Image

നമ്മുടെ നേഴ്‌സുമാര്‍ നമ്മുടെ അഭിമാനമാണ് പിണറായി വിജയന്‍ (കേരളാ മുഖ്യമന്ത്രി)

Published on 12 May, 2017
നമ്മുടെ നേഴ്‌സുമാര്‍ നമ്മുടെ അഭിമാനമാണ് പിണറായി വിജയന്‍ (കേരളാ മുഖ്യമന്ത്രി)
ഒരു സമൂഹമെന്ന നിലയില്‍ മലയാളികള്‍ കൈവരിച്ച സാമൂഹിക സാമ്പത്തിക ആരോഗ്യ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് നമ്മുടെ നഴ്‌സുമാര്‍. ആദ്യകാലത്തു ജര്‍മനി തുടങ്ങിയ ഭാഷ അറിയാത്ത നാടുകളില്‍ ആണെങ്കില്‍ കൂടി, തങ്ങളുടെ തൊഴിലിലെ മികവ് കൊണ്ടും നിസ്വാര്‍ത്ഥ സേവനം വഴിയും അവിടുത്തുകാരുടെ പ്രിയങ്കരരായി മാറാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഇന്ന് അവര്‍ ആതുരസേവനരംഗത്ത് ലോകമെമ്പാടും സ്തുതര്‍ഹ്യമായ രീതിയില്‍ സേവനം നടത്തിവരുന്നു. ഇന്ത്യയിലെ നഴ്‌സിംഗ് രംഗത്ത് പണിയെടുക്കുന്നവര്‍, പ്രത്യേകിച്ചും സ്വകാര്യ മേഖലയില്‍, ഗുരുതരമായ തൊഴില്‍ചൂഷണം നേരിടുന്നുണ്ട്. അവര്‍ക്കര്‍ഹമായ അംഗീകാരവും വേതനവും ഇന്നും അന്യമായി നില്‍ക്കുന്നു.

നഴ്‌സുമാരുടെ തൊഴില്‍സംരക്ഷണത്തിനും, ന്യായമായ അവകാശങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നു. പുതുതായി ഈ രംഗത്തേക്ക് പഠനം കഴിഞ്ഞുവരുന്ന നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി മാന്യമായ വേതനം ഉറപ്പു നല്‍കുന്ന തൊഴിലവസരങ്ങളുടെ അഭാവമാണ്. ഇതുമൂലം വിദ്യാഭ്യാസ ലോണ്‍ എടുത്തു പഠിച്ച പലരും അതു തിരിച്ചടക്കാന്‍ കഴിയാതെ കടക്കെണിയില്‍ ആകുന്ന അവസ്ഥയുണ്ട്. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുന്ന കാര്യത്തില്‍ സഹായമാകാന്‍ സര്‍ക്കാരിന്റെ 900 കോടി രൂപയുടെ വിദ്യാഭ്യാസവായ്പ തിരിച്ചടവ് പദ്ധതി ഉപകരിക്കുമെന്ന് പ്രതീഷിക്കുന്നു. മുമ്പുണ്ടായിരുന്നതിന്റെ മൂന്നിലൊന്നു സ്റ്റാഫ് നേഴ്‌സ് തസ്തികകള്‍ സര്‍ക്കാര്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ പൊതുജനാരോഗ്യരംഗത്ത് സര്‍ക്കാര്‍ സൃഷ്ടിക്കുകയും ചെയ്യും.

ഇന്ന് അന്താരാഷ്ട്ര നേഴ്‌സസ് ദിനമാണ്. നഴ്‌സുമാര്‍ സമൂഹത്തിനു നല്‍കുന്ന വിലമതിക്കാനാവാത്ത സേവനങ്ങളെ കുറിച്ച് ഓര്‍മിക്കാനും അവരെ ആദരിക്കാനും ഒരവസരമാണിത്. നമ്മുടെ നേഴ്‌സുമാര്‍ നമ്മുടെ അഭിമാനമാണ്. ലോകത്തെവിടെയും ഏതു പ്രതികൂലസാഹചര്യത്തിലും തങ്ങളുടെ സേവനത്തിലൂടെ രോഗികള്‍ക്ക് ആശ്വാസമേകുന്ന അവര്‍ക്ക് ആശംസകള്‍ നേരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക