Image

അമ്മ (മദേഴ്‌സ് ഡേ സ്‌പെഷല്‍: മീട്ടു റഹ്മത്ത് കലാം)

Published on 13 May, 2017
അമ്മ (മദേഴ്‌സ് ഡേ സ്‌പെഷല്‍: മീട്ടു റഹ്മത്ത് കലാം)
പരിചയമില്ലാത്ത സ്ഥലം ചുറ്റുക്കാണാനും കൂടുതല്‍ അറിയാനും പരിചയസമ്പന്നനായ ഗൈഡിനെ ആശ്രയിക്കുന്നതുപോലെയാണ് ജനിച്ചുവീഴുന്ന കുട്ടി അമ്മയില്‍ അഭയം കണ്ടെത്തുന്നത്. മനുഷ്യനെന്നല്ല, പക്ഷി-മൃഗാദികളും അങ്ങനെ തന്നെയാണ്. തന്റെ ചൂടുപറ്റി വിരിഞ്ഞ് പുറത്തേക്കു വരുന്ന പക്ഷിക്കുഞ്ഞിനെ തള്ളപക്ഷി കാണുമ്പോഴും ഗര്‍ഭധാരണം മുതല്‍ സശ്രദ്ധം കാത്തിരുന്ന് കയ്യില്‍ കിട്ടുന്ന പിഞ്ചോമനയെ അമ്മ നെഞ്ചോട് ചേര്‍ക്കുമ്പോഴും മാതൃത്വം എന്ന വികാരം ലവലേശം കുറയാതെ തുളുമ്പിനില്‍ക്കും.

മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച അമ്മമാരുടെ ദിനമായി കൊണ്ടാടുന്നതിനു പിന്നലൊരു ചരിത്രമുണ്ട്. ഏഷ്യ മൈനറില്‍ ദൈവങ്ങളുടെ മാതാവായ സൈബബെലയേയും ക്രോണസിന്റെ ഭാര്യയായ റിയയേയും ആരാധിച്ചുകൊണ്ട് മാതൃ ആരാധനയെന്ന ഉത്സവം നടത്തിവന്നിരുന്നു. ഇതിനെ പിന്‍പറ്റിയാണ് മാതൃദിനം എന്ന ആശയം ഉടലെടുത്തത്.

പ്രത്യേകമായ ഒരു ദിവസം മാത്രം ആദരിക്കപ്പെടേണ്ടവരല്ല അമ്മമാര്‍. കുഞ്ഞ് ജനിക്കുന്നതോടൊപ്പം ഒരമ്മയും ജനിക്കുകയാണ്. ഇടവേളകളും അവധി ദിവസങ്ങുമില്ലാതെ സ്വയം പ്രവര്‍ത്തനസജ്ജമാക്കി ജീവിതത്തെ ക്രമപ്പെടുത്തിയെടുക്കുമ്പോള്‍ ആരോടും പരാതിയോ പരിഭവമോ ഇല്ലെന്നു മാത്രമല്ല, തികഞ്ഞ ആത്മനിവൃതി കണ്ടെത്തുകയും ചെയ്യുന്നു. സ്വന്തം ജീവിതചര്യകള്‍, ചിട്ടകള്‍, ഭക്ഷണരീതികള്‍, കരിയര്‍, ശരീരവടിവ്, ഉറക്കം അങ്ങനെ എല്ലാം മറന്ന് കുഞ്ഞിലേക്ക് മാത്രമായി ഒതുങ്ങുന്ന അമ്മ, ഒരു പട്ടാളക്കാരനെപ്പോലെ 24 മണിക്കൂറും ജാഗരൂക ആയിരിക്കും. കുഞ്ഞിന്റെ കരച്ചിലിന്റേയും, മൂളലുകളുടേയും, ഞെരുക്കത്തിന്റേയും അര്‍ഥമറിഞ്ഞ് അതുവരെ ഉണ്ടായിരുന്ന അറപ്പുകള്‍ മാറ്റിവെച്ച് ഒരു നഴ്‌സിനേക്കാള്‍ ഭംഗിയായി പരിചരിക്കാന്‍ അവള്‍ പ്രാപ്തയാകുന്നു.

വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അമ്മ തന്നെയാണ് താങ്ങും തണലും സുഹൃത്തും വഴികാട്ടിയും. വീഴുമ്പോള്‍ കരയുന്നതുപോലും "അമ്മേ...' എന്നു വിളിച്ചാണ്. അതൊരിക്കലും അച്ഛനോടുള്ള സ്‌നേഹക്കുറവുകൊണ്ടല്ല. വിഷമതകളില്‍ ആശ്രയിക്കാന്‍ അമ്മയോളം മറ്റൊന്നില്ലെന്നു ഉള്ളിലെവിടെയോ അനുഭവത്തിലൂടെ പതിഞ്ഞുപോയിട്ടുണ്ടാകാം.

മക്കള്‍ വലുതായി എന്ന് ഒരിക്കലും അമ്മമാര്‍ക്ക് തോന്നില്ല. സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരായാലും ശീലത്തിന്റെ ഭാഗമായി മാറിയതുകൊണ്ട്, നിഴല്‍പോലെ മക്കളെ പിന്‍തുടരാന്‍ മനസ്സ് പ്രേരിതമാകാം. സ്വന്തമായി കുടുംബജീവിതം തുടങ്ങിയ മക്കളേടും കുഞ്ഞിലേയുള്ള രീതിയില്‍ അമ്മ പെരുമാറി എന്നു വരാം. അതൊരിക്കലും തെറ്റല്ല. അമിതമായ കരുതല്‍ അത്തരം മാനസീകാവസ്ഥയില്‍ കൊണ്ടെത്തിക്കുന്നതാണ്.

ജീവിതത്തിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍ മുന്നിലേക്കും പിന്നിലേക്കും സമദൂരം പാലിക്കാന്‍ കഴിയണം. എത്രതന്നെ പ്രതിസന്ധികള്‍ വന്നാലും മക്കളെ അനാഥാലയത്തില്‍ ചേര്‍ക്കാന്‍ മനസ്സുവരാത്തതുപോലെ മാതാപിക്കളെ വൃദ്ധസദനങ്ങളില്‍ ചേര്‍ക്കുന്ന കാര്യവും ചിന്തിക്കാന്‍ കഴിയാത്ത തരത്തില്‍ മനസ്സിനെ സ്ഫുടം ചെയ്യണം.

ലക്ഷ്വറി റിട്ടയര്‍മെന്റ് ഹോം എന്നു പറയുമ്പോഴും എത്രതന്നെ സൗകര്യങ്ങള്‍ ഒരുക്കിയാലും സ്വന്തം വീട്, അയല്‍വാസികള്‍, ബന്ധുക്കള്‍, കൂട്ടുകാര്‍ അങ്ങനെ പലതും വേണ്ടെന്നു വച്ചാണ് മക്കളുടെ സൗകര്യത്തിനുവേണ്ടി പ്രായമായ അച്ഛനമ്മമാര്‍ അവരുടെ ലോകം ചുരുക്കുന്നത്. ലക്ഷ്വറി എന്ന വാക്കിന് അവരെ സംതൃപ്തരാക്കാന്‍ കഴിയില്ല.

പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ പീഡനത്തിന് ഇരയാകുന്ന കാലമാണിത്. വൃദ്ധസദനങ്ങളില്‍ അന്തിനും അറുപതിനും ഇടയില്‍ പ്രായമുള്ള അമ്മാര്‍ക്ക് ഉറക്കഗുളിക നല്‍കി മയക്കി കിടത്തി പീഡിപ്പിച്ചതുപോലുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ കേരളത്തില്‍ നടന്നതാണ്. ഗര്‍ഭപാത്രത്തിനുള്ളില്‍ കഴിയുമ്പോള്‍ മുതല്‍ കുഞ്ഞിന്റെ സുരക്ഷയ്ക്ക് വേണ്ടി ഊണും ഉറക്കവും ഒഴിഞ്ഞ് ജീവിതം ഹോമിച്ച അമ്മമാരുടെ സുരക്ഷിതത്വം മക്കളുടെ ഉത്തരവാദിത്വമല്ലേ?

വിദേശത്തുള്ള മക്കള്‍ ജോലിത്തിരക്കിന്റെ പേരു പറഞ്ഞ് അമ്മയെ കാണാന്‍ കൂട്ടാക്കാതെ നിശ്ചിത തുക മുറതെറ്റിക്കാതെ എത്തിക്കുമ്പോള്‍ ഒന്നോര്‍ക്കണം- തിരക്കുകള്‍ അമ്മയ്ക്കും ഉണ്ടായിരുന്ന കാലം. മക്കളെ വളര്‍ത്താന്‍ ഏതു തിരക്കും മാറ്റിവെയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. അക്കൗണ്ടില്‍ പണമിട്ട്, എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് വളര്‍ന്നുവന്നവരല്ല നമ്മളാരും. മാതാപിതാക്കളുടെ സ്‌നേഹത്തിന്റേയും സമര്‍പ്പണത്തിന്റേയും അലിഖിതമായ ഭൂതകാലം നമ്മിലുണ്ട്. അതിന്റെ പത്തിലൊന്ന് നല്‍കിയാല്‍ പോലും അവരുടെ മനസ്സ് നിറയും.

പ്രായമായവരും പിഞ്ചു കുഞ്ഞുങ്ങളും തമ്മില്‍ ഏറെ സാമ്യമുണ്ട്. അവരെ തൃപ്തരാക്കാന്‍ പണമല്ല ആവശ്യം. സ്‌നേഹവും സാമീപ്യവുമാണ്. ഏതു തിരക്കിലായാലും മക്കള്‍ക്കുവേണ്ടി മാറ്റിവെയ്ക്കുന്നതില്‍ നിന്ന് അല്‍പസമയം അച്ഛനും അമ്മയ്ക്കും നല്‍കണം. ഈ ചക്രം കറങ്ങിത്തിരിഞ്ഞ് എത്തുമ്പോള്‍ നമ്മുടെ മക്കള്‍ നമ്മളോട് എങ്ങനെ പെരുമാറണം എന്നതിന് സ്വയം ഒരു ഉദാഹരണം ആകുകയാണ് വേണ്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക