Image

വായ് കീറിയിട്ടുണ്ടെങ്കില്‍....മലയാളികളുടെ മാതാവിന് പ്രണാമം (സന്തോഷ് പിള്ള)

സന്തോഷ് പിള്ള Published on 13 May, 2017
വായ് കീറിയിട്ടുണ്ടെങ്കില്‍....മലയാളികളുടെ മാതാവിന്  പ്രണാമം (സന്തോഷ് പിള്ള)
'അമ്മേ പ്രണാമം'. മുപ്പത് വയസ്സിനോടടുക്കുന്ന സുമുഖനായ യുവാവ്  അടുക്കലേക്ക്  വന്നു പറഞ്ഞു, 'ഞാന്‍ മേഴത്തോള്‍ അഗ്‌നിഹോത്രി, വേദാദ്ധ്യാപകന്‍, ഇത്രയും നാള്‍ ഞാന്‍ ചെയ്ത എല്ലാ നല്ല കര്‍മങ്ങളുടെയും ഫലങ്ങള്‍ അമ്മയുടെ പാദത്തില്‍ സമര്‍പ്പിക്കുന്നു'. 

ജന്മം നല്‍കി, കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ വേര്‍ പിരിയേണ്ടി വന്ന ആദ്യത്തെ കുഞ്ഞിന്റെ  മുഖത്തുനിന്നും കണ്ണ്  എടുക്കുവാന്‍  അമ്മക്ക്  കഴിയുന്നില്ല. അവര്‍ ഗാഢമായ ആലിംഗനത്തില്‍  മുഴുകി, അമ്മയുടെ കണ്ണുനീരിനാല്‍ മകന്റെ തല മുഴുവന്‍ നനഞ്ഞു കുതിര്‍ന്നു. നിരന്തരമായ കോരിചൊരിയലാല്‍ വറ്റിപോയി എന്ന് കരുതിയിരുന്ന എന്റെ കണ്ണില്‍ ഇത്രയുംകണ്ണുനീര്‍ ശേഷിച്ചിരുന്നോ??പഞ്ചമി ആശ്ചര്യപെട്ടു. ജീവതത്തില്‍ ഒരിക്കലേ യാചിച്ചിട്ടുള്ളു. അത്  ഈ പുത്രനുവേണ്ടിയായിരുന്നു. ഭര്‍ത്താവിന്റെ കാല്‍ പിടിച്ചു കരഞ്ഞു നോക്കി. കുഞ്ഞിനെ ഉപേക്ഷിക്കരുതേ, ഉപേക്ഷിക്കരുതേ എന്ന്'. 

അനുനയിപ്പിക്കാനായി  വീണ്ടും കെഞ്ചി, 'ഉണ്ണിക്കുട്ടന്റെ മുഖം ഒന്ന് കാണു. അങ്ങയുടെ തനി സ്വരൂപം തന്നെ'.

'എനിക്ക് കാണണ്ട. യാത്ര തുടരാന്‍ സമയമായി. കുഞ്ഞിനെ അവിടെ കിടത്തിയിട്ട് എന്നോടൊപ്പം പുറപ്പെട്ടോളൂ'. 

അയ്യോ എന്താണീ പറയുന്നത് , 'ഈ പിഞ്ചുകുഞ്ഞിന്  ആര്  ഭക്ഷണം കൊടുക്കും'? പെട്ടെന്നായിരുന്നു ഉത്തരം. 'വായ് കീറിയിട്ടുണ്ടല്ലോ? അപ്പോള്‍ അതേ പ്രകൃതി ശക്തി തന്നെ അതിനുള്ള മാര്‍ഗ്ഗവും കണ്ടെത്തും. നമ്മളുടെ ജീവിത ക്രമത്തില്‍ വിവാഹം പറഞ്ഞിട്ടുണ്ട് , പക്ഷെ കുട്ടികളെ വളര്‍ത്തുക എന്നത് നമ്മളുടെ ധര്‍മ്മമല്ല'. 

'ഓമനത്തം തുളുമ്പുന്ന ഈ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കാന്‍ എനിക്ക് കഴിയില്ല. മറ്റൊന്നും  ഇനി  ഞാന്‍ ആവശ്യപെടില്ല. കുഞ്ഞിന്റെ  എല്ലാകാര്യങ്ങളും  ഞാന്‍ തനിച്ചു് നോക്കിക്കൊള്ളാം. അങ്ങയെ ഒരുകാര്യത്തിലും ബുദ്ധിമുട്ടിക്കില്ല. നമ്മളുടെ യാത്രകളില്‍ ഇവനെയും ഒപ്പം കൂട്ടാം'.

വരരുചി പ്രസ്താവിച്ചു, 'സത്യാന്വേഷണ, പരീക്ഷണ, നിരീക്ഷണ യാത്രകളില്‍ കുടുംബം ഒരു വഴിമുടക്കി ആവരുത് . പന്ത്രണ്ട്  കുട്ടികള്‍ ഉണ്ടാവുമെന്നും, അവര്‍ പന്ത്രണ്ടു കുലങ്ങള്‍  സ്ഥാപിക്കുമെന്നും വിധി നേരത്തെ നിശ്ചയിച്ചുറപ്പിച്ചു കഴിഞ്ഞു. അത് നടപ്പിലാകുന്നത്  കാണട്ടെ'? വിവാഹനാളില്‍ ഞാന്‍ പറഞ്ഞത് വീണ്ടും ഓര്‍മിപ്പിക്കുകയാണ് 'വിധിയുമായുള്ള  നിരന്തര  സമരമാണെന്റെ  ജീവിതം.  ഇതുവരെ എനിക്കൊറ്റക്ക്  വിധിയെ  തോല്‍പിക്കാനായിട്ടില്ല.  നമുക്കൊരുമിച്ചതിന്  ശ്രമിക്കാം.  നമുക്ക് നാടില്ല,  വീടില്ല, കുടുംബമില്ല,  അറിവു സമ്പാദിക്കനായി  നമുക്ക് ദേശങ്ങള്‍  തോറും  അലഞ്ഞു നടക്കാം'.  

'അങ്ങ്  അന്ന്  പറഞ്ഞതില്‍,  പിറക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ  ഉപേക്ഷിക്കണം  എന്ന അര്‍ത്ഥം കൂടി ഉണ്ടായിരുന്നു എന്ന്  ഞാന്‍ കരുതിയില്ല'. 

പഞ്ചമീ, 'എനിക്ക് പോയേ തീരു. വിവാഹ നാളില്‍ നമ്മളെടുത്ത പ്രതിജ്ഞ ലംഘിക്കുന്നത് പാപമല്ല എന്നു നീ കരുതുന്നു എങ്കില്‍ നിനക്കിവിടെ നില്‍ക്കാം'.

ദൈവമേ ഇതെന്തൊരു വിധി. മാതൃത്വം പോലും നിഷേധിക്കപെടുന്നല്ലോ!!!. പെറ്റമ്മ ആരെന്നറിയാതെ, ശിശുവായിരിക്കുമ്പോള്‍ തന്നെ  തലയില്‍ കാരമുള്ള് തറച്ചു കയറ്റി, പാള തോണിയില്‍, പന്തവും കത്തിച്ചു വച്ച്  ശിപ്രാ നദിയില്‍ ഒഴുക്കപെട്ടവള്‍. വളര്‍ത്തച്ഛന്റെ വറ്റാത്ത സ്‌നേഹത്താല്‍ വിവാഹദിവസം വരെ ജീവിച്ചു. മകളെ ഭര്‍ത്താവിനെ ഏല്പിച്ചിട്ട്  ജീവിതാന്ത്യം പ്രതീക്ഷിച്ചു്  ഹിമാലയം ലക്ഷ്യമാക്കി യാത്ര ആരംഭിച്ച അച്ഛന്‍ എന്റെ ദീനരോധനം  കേള്‍ക്കുന്നുണ്ടാവുമോ. ജീവതത്തിലെ  ഏറ്റവും വലിയ ആഗ്രഹം, എന്റെ  വിധി എന്റെ കുഞ്ഞുങ്ങള്‍ക്കുണ്ടാവരുതേ എന്നതായിരുന്നു. പക്ഷെ ഏറ്റവും ബീഭത്സ രീതിയില്‍ ഇതാ എനിക്കുണ്ടായ അനുഭവം  പുനരാവിഷ്‌കരിക്കാന്‍ തുടങ്ങുന്നു. മകനെ മാപ്പ് തരിക. നീയും ഞാനും രണ്ടല്ല, ഒന്നാണെന്ന സത്യം മനസിലാക്കുക. മനുഷ്യത്വമുള്ള ഒരു പണ്ഡിതനായി  നീ വളരൂ. അമ്മയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കൂ. ഓമന കുഞ്ഞിനെ വള്ളികുടിലിലെ പുഷ്പശയ്യയില്‍ കിടത്തി നിറുകയില്‍ അനേകം തവണ മുത്തം നല്‍കി ആശീര്‍വദിച്ച്, വരരുചി നടന്നു മറഞ്ഞ പാത അറ്റത്തേക്ക് ഒപ്പം എത്താനായി പഞ്ചമി മെല്ലെ ഓടാന്‍ തുടങ്ങി.

അറിവിന്റെ  സര്‍വജ്ഞ പീഠം  കയറിയ  ശ്രേഷ്ഠന്‍,  ജ്യോതിഷ,  വേദ,  ശാസ്ത്ര  പണ്ഡിതന്‍,  മകള്‍ക്ക്  ഭര്‍ത്താവായി കിട്ടിയതു തന്നെ മഹാഭാഗ്യം,  അച്ഛന്റെ വാക്കുകള്‍. രാജധാനിയില്‍ ആസ്ഥാന വിദ്വാന്‍ പട്ടം ലഭിച്ചിട്ടും നിസ്സാരമായി തള്ളിക്കളഞ്ഞ ജ്ഞാനി. ഭിക്ഷയോ, സൗജന്യ ഭക്ഷണമോ, ആതിഥ്യമോ, ദാനമോ സ്വീകരിക്കാത്ത അഹങ്കാരിയും, മുരടനുമായു പണ്ഡിതന്‍ എന്നാണല്ലോ ഭര്‍ത്താവിനെ കുറിച്ചാളുകള്‍ പറയുന്നത്. പക്ഷെ, ഗര്‍ഭിണി ആയപ്പോള്‍ മുതല്‍ അദ്ദേഹം നല്‍കിയ പരിചരണം എന്തായിരുന്നു. ആയുര്‍വേദ ഔഷധ കൂട്ടുകള്‍ ഉണ്ടാക്കിത്തന്നും, മെച്ചമേറിയ ഫലവര്‍ഗങ്ങള്‍ തേടിത്തന്നും നല്ല രീതിയില്‍ സംരക്ഷിച്ചു. കൂടുതല്‍ അറിവുകള്‍ നേടാന്‍ , ആശ്രമങ്ങളില്‍ നിന്നും ആശ്രമങ്ങളിലേക്കും, ഗുരുകുലങ്ങളില്‍ നിന്നും ഗുരുകുലങ്ങളിലേക്കുക്കുമുള്ള യാത്രകള്‍ക്കിടയില്‍  വീണ്ടും വീണ്ടും വള്ളികുടിലുകളും അവിടെ ഭര്‍ത്താവൊരുക്കുന്ന ശയ്യകളും, അവയില്‍ പിറന്നുവീഴുന്ന ഉണ്ണികളും. കുറച്ചുദിവസങ്ങള്‍ക്കുശേഷം  ഉപേക്ഷിക്കപെടുമ്പോള്‍  കണ്ണീര്‍വാര്‍ത്തു,  തിരിഞ്ഞുനോക്കി,  തിരിഞ്ഞു നോക്കി, മരവിച്ച  മനസ്സുമായി വരരുചിയുടെ പുറകെ വിതുമ്പി  നടന്നു നീങ്ങേണ്ടി വരുന്ന മാതൃജന്മം. പതിനൊന്നു ശിശുക്കളെ പ്രസവിച്ചപ്പോളും വായ് കീറിയിരുന്നു. വായ് കീറിയിട്ടുണ്ടെങ്കില്‍ ഇരയുമുണ്ട് എന്നാണ് ഭര്‍ത്താവിന്റെ പക്ഷം.

പന്ത്രണ്ടാമത്തെ കുട്ടിയും ജനിക്കാറായി. സൂതി ശാസ്ത്രവും പഠിച്ചിരുന്ന വരരുചിക്ക് അകാല പ്രസവത്തിന്റെ അങ്കലാപ്പനുഭവപ്പെട്ടു . നിരന്തര യാത്രകളും, പ്രസവങ്ങളും പഞ്ചമിയെയും പരിക്ഷീണ ആക്കിയിരുന്നു. മനസ്സുകൊണ്ട്  പഞ്ചമി ഒരു തീരുമാനമെടുത്തു. ധര്‍മ്മപത്‌നിയായി  ഭര്‍ത്താവിനെ അനുസരിച്ചു്  ഇത്രയും നാള്‍ ജീവിച്ചു. ഇനി ജനിക്കുന്ന കുഞ്ഞിനെ ഭര്‍ത്താവെതിര്‍ത്താലും  വേണ്ടീല ഞാന്‍ വളര്‍ത്തും. വിധിയോട്  പടവെട്ടി പരാജിതനായ വരരുചിയുടെ മനസ്സിലും,  ഈ കുഞ്ഞിനെ വളര്‍ത്താനനുവദിക്കണം എന്ന് പഞ്ചമി അഭ്യര്‍ത്ഥിച്ചെങ്കില്‍ എന്ന് തീവ്രമായി ആഗ്രഹിക്കിന്നുണ്ടായിരുന്നു. കുഞ്ഞു ജനിച്ചുകഴിഞ്ഞപ്പോള്‍ പഞ്ചമി വള്ളികുടിലില്‍ നിന്നും വിളിച്ചുപറഞ്ഞു, വായ്  കീറിയിട്ടില്ല, ഉപേക്ഷിക്കാതെ കഴിഞ്ഞു, അല്ലെ? ആദ്യമായി  സ്വന്തം കുഞ്ഞിന്റെ മുഖം വരരുചി കണ്ടു. എന്നെപോലെ ഒരാള്‍ ജീവനില്ലാത്ത ഒരു കുഞ്ഞിനെ മാത്രമേ അര്‍ഹിക്കുന്നുള്ളു. വിധി ഇവിടെയും എന്നെ കീഴ്‌പെടുത്തി.
 
തപോബലത്തിന്റെ  തുണയാല്‍ ,  പഞ്ചമിയുടെ  അവസാനത്തെ  ആഗ്രഹമായ എല്ലാമക്കളെയും  ഒരുമിച്ചു കാണണമെന്ന ആവശ്യം  വരരുചി  സാധിച്ചു  കൊടുത്തു.  ഒന്നാമത്തെ  പുത്രന്‍  അമ്മയെ ആശ്ലേഷിച്ചതിനു ശേഷം എല്ലാ മക്കളും അമ്മയുടെ അരികിലേക്ക്  വരുവാന്‍ തുടങ്ങി.   രണ്ടാമന്‍  വന്ന് പരിചയപ്പെടുത്തി.  അമ്മേ, ഞാന്‍  രജകന്‍,  മനസ്സിന്റെയും, വസ്ത്രത്തിന്റെയും  അഴുക്കുകള്‍  കഴുകി വൃത്തിയാക്കുന്നവന്‍.  ഈ വീരാളിപ്പട്ട്  അമ്മക്കായി  അര്‍പ്പിക്കുന്നു.  

ഞാന്‍ പെരുന്തച്ചനാണമ്മേ,  എന്റെ ഉളിയും,  മുഴക്കോലും കാഴ്ച്ചവെക്കുന്നു.  ഞാന്‍ പാടത്തു കൃഷി ചെയ്യുന്ന വള്ളോന്‍, എന്റെ വിയര്‍പ്പിന്റെ  ഫലങ്ങളായ  ധാന്യങ്ങളിതാ സമര്‍പ്പിക്കുന്നു. 

ഞാന്‍ പടയാളി, വടുതല നായര്‍, വാളും പരിചയും സ്വീകരിച്ചാലും.  ഞാന്‍  വൈശ്യന്‍, കച്ചവടക്കാരനായ  ഉപ്പുകൊറ്റന്‍,  ഭൂമിയുടെ സത്തായ  ഉപ്പിതാ സമര്‍പ്പിക്കുന്നു. ഏഴാമത്തെയാള്‍, ഞാന്‍ നര്‍ത്തകിയും, ഗായികയും കുലവധുവുമായ കാരയ്ക്കലമ്മ, എന്റെ വീണയും, ചിലങ്കയും  ഇതാ അമ്മക്കുള്ള  സമ്മാനം. 

ഞാന്‍ അകവൂര്‍ ചാത്തന്‍, മന്ത്രവാദിയും, വൈദ്യനും,  എന്റെ ദണ്ഡും, കവടിയും, പലകയും  ഇതാ.  

ഞാന്‍ പായും, പനമ്പും, കുട്ടയും  നെയ്യുന്ന  പറയാനാണമ്മേ. പാക്കനാര്‍  ഇതൊക്കെ തന്നെ എന്റെ ഉപഹാരം.  കവിയും, സഞ്ചാരിയും, ഗായകനുമായ പാണനാരാണ്   ഞാന്‍,  എന്റെ ഉടുക്ക്  അമ്മയുടെ പാദങ്ങളില്‍ അര്‍പ്പിക്കുന്നു.

ഈ മഹാസമാഗമം ദൂരെ നിന്നു വീക്ഷിച്ച ചെറുപ്പക്കാരനെ പെട്ടെന്നാണ്  പഞ്ചമി ശ്രദ്ധിച്ചത് . വരരുചി  ചെറുപ്രായത്തില്‍ ഇരുന്നതുപോലെ തന്നെ. പതിനൊന്നാമത്തെ മകനെ അരികിലേക്ക്  വിളിച്ചപ്പോള്‍  അയാള്‍ പറഞ്ഞു, ഞാന്‍, ഞാനൊരു ഭ്രാന്തനാണമ്മേ, നാറാണത്തു ഭ്രാന്തന്‍. എന്റെ കയ്യില്‍ അമ്മക്കു തരാനായി  ഭ്രാന്തല്ലാതെ  മറ്റൊന്നുമില്ല.  അമ്മയുടെ  മാറില്‍ വീണ്  വിങ്ങി പൊട്ടിക്കരയുന്ന  മകനെ കണ്ടപ്പോള്‍ വരരുചിയും  ഓടി  അടുത്തുവന്നു. നിന്റെ ഭ്രാന്ത്   ഞാനാണ്  മോനെ. എല്ലാം അച്ഛന്റെ  ഭ്രാന്തിന്റെ ഫലങ്ങളാണ് .  എത്രയെത്ര   മനുഷ്യജന്മങ്ങള്‍ക്കാണ്   വിധിയുമായുള്ള  പോരാട്ടമെന്ന പേരില്‍ ഞാന്‍  പെറ്റമ്മയുടെ  സ്‌നേഹം  നിഷേധിച്ചത്.  നോക്കൂ,  ഇപ്പോള്‍  തന്നെ , എല്ലാ മക്കള്‍ക്കും കാണേണ്ടതും,  ആശ്ലേഷിക്കേണ്ടതും, അമ്മയെ മാത്രം.   അച്ഛന്‍  അറിവ്  കൊണ്ട്  നേടാം  എന്നു  കരുതിയത്   അമ്മ സ്‌നേഹം കൊണ്ട്  നേടിയിരിക്കുന്നു.  വിധിയെ  തോല്പിക്കാനായി  ഞാന്‍ ചെയ്ത പരീക്ഷണങ്ങളെല്ലാം വൃഥാവിലായി.

തന്റെ എല്ലാ മക്കളെയും ചേര്‍ത്തുപിടിച്ച്   പശ്ചാത്താപത്തിന്റെയും, പരിശുദ്ധസ്‌നേഹത്തിന്റെയും   ഉറവവറ്റാത്ത  കണ്ണുനീര്‍ പഞ്ചമിയില്‍ നിന്നും  പ്രവഹിച്ചപ്പോള്‍,  മാതൃസ്‌നേഹത്തിന്റെ   നിലക്കാത്ത  അമൃതധാരയായി അത് മാറി. എല്ലാ  മക്കളേയും  ഒരുമിച്ചു  കാണാന്‍  സാധിച്ചു എന്നത്,  അനുനിമിഷം അവരെകുറിച്ചോര്‍ത്തു  നീറി നീറി  കൊണ്ടിരുന്ന ആ അമ്മക്ക് ലഭിച്ച ഏറ്റവും വലിയ  അനുഗ്രഹമായി  മാറി.  പെറ്റതല്ലെങ്കിലും,  തന്റെ മക്കള്‍ പതിനൊന്ന്  പേരെയും  പോറ്റി വളര്‍ത്തി  സമൂഹത്തിനുപകരിക്കുന്ന  വ്യക്തികളാക്കി  മാറ്റിയ  അമ്മമാരെയെല്ലാം  പഞ്ചമി  മനസ്സാല്‍  നമിച്ചു.

പറയി പെറ്റ  പന്തിരു കുലത്തിലെ  സന്തതി  പരമ്പരകളാണ്  കേരളീയര്‍ എന്നാണ്  ഐതീഹ്യം.  ജ്ഞാന സമ്പാദനത്തിനായി  വരരുചി  ദേശാടനം നടത്തി എങ്കില്‍  ധന സമ്പാദനത്തിനായി  അദ്ദേഹത്തിന്റെ പിന്‍തലമുറ   ഇപ്പോള്‍  ദേശാടനം നടത്തുന്നു.  വരരുചി  ലക്ഷ്യത്തിനു  വിഘാതമാവും  എന്നു കരുതി ,  അന്ന്  മക്കളെ ഉപേക്ഷിച്ചു   എങ്കില്‍ , പിന്‍തലമുറ  അവരുടെ  ലക്ഷ്യത്തിനു വിഘാതമാവും  എന്ന് കരുതി,  ഇന്ന്  മാതാപിതാക്കന്‍മാരെ   ഉപേക്ഷിക്കുന്നു. 

കുടുംബത്തിന്റെ  കെട്ടുറപ്പിനുവേണ്ടി ,  ഭര്‍ത്താവിന്റെയും,  കുട്ടികളുടെയും  എല്ലാ  തെറ്റുകുറ്റങ്ങളും സഹിച്ച്,  കാണപ്പെട്ട ദൈവമായി, ഭൂമിയില്‍ അവതരിച്ച്,   മനുഷ്യ രാശിയെ  മുന്നോട്ടു  നയിക്കുന്ന  എല്ലാ അമ്മമാര്‍ക്കും  ഹൃദയംഗമായ   മാതൃ  ദിന  ആശംസകള്‍.


കടപ്പാട് : ഇന്നലത്തെ  മഴ: എന്‍ മോഹനന്‍

വായ് കീറിയിട്ടുണ്ടെങ്കില്‍....മലയാളികളുടെ മാതാവിന്  പ്രണാമം (സന്തോഷ് പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക