Image

ഗ്രീന്‍ വോയ്‌സ് അബുദാബി: അനില്‍ സി. ഇടിക്കുളയ്ക്ക് ഓണ്‍ലൈന്‍ മാധ്യമശ്രീ പുരസ്‌കാരം

Published on 12 May, 2017
ഗ്രീന്‍ വോയ്‌സ് അബുദാബി: അനില്‍ സി. ഇടിക്കുളയ്ക്ക് ഓണ്‍ലൈന്‍ മാധ്യമശ്രീ പുരസ്‌കാരം

      അബുദാബി: സാമൂഹിക സാംസ്‌കാരിക വേദിയായ ഗ്രീന്‍ വോയ്‌സ് അബുദാബിയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദീപിക റിപ്പോര്‍ട്ടറും കോളമിസ്റ്റുമായ അനില്‍ സി. ഇടിക്കുളയ്ക്ക് (ഓണ്‍ലൈന്‍) പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. 

കൂടാതെ മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരനും ഹരിതാക്ഷര പുരസ്‌കാരത്തിനും, എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കുഞ്ഞിക്കണ്ണന്‍ വാണിമേലും തിരഞ്ഞെടുക്കപ്പെട്ടു. കലാശ്രീ പുരസ്‌കാരം പ്രശസ്ത ഗായകന്‍ എടപ്പാള്‍ ബാപ്പുവിന് സമ്മാനിക്കും. കേരളത്തിലും ഗള്‍ഫിലും കലാ സാഹിത്യ മാധ്യമ ജീവകാരുണ്യ രംഗങ്ങളില്‍ നല്‍കിയ സംഭാവനകളെ മാനിച്ചാണ് ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ നല്കിവരുന്നത്. പ്രവാസ ലോകത്തെ മാധ്യമ പ്രവര്‍ത്തന മികവിന് പ്രവാസി ഭാരതി ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എം.ഡി.യും പ്രവാസി ഭാരതി റേഡിയോ സാരഥിയുമായ കെ. ചന്ദ്രസേനന്‍ (റേഡിയോ), മലയാള മനോരമ ഗള്‍ഫ് ചീഫ് ജെയ്‌മോന്‍ ജോര്‍ജ് (അച്ചടി), മാതൃഭൂമി ന്യൂസ് ഗള്‍ഫ് ചീഫ് ഐപ്പ് വള്ളിക്കാടന്‍ (ടെലിവിഷന്‍), കെ. കെ. മൊയ്തീന്‍ കോയ, കരപ്പാത്ത് ഉസ്മാന്‍, ജലീല്‍ പട്ടാന്പി എന്നിവര്‍ അടങ്ങിയ സമിതിയാണ് ജേതാക്കളെ നിര്‍ണയിച്ചത്. 

തങ്ങളുടെ മേഖലകളിലെ ലക്ഷ്യബോധമാര്‍ന്ന പ്രവര്‍ത്തനം വഴി പ്രവാസികളുടെ പൊതു ജീവിതത്തില്‍ ഇവര്‍ നടത്തിയ ക്രിയാത്മകചലനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചതെന്ന് ഗ്രീന്‍ വോയ്‌സ് പുരസ്‌കാര സമിതി അറിയിച്ചു. മാപ്പിളപ്പാട്ട് രംഗത്ത് നല്കിയ ദീര്‍ഘകാല സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് എടപ്പാള്‍ ബാപ്പുവിന് കലാശ്രീ പുരസ്‌കാരം. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി സ്വദേശങ്ങളില്‍ എത്തിക്കുകവഴി ജീവകാരുണ്യരംഗത്ത് വേറിട്ട അദ്ധ്യായം കുറിച്ചതിനാണ് അഷ്‌റഫ് താമരശേരിയെ ആദരിക്കുന്നത്. ഗ്രീന്‍ വോയ്‌സിന്റെ പന്ത്രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്ററില്‍ മെയ് 14 ഞായറാഴ്ച 8 മണിക്ക് നടക്കുന്ന ’സ്‌നേഹപുരം 2017’ പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ചടങ്ങില്‍ അബുദാബിയിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ വ്യവസായ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. ഗ്രീന്‍ വോയ്‌സ് നടപ്പാക്കാനിരിക്കുന്ന പുതിയ ജീവകാരുണ്യ സേവന പദ്ധതികള്‍ പ്രഖ്യാപിക്കും. ഇതിനകം 21 ഭവന രഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കിയ ഗ്രീന്‍ വോയ്‌സ്, നാല് നിര്‍ധന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസച്ചെലവുകളും നിര്‍വഹിച്ചു വരുന്നുണ്ട്. നിര്‍ദ്ധനരും അബലകളുമായ രോഗികള്‍ക്ക് ചികിത്സാ സഹായവും തുടര്‍ച്ചയായി നല്‍കി വരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ഗ്രീന്‍ വോയ്‌സ് രക്ഷാധികാരിയും എംകെ ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസറുമായ വി. നന്ദകുമാര്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. രക്ഷാധികാരിയും യു.എ.ഇ.എക്‌സ്‌ചേഞ്ച് മീഡിയ റിലേഷന്‍സ് ഡയറക്ടറുമായ കെ.കെ.മൊയ്തീന്‍ കോയ, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍, എന്‍.എം.സി.ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് മാനേജര്‍ ഉല്ലാസ് ആര്‍.കോയ, യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍സ് മാനേജര്‍ ഇജാസ് സീതി, സീബ്രീസ് കാര്‍ഗോ എം.ഡി. റഷീദ് ബാബു പുളിക്കല്‍, ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് മീഡിയ ഹെഡ് അജിത് ജോണ്‍സണ്‍, ആഘോഷ കമ്മറ്റി ചെയര്‍മാന്‍ അഷ്‌റഫ് ഹാജി നരിക്കോള്‍, ഗ്രീന്‍ വോയ്‌സ് ചെയര്‍മാന്‍ സി. എച്ച്. ജാഫര്‍ തങ്ങള്‍ എന്നിവര്‍ പരിപാടികളെ കുറിച്ച് വിശദീകരിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക