിക്കൊണ്ട് പത്രാധിപര്‍ -കവി
കുത്തി കുറിച്ചത് വായിച്ചുതല്‍ക്ഷണം
എന്തുപറയുന്നു കൂട്ടരേ നിങ്ങളീ
കവിതയെ കൊള്ളുന്നോ, തള്ളുന്നോ ചൊല്ലുക
സത്യം പറയുകില്‍, കവിതയോ ഉത്തമം
മൂന്നാലുപേരറിയാതെ പറഞ്ഞ്‌പോയി
എങ്കിലും അന്യനാണിവന്റെ രചനകള്‍
എന്തിനുവേണ്ടി നാം അച്ചടിച്ചീടുന്നു.

നമ്മളിന്നേവരെ ചിന്തിച്ചിടാത്തൊരു
ആശയം കവിതയില്‍ കാണുന്നതത്ഭുതം
പ്രണയദിനത്തിന്റെ സൗന്ദര്യഭാവങ്ങളി
കവിയെത്രയോ ഭംഗിയില്‍പാടുന്നു
ആശയം ഉള്‍കൊണ്ടെഴുതുക നിങ്ങളൊരു
പംക്തി, ഇനിയത്തെ ലക്കം തിളങ്ങട്ടെ
വായനക്കാര്‍ക്കത് ഹൃദ്യമായാലവര്‍
വായിച്ചിടും പിന്നെ വരിസംഖ്യയും തരും
കവിയെ അവഗണിച്ചീടുക നമ്മളീ
കവിത കണ്ടില്ലെന്നുതന്നെ നടിക്കുക

ചപ്പും ചവറും കിടക്കുന്ന കുപ്പയില്‍
പൂഴ്ത്തികളയാം നമുക്കാ കവിതയെ
ആരറിയുന്നു നാം കാട്ടുന്ന വഞ്ചന
പത്രലോകത്തിത് പുത്തരിയല്ലല്ലോ!!

ശുഭം
Join WhatsApp News
തുരപ്പൻ വാസു 2017-05-12 09:56:32
പണ്ട് നാട്ടിൽ ആയിരുന്നപ്പോൾ നാട്ടിലെ ചില പത്രക്കാർ എന്റെ ചില കൃതികളും കൊള്ളൂല്ല എന്ന് പറഞ്ഞു കുപ്പയിൽ  ഇടുകയാണന്നു പറഞ്ഞു . പക്ഷേ പിന്നിടത്തെല്ലാം പലപ്പോഴായി പത്രാധിപരുടേയും അവരുടെ ശില്പന്ധികളുടെയൂം പേരിൽ അച്ചടിഞ്ഞു വന്നു ചില ചില്ലറ മാറ്റങ്ങളോടെ . ചിലതു നല്ല അവാർഡും കരസ്ത മാക്കി . എന്ന പറയാനാ. താങ്കൾ സത്യം പറഞ്ഞത് നന്നായി . പിന്നെ ഇപ്പോഴും ചില നല്ല രചനകൾ അംഗീകരിക്കപ്പെടുന്നില്ല . ചില ചെതുക്കു രചനകൾ ടോപ്പിൽ വരുന്നു.
നാരദന്‍ 2017-05-12 11:39:53
ഇനിയും  കവിത അയക്കുമ്പോള്‍  ഒരു സുന്ദരി പെണ്ണിന്‍ പടവും , ഗായത്രി  വാരിയര്‍  എന്ന പേരും വയുക്കുക . ഇളമത  പറയുംപോലെ  എഡിറ്റര്‍  തുള്ളി ചാടി കുമ്പിടും 
Writer 2017-05-13 06:51:01
നാട്ടീൽ പോയി കാശുകൊടുത്ത്  കഥയും നോവലും എഴുതിച്ചു ഇവിടെകൊണ്ടു പ്രസിദ്ധീകരിക്കാൻ തുടങ്ങുമ്പോൾ അതടിച്ചുകൊണ്ടുപോയി വേറെ പേരിൽ പ്രസിദ്ധീകരിക്കുന്നതുപോലെ ഇത്രേം വൃത്തികെട്ട പരിപാടി വേറെ എങ്ങും കാണില്ല. എല നക്കി നായ്ക്കളുടെ ചിറി നക്കി നായ്ക്കൾ 

കൊച്ചുണ്ണി 2017-05-13 17:14:21
എന്തിനി ഈ കവിതയെഴുതി നീ 
ഞങ്ങടെ വയറ്റിൽ അടിക്കുന്നു 
 ചക്കര കുടത്തിൽ കയ്യിട്ടാൽ 
നക്കാത്തൊരുണ്ടോ ഭൂമുഖത്ത് ? 
ഒരു ചെറുമോഷണം മോഷണമോ 
മോഷ്ടിക്കാത്തൊരുണ്ടോ ഈ നാട്ടിൽ  ?
വെണ്ണയടിച്ചു മാറ്റിയവനാ 
കള്ള തിരുമാലി കൃഷ്ണൻപോലും
സാഹിത്യചോരണം രചനമോഷണം
കക്കാത്ത  എഴുത്തുകാർ ആരുണ്ട് ?
കവിതകൾ ലേഖനം നോവലുകൾ 
എല്ലായിടത്തും മോഷണമാ 
രാഷ്ട്രീയം ആത്മീയം സാഹിത്യം 
ചൂഷണം മോഷണം പതിവാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക