Image

കോടതിയലക്ഷ്യകേസില്‍ മാപ്പ്‌ പറയാന്‍ തയ്യാറാണെന്ന്‌ ജസ്റ്റിസ്‌ കര്‍ണ്ണന്‍ സുപ്രീം കോടതിയില്‍

Published on 12 May, 2017
കോടതിയലക്ഷ്യകേസില്‍ മാപ്പ്‌ പറയാന്‍ തയ്യാറാണെന്ന്‌ ജസ്റ്റിസ്‌ കര്‍ണ്ണന്‍ സുപ്രീം കോടതിയില്‍



ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസില്‍ നിരുപാധികം മാപ്പ്‌ പറയാന്‍ സന്നദ്ധത അറിയിച്ച്‌ തടവുശിക്ഷയ്‌ക്ക്‌ ശിക്ഷിക്കപെട്ട കല്‍ക്കട്ട ഹൈക്കോടതി ജസ്റ്റിസ്‌ സി എസ്‌ കര്‍ണന്‍ സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ശിക്ഷിക്കപ്പെട്ടെങ്കിലും മാപ്പ്‌ പറയാനുള്ള വകുപ്പ്‌ നിയമത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ മാപ്പ്‌ പറയാനുള്ള അപേക്ഷ സമര്‍പ്പിച്ചത്‌.

അറസ്റ്റ്‌ ചെയ്യാനുള്ള ഉത്തരവ്‌ പിന്‍വലിക്കണമെന്ന കര്‍ണ്ണന്റെ അപേക്ഷ പിന്നീട്‌ പരിഗണിക്കാമെന്ന്‌ സുപ്രീം കോടതി അറിയിച്ചു. അതിനിടെ കര്‍ണ്ണന്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന്‌ സൂചനയുണ്ട്‌. അതേസമയം, ശിക്ഷയില്‍നിന്ന്‌ ഒഴിവാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി റജിസ്‌ട്രി സ്വീകരിക്കുന്നില്ലെന്ന്‌ കര്‍ണന്റെ അഭിഭാഷകന്‍ കോടതിയില്‍ പരാതിപ്പെട്ടു. 

ജസ്റ്റിസ്‌ കര്‍ണന്‍ ഏതുനിമിഷവും അറസ്റ്റ്‌ ചെയ്യപ്പെട്ടേക്കാമെന്നതിനാല്‍എത്രയും വേഗം ഇക്കാര്യത്തില്‍ ഉത്തരവു പുറപ്പെടുവിക്കണമെന്നും അഭിഭാഷകന്‍ അപേക്ഷിച്ചു.

എന്നാല്‍കര്‍ണനുമായി ബന്ധപ്പെട്ട കേസ്‌ പരിഗണിക്കുന്നത്‌ ഏഴംഗ ഭരണഘടനാ ബെഞ്ചാണെന്നും ഈ ബെഞ്ച്‌ സമ്മേളിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഉത്തരവു പുറപ്പെടുവിക്കാനാകൂ എന്നും ചീഫ്‌ ജസ്റ്റിസ്‌ ജെ.എസ്‌. കേഹാര്‍ വ്യക്തമാക്കി. രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടുമെല്ലാം ഇതേ ആവശ്യവുമായി എന്തിന്‌ കോടതിയില്‍ വരുന്നുവെന്നും ചീഫ്‌ ജസ്റ്റിസ്‌ ചോദിച്ചു. 

 സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്‌ജിമാര്‍ അഴിമതിക്കാരാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും മറ്റും കത്ത്‌ എഴുതിയ കേസിലാണ്‌ സുപ്രീംകോടതി ഏഴംഗബെഞ്ച്‌ ജസ്റ്റിസ്‌ കര്‍ണനെതിരെ സ്വമേധയാകേസെടുത്തത്‌.

 ചീഫ്‌ ജസ്റ്റീസിനെ അറസ്റ്റ്‌ ചെയ്യാന്‍ ജസ്റ്റീസ്‌ കര്‍ണന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ്‌ സുപ്രീം കോടതി നടപടിയെടുത്തിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക